കോന്നി: പൈനാമണ്‍, കുപ്പക്കര പ്രദേശങ്ങളില്‍ പുലികളെ കണ്ടതായി നാട്ടുകാര്‍. ബുധനാഴ്ച രാത്രി ഒന്‍പതിനും വ്യാഴാഴ്ച പുലര്‍ച്ചെയും കുപ്പക്കര വട്ടമണ്‍ പ്രദേശത്ത് പുലി ഇറങ്ങിയതായാണു നാട്ടുകാര്‍ വനം അധികൃതരെ അറിയിച്ചത്. പ്രദേശവാസികളില്‍ ചിലരും വാഹനയാത്രക്കാരുമാണ് പുലിയെ കണ്ടതായി പറയുന്നത്. ബുധനാഴ്ച രാത്രി ഇതുവഴി ഓട്ടോറിക്ഷയില്‍ പോയവരാണ് ആദ്യം പുലിസാന്നിധ്യം വനപാലകരെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ പാലുമായി പോയ ചിലരും റോഡ് മുറിച്ച് പുലി പോകുന്നതായി പറയുന്നു. ഏതാനും ദിവസം മുമ്പും പൈനാമണില് പുലി ഇറങ്ങിയതായുള്ള പ്രചാരണത്തെത്തുടര്‍ന്നു വനം അധികൃതര്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്െടത്താനായില്ല. പൈനാമണിനു സമീപം അതുമ്പുംകുളം പ്രദേശത്തെ ജനവാസകേന്ദ്രത്തില്‍ ഇന്നു രാവിലെ ഇറങ്ങിയ ആനക്കൂട്ടം ഏറെ ഭീതിപരത്തി. ഇവിടെയുള്ള കൃഷിയിടങ്ങള്‍ക്കും നാശംവിതച്ച ആനക്കൂട്ടം നാട്ടുകാര്‍ ബഹളംവച്ചതോടെ കാട്ടിലേക്കു പോവുകയായിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ പുലിയുടയും ആനയുടെയും സാന്നിധ്യമുണ്ടായതറിഞ്ഞ് വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാലമായതിനാല്‍ ഇരുളടഞ്ഞ വഴികളിലൂടെ ഒറ്റയ്ക്കു നടക്കരുതെന്നും നാട്ടുകാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പുലിയെ കണ്ടതായി പറയുന്ന പ്രദേശത്ത് വനം അധികൃതര്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ ഇവിടെ പുലിക്കു കെണിവയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.