വാഷിംഗ്ടണ്‍: താലിബാനുമായുള്ള ചര്‍ച്ച തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഖത്തറില്‍ ഈയാഴ്ച യുഎസ്-താലിബാന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന വാര്‍ത്തകളോടും പ്രതികരിക്കുകയായിരുന്നു യുഎസ്. ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്ത കൃത്യമല്ലെന്ന് യുഎസ് വക്താവ് ജെന്‍ സാകി മാധ്യമങ്ങളെ അറിയിച്ചു. ചര്‍ച്ചയുടെ സ്ഥലമോ സമയമോ ഒന്നും വാഷിംഗ്ടണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നും സാകി പറഞ്ഞു. വെള്ളിയാഴ്ച ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ യുഎസ്- താലിബാന്‍ ചര്‍ച്ചകള്‍ നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദോഹയില്‍ താലിബാന്‍ ഓഫീസ് തുറക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം സമാധാന ചര്‍ച്ചകള്‍ പൂര്‍ണമായി അഫ്ഗാന്റെ നേതൃത്വത്തില്‍ വേണമെന്നും അല്ലാത്തപക്ഷം, ചര്‍ച്ചകള്‍ ബഹിഷ്കരിക്കുമെന്നും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി വ്യക്തമാക്കിയിരുന്നു.