ഹൂസ്റ്റണ്‍ : ജൂണ്‍ 18 ചൊവ്വാഴ്ച രാവിലെ
നെടുമ്പാശേരിയില്‍ നിന്നുളള എമിറേറ്റ്‌സ് വിമാനത്തില്‍ യാത്രാ രേഖകള്‍
പരിശോധിച്ചതിനുശേഷം ദുബായ് വഴി ഹൂസ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു
ദമ്പതിമാരായ സഖറിയ പീറ്ററും, ആലീസ് പീറ്ററും. ഹൂസ്റ്റണില്‍ താമസിക്കുന്ന
മകള്‍ ക്രിസ്റ്റിയേയും ഭര്‍ത്താവ് മാര്‍ട്ടിനേയും കൊച്ചുമക്കളേയും
കാണുന്നതിനുളള അവസരമാണ് ദുബായ് വിമാന താവളത്തില്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടത്.
ദുബായില്‍ എത്തിയതിനുശേഷം ഹൂസ്റ്റണിലേക്കുളള എമിറേറ്റ്‌സ് വിമാനത്തില്‍
കയറുന്നതിന് വിസയും പാസ്‌പോര്‍ട്ടും ബാഗില്‍ തിരക്കിയപ്പോഴാണ് രണ്ടു
പേരുടേയും യാത്രാ രേഖകള്‍ മുഴുവനും നഷ്ടപ്പെട്ട വിവരം മനസ്സിലായത്.ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന ദമ്പതിമാര്‍ക്ക് അടുത്ത മണിക്കൂറുകള്‍ ദുരിത
പൂര്‍ണ്ണമായിരുന്നു. നല്ല ശമര്യക്കാരന്റെ രൂപത്തില്‍ അവിടെയെത്തിയ മാത്യു
എന്ന എമറേറ്റ്‌സ് ജീവനക്കാരനാണ് ആവശ്യമായ സഹായം ചെയ്തു കൊടുത്തത്.
കേരളത്തിലുളള മകനെ ബന്ധപ്പെട്ടാണ് ഇരുവരുടേയും പാസ്‌പോര്‍ട്ട് നമ്പറുകള്‍
ലഭ്യമായത്. തുടര്‍ന്ന് അധികൃതര്‍ അതേ വിമാനത്തില്‍ തന്നെ കേരളത്തിലേക്ക്
ഇരുവരേയും തിരിച്ചയച്ചു. മലയാളിയായ മാത്യുവിന്റെ സഹകരണം
പ്രശംസനീയമായിരുന്നുവെങ്കിലും, എമിറേറ്റ്‌സ് അധികൃതരില്‍ നിന്നും ഉണ്ടായ പല
നടപടികളും വേദനാജനകമായിരുന്നുവെന്ന് ഹൂസ്റ്റണിലുളള മകന്‍ മാര്‍ട്ടിന്‍
പറഞ്ഞു. പിതാവിന്റെ തോളില്‍ തൂക്കിയിരുന്ന സഞ്ചിയില്‍ നിന്നും രേഖകള്‍
നഷ്ടപ്പെട്ട വിവരം ദുബായ് വിമാനത്തില്‍ നിന്നും പുറത്തിറങ്ങയതിനുശേഷമാണ്
അധികൃതരെ അറിയിച്ചതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
അമേരിക്കയിലേക്കു പുറപ്പെട്ട പ്രായമായ മാതാപിതാക്കളുടെ യാത്രാ രേഖകള്‍
ഇതിനും മുമ്പും നഷ്ടപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷ വശമില്ലാത്തവരും പ്രായമായവരും തനിയെ യാത്ര ചെയ്യുമ്പോള്‍
യാത്രരേഖകള്‍ അടങ്ങിയ ബാഗ് വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാരെ ഏല്പിക്കുകയോ,
നഷ്ടപ്പെടാതിരിക്കുന്നതിന് അതീവ ജാഗ്രത പുലര്‍ത്തുകയോ ചെയ്യണമെന്ന ഒരു
പാഠമാണ് ഈ സംഭവം ചൂണ്ടികാണിക്കുന്നത്.
നഷ്ടപ്പെട്ട യാത്ര രേഖകള്‍ തിരിച്ചു കിട്ടുന്നതിനുളള നടപടികള്‍
സ്വീകരിക്കണമെന്നും, വിമാനത്തില്‍ വെച്ച് ബാഗില്‍ നിന്ന് രേഖകള്‍
നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം എയര്‍ലൈന്‍സ് അധികൃതര്‍ ഏറ്റെടുത്ത്
മാതാപിതാക്കള്‍ക്ക് സംഭവിച്ച മാനസികവും സാമ്പത്തികവുമായ നഷ്ടത്തിന്
പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു. എമിറേറ്റ്‌സ് അധികൃതര്‍ക്കു പരാതി
അയച്ചിട്ടുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാര്‍ട്ടിന്‍(ഹൂസ്റ്റണ്‍ ) - 281-777-9480