ആകമാന സുറിയാനിസഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഇരുപത്തിയെട്ടാമത്
യൂത്ത് & ഫാമിലി കോണ്‍ഫറന്‍സും, വാര്‍ഷിക പള്ളി പ്രതിപുരുഷയോഗവും ഡാളസ്സില്‍
അരങ്ങേറുവാന്‍ ഇനി ഏതാനും ആഴ്‌ചകള്‍ മാത്രം. ജൂലൈ 18 മുതല്‍ 21 വരെ ഡാളസ്സിലെ
ക്രൗണ്‍ പ്ലാസാ ഹോട്ടല്‍ സമുച്ചയത്തില്‍ നടത്തപ്പെടുന്ന കുടുംബമേളയ്‌ക്കും പള്ളി
പ്രതിപുരുഷയോഗത്തിനുമായുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍
പൂര്‍ത്തിയായിക്കൊണ്ടിരിക്കുയാണ്.
വളരെ പ്രാധാന്യതയേറിയ ഈ വര്‍ഷത്തെ
കുടുംബമേളയുടെ വിജയത്തിനായി അതിഭദ്രാസന സെക്രട്ടറി വെരി.റവ.ഏബ്രഹാം കടവില്‍
കോറെപ്പിസ്‌ക്കോപ്പാ, ജോയിന്റ് സെക്രട്ടറി റവ. ഫാ.പോള്‍ തോട്ടക്കാട്ട്, ഭദ്രാസന
ജോയിന്റ് ട്രഷറാര്‍ ശ്രീ. സാജു പൗലോസ് മാറോത്ത് എന്നിവര്‍ ജനറല്‍
കണ്‌വീനറന്മാരായും മറ്റു ഭദ്രാസന കൗണ്‍സിലംഗങ്ങള്‍ വിവിധ ഭാരവാഹികളായുമുള്ള
അതിബൃഹത്തായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
പരിശുദ്ധ പാത്രിയര്‍ക്കീസ്
മോറാന്‍ മോര്‍ ഇഗാത്തിയോസ് സാഖാ ബാവാ പരമരക്ഷാധികാരിയായും, അതിഭദ്രാസനത്തിന്റെ
ആര്‍ച്ചുബിഷപ്പ് മോര്‍ തീത്തോസ് യല്‍ദോ തിരുമേനി രക്ഷാധികാരിയായും നടത്തപ്പെടുന്ന
ഈ വര്‍ഷത്തെ കുടുംബമേളയില്‍ മുഖ്യ അതിഥിയായി മലങ്കരയില്‍ നിന്നും ശ്രേഷ്‌ഠ
കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സംബന്ധിക്കുന്നതാണ്.
മറ്റ് അതിഥികളായി, പരിശുദ്ധ പാത്രിയര്‍ക്കീസിന്റെ പ്രത്യേക പ്രതിനിധി അബൂന്‍ മോര്‍
തീമോത്തിയോസ് മാത്യൂസ്, ക്‌നാനായ അതിഭദ്രാസനാധിപന്‍ അബൂന്‍ മോര്‍ സില്‌വാനോസ്
ആയൂബ് എന്നീ അഭിവന്ദ്യ പിതാക്കന്മാരും അനേക വൈദികശ്രേഷ്‌ഠരും സമ്മേളനത്തില്‍
പങ്കെടുക്കും.
അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 2013 ലെ പള്ളി പ്രതിപുരുഷയോഗം
ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടത്തപ്പെടുകയാണ്. കോണ്‍ഫറന്‍സിന്റെ
ആദ്യദിനമായ 2013 ജൂലൈ 18-ന് വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒന്നര മണിയ്‌ക്ക് പള്ളി
പ്രതിപുരുഷയോഗത്തിന്റെ പ്രാരംഭ നടപടിയായി റോള്‍കോള്‍ ആരംഭിയ്‌ക്കും.
അതിഭദ്രാസനത്തില്‍പ്പെട്ട എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ തക്ക
സമയത്ത് എത്തിച്ചേരത്തക്ക വിധം അറിയിപ്പ് മുന്നോടിയായി അയച്ചിട്ടുണ്ട്. ഈ
വര്‍ഷത്തെ പ്രതിപുരുഷയോഗം അടുത്ത രണ്ടു വര്‍ഷത്തേയ്‌ക്കുള്ള ഭദ്രാസനകൗണ്‍സിലിനെ
തെരഞ്ഞെടുക്കുന്നതാണു.
`ന്യായം പ്രവര്‍ത്തിക്കുക, ദയ കാണിക്കുക,
ദൈവസന്നിധിയില്‍ താഴ്‌മയോടെ നടകൊള്ളുക' എന്ന മീഖാപ്രവചനത്തിലെ ദൂത്
ആപ്‌തവിഷയമാക്കി നടത്തപ്പെടുന്ന ഭദ്രാസന കോണ്‍ഫറന്‍സില്‍ പ്രസിദ്ധ സുവിശേഷ വാഗ്മി
റവ.ഫാ.തോമസ് പള്ളിയമ്പില്‍ മുഖ്യ പ്രാസംഗികനായിരിക്കും. അന്ത്യോഖ്യന്‍
ഓര്‍ത്തഡോക്‌സ് സഭയുടെ റവ.ഫാ.ജോസഫ് ഹണിക്കട്ട് യുവജനങ്ങളുടെ വിവിധ
സെഷനുകള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണ്. വൈദിക സമിതി, സണ്ടേസ്‌ക്കൂള്‍, സെന്റ്
മേരീസ് വിമന്‍സ് ലീഗ്, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ്, അന്ത്യോഖ്യാ
വിശ്വാസ സംരക്ഷണ സമിതി, യൂത്ത് അസ്സോസിയേഷന്‍ തുടങ്ങി എല്ലാ ഭദ്രാസന
ഭക്തസംഘടനകളുടേയും വിവിധ പരിപാടികള്‍, പഠന ക്ലാസുകള്‍ എന്നിവയെക്കൂടാതെ കായിക
മത്സരങ്ങള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, വിശ്വാസ പുന:പ്രഖ്യാപന റാലി തുടങ്ങി എല്ലാ
പ്രായപരിധിയിലും, വിവിധ തുറയിലുമുള്‍പ്പെട്ടവര്‍ക്ക് അസ്വാദ്യമാകുംവിധം
നിറമാര്‍ന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ ഫാമിലി & യൂത്ത്
കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബമേളയില്‍ സംബന്ധിക്കുവാന്‍ ഇനിയും
രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്റ്റ്രേഷനുള്ള അന്തിമ
അവസരമാണിപ്പോള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
www.malankara.com
അമേരിക്കന്‍ അതിഭദ്രാസന വാര്‍ത്തകള്‍ക്കും, തല്‍സമയ
പ്രക്ഷേപണങ്ങള്‍ക്കും സന്ദര്‍ശിക്കുക: www.malankaradigest.com &
www.malankara.tv
അതിഭദ്രാസനത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍,
ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍ അറിയിച്ചതാണിത്.