Image

വിവരം ചോര്‍ത്തല്‍: തടയാനായത് അമ്പതോളം ആക്രമണപദ്ധതികള്‍; ഗര്‍ഭഛിദ്രത്തിനെതിരെ കര്‍ശന നിയമം ജനപ്രതിനിധിസഭ പാസാക്കി

Published on 19 June, 2013
വിവരം ചോര്‍ത്തല്‍: തടയാനായത് അമ്പതോളം ആക്രമണപദ്ധതികള്‍; ഗര്‍ഭഛിദ്രത്തിനെതിരെ കര്‍ശന നിയമം ജനപ്രതിനിധിസഭ പാസാക്കി
വാഷിംഗ്ടണ്‍: പൗരന്‍മാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ 2001നുശേഷം രാജ്യത്തെ അമ്പതോളം ആക്രമണപദ്ധതികള്‍ക്ക് തടയിടാനായെന്ന് ഇലക്‌ട്രോണിക് ചാരസംഘടന തലവന്‍ കീത്ത് അലക്‌സാണ്ടര്‍ കോണ്‍ഗ്രസിന് മുമ്പാകെ വിശദീകരിച്ചു. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമിക്കാനുള്ള പദ്ധതിയും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. എഡ്വേര്‍ഡ് സ്‌നോഡന്‍ സര്‍ക്കാരിന്റെ വിവരം ചോര്‍ത്തല്‍ പദ്ധതി പുറത്തുവിട്ടശേഷം ഇത് രണ്ടാം തവണയാണ് അലക്‌സാണ്ടര്‍ കോണ്‍ഗ്രസിന് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കുന്നത്. വിവരം ചോര്‍ത്തല്‍ പദ്ധതിയിലൂടെ ലഭിച്ച ഒരു സൂചനയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സ്റ്റോക് എക്‌സ്‌ചേഞ്ച് ആക്രമിക്കാനുള്ള പദ്ധതി തകര്‍ക്കാനും കന്‍സാസസ് സിറ്റിയില്‍ നിന്ന് ഖാലിദ് ഖുസാനിയെന്ന തീവ്രവാദിയെ അറസ്റ്റു ചെയ്യാനും സഹായിച്ചതെന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ സീന്‍ ജോയ്‌സ് വ്യക്തമാക്കി. 2009ല്‍ ന്യൂയോര്‍ക്ക് സബ്‌വേ ആക്രമണ പദ്ധതി കണ്ടെത്താന്‍ സഹായിച്ചതും വിവരം ചോര്‍ത്തിയതിലൂടെയായിരുന്നുവെന്നും വിവരം ചോര്‍ത്തിയതിലൂടെ യുഎസിന്റെ മാത്രമല്ല യുഎസിന്റെ സഖ്യരാഷ്ട്രങ്ങളെ ആക്രമിക്കാനുള്ള പദ്ധതികളും തകര്‍ക്കാനായെന്നും ജോയ്‌സ് പറഞ്ഞു. 2010ല്‍ ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയും ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടവയില്‍പെടുന്നുവെന്നും ജോയ്‌സ് വ്യക്തമാക്കി. എന്നാല്‍ മറ്റ് ഏത് ആക്രമണ പദ്ധികളൊക്കെയാണ് തകര്‍ത്തതെന്നും എങ്ങനെയാണ് പരാജയപ്പെടുത്തിയതെന്നും വ്യക്തമാക്കാനാവില്ലെന്നും ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഭാവിയില്‍ നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെയും അന്വേഷണങ്ങളെയും ഇത് ബാധിക്കുമെന്നും ഏറെ വിവാദങ്ങളുയര്‍ത്തിയെങ്കിലും പദ്ധതി വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭഛിദ്രത്തിനെതിരെ കര്‍ശന നിയമം; ജനപ്രതിനിധിസഭ പാസാക്കി

വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രം നടത്തുന്നതിന് ശക്തമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ബില്ല് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധിസഭ പാസാക്കി. 196നെതിരെ 228 വോട്ടുകള്‍ക്കാള്‍ സഭ ബില്ല് പാസാക്കിയത്. ഗര്‍ഭിണികള്‍ക്ക് ആദ്യ 20 ആഴ്ചക്കുള്ളില്‍ മാത്രമെ ഗര്‍ഭഛിദ്രം അനുവദിക്കാവൂ എന്ന് ബില്ലില്‍ നിര്‍ദേശമുണ്ട്. അതേസമയം, ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്ല് പാസാവാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇത് നിയമമാവാനുള്ള സാധ്യത വിരളമാണ്. സെനറ്റില്‍ ബില്ല് വീറ്റോ ചെയ്യുമെന്ന് ഡമോക്രാറ്റിക്ക് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഗര്‍ഭിണികള്‍ക്ക് ആദ്യ 24 ആഴ്ചയ്ക്കുള്ളില്‍ വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്.

താലിബാനുമായി അമേരിക്ക നേരിട്ടു ചര്‍ച്ചയ്ക്ക്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് യുഎസും താലിബാനും അടുത്തയാഴ്ച നേരിട്ടു ചര്‍ച്ച നടത്തും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുല്ലാ ഉമറിന്റെയും യുഎസിന്റെയും പ്രതിനിധികള്‍ പങ്കെടുക്കും. ഇതിനായി താലിബാന്റെ രാഷ്ട്രീയ കാര്യാലയം ഇന്നലെ ദോഹയില്‍ തുറന്നു. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉന്നതതല സമാധാന സംഘവും ഖത്തറിനു പോകുന്നുണെ്ടന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഹമീദ് കര്‍സായി രണ്ടാംഘട്ട ചര്‍ച്ചകള്‍ അഫ്ഗാനിസ്ഥാനിലായിരിക്കുമെന്ന് അറിയിച്ചു. ഒരു വ്യാഴവട്ടക്കാലമായി അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരേ പോരാടുന്ന അമേരിക്ക മുമ്പ് മുന്നോട്ടുവച്ചിരുന്ന ഉപാധികളില്‍ പലതും ഉപേക്ഷിക്കാന്‍ തയാറായതോടെയാണു ചര്‍ച്ചയ്ക്കു വഴി തെളിഞ്ഞത്. അഫ്ഗാന്‍ ഭൂമി മറ്റു രാജ്യങ്ങള്‍ക്ക് എതിരേയുള്ള ഭീകരപ്രവര്‍ത്തനത്തിനു വേദിയാക്കുന്നതിനെ എതിര്‍ത്തുകൊണ്ടും അഫ്ഗാന്‍ സമാധാന പ്രക്രിയയെ പിന്തുണച്ചുകൊണ്ടും താലിബാന്‍ പ്രസ്താവന പുറപ്പെടുവിക്കുമെന്നു യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്‍ക്വയ്ദയെ തള്ളിപ്പറയുന്നതിന് താലിബാന്റെ മേല്‍ സമ്മര്‍ദം ചെലുത്തും. വനിതകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന അഫ്ഗാന്‍ ഭരണഘടന അംഗീകരിക്കാന്‍ താലിബാനെ പ്രേരിപ്പിക്കുമെന്നും യുഎസ് വ്യക്തമാക്കി. 

ശ്രീനിവാസന്‍ യുഎസ് കോടതി ജഡ്ജിയായി ചുമതലയേറ്റു 

വാഷിംഗ്ടണ്‍: യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ്(ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സര്‍ക്യൂട്ട്) ജഡ്ജിയായി ഇന്ത്യന്‍ വംശജന്‍ ശ്രീകാന്ത് ശ്രീനിവാസന്‍ ചുമതലയേറ്റു. 46 വയസുകാരനായ ശ്രീകാന്ത് ശ്രീനിവാസന്‍ ചണ്ഡീഗഢ് സ്വദേശിയാണ്. സുപ്രിംകോടതിക്കു ശേഷം അമേരിക്കയില്‍ രണ്ടാമത്തെ ഉന്നത നീതിപീഠമായ കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയാകുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. പ്രിന്‍സിപ്പല്‍ യു.എസ്. ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2012 ജൂണ്‍ 11നാണ് പ്രസിഡന്റ് ബരാക് ഒബാമ ജഡ്ജിയായി ശ്രീനിവാസനെ ആദ്യം നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ സെനറ്റ് ചേരാനാകാത്തതിനാല്‍ നാമനിര്‍ദേശം 2013 ജനുവരിയില്‍ പ്രസിഡന്റിന് തിരിച്ചയച്ചു. ജനുവരി മൂന്നിന് പ്രസിഡന്റ് ഒബാമ വീണ്ടും ശ്രീനിവാസനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. എതിരില്ലാതെ 97 വോട്ടുകള്‍ നല്‍കിയാണ് സെനറ്റ് ശ്രീനിവാസന്റെ നാമനിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

കെറിയുടെ പാക് സന്ദര്‍ശനം നീട്ടി

വാഷിംഗ്ടണ്‍: ഈ മാസാവസാനം പാക്കിസ്ഥാനില്‍ നടത്താനിരുന്ന സന്ദര്‍ശനം സിറിയന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മാറ്റിവച്ചു. അടുത്തമാസം ആദ്യ പകുതിയില്‍ അദ്ദേഹം പാക്കിസ്ഥാനിലെത്തിയേക്കുമെന്നു പാക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ എന്നിവ സംബന്ധിച്ച് കെറി പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നട ത്തും. പ്രധാനമന്ത്രി നവാസ് ഷെരീഫ് ചുമതലയേറ്റശേഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനായിരിക്കും കെറി. 

മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ ഹെയ്‌സ്റ്റിങ്‌സ് കാറപകടത്തില്‍ മരിച്ചു

ലൊസാഞ്ചല്‍സ്: അമേരിക്കയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ മൈക്കല്‍ ഹെയ്‌സ്റ്റിങ്‌സ്(33) കാറപകടത്തില്‍ മരിച്ചു. കാര്‍ മരത്തിലിടിച്ച് കത്തിയുണ്ടായ അപകടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇറാന്‍, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോളിംങ് സ്‌റ്റോണ്‍ എന്ന മാസികയില്‍ ഹെയ്‌സ്റ്റിങ്‌സ് എഴുതിയ ലേഖനങ്ങളെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കമാന്‍ഡര്‍ ജനറല്‍ സ്റ്റാന്‍ലി മക്ക്ക്രിസ്റ്റലിനെ ഒബാമ പുറത്താക്കിയിരുന്നു. റണ്‍ എവേ ജനറല്‍ എന്ന തലക്കെട്ടില്‍ റോളിംഗ് സ്‌റ്റോണ്‍ മാസികയില്‍ എഴുതിയ ലേഖന പരമ്പരയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ചെറുപ്പക്കാരെ സൈന്യത്തിലേയ്ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലേഖന പരമ്പരയില്‍, ജനറല്‍ സ്റ്റാന്‍ലി മക്ക്ക്രിസ്റ്റല്‍, ഒബാമയെപ്പറ്റിയും പ്രമുഖ നേതാക്കളെയും പറ്റി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഹെയ്‌സ്റ്റിങ്‌സ് ഉള്‍പ്പെടുത്തി. ഒടുവില്‍ ഒബാമ നേരിട്ട് ജനറലിനെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചു വിളിക്കുകയും പകരം മറ്റൊരാളെ നിയമിക്കുകയുമായിരുന്നു.

ഗ്വാണ്ടനാമോ പൂട്ടാന്‍ പ്രത്യേക പ്രതിനിധി

വാഷിംഗ്ടണ്‍: പ്രഗല്‍ഭ അഭിഭാഷകന്‍ ക്ലിഫ് സ്ലോന്‍, ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രത്യേക പ്രതിനിധിയായി നിയമിതനായി. ജൂലൈ ഒന്നിനു ചുമതലയേല്‍ക്കും. 166 പേരാണ് ഇപ്പോള്‍ ഗ്വാണ്ടനാമോയിലുള്ളത്. 2009 ജനുവരിയില്‍ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ ഈ തടവറ അടച്ചുപൂട്ടുമെന്ന് ഒബാമ ഉറപ്പു നല്‍കിയിരുന്നു. 
വിവരം ചോര്‍ത്തല്‍: തടയാനായത് അമ്പതോളം ആക്രമണപദ്ധതികള്‍; ഗര്‍ഭഛിദ്രത്തിനെതിരെ കര്‍ശന നിയമം ജനപ്രതിനിധിസഭ പാസാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക