എഡിന്‍ബര്‍ഗ്: ടെക്‌സസിലെ കോപ്പര്‍ക്രിസ്റ്റി രൂപതയിലെ തിരക്കേറിയ
ശുശ്രൂഷകള്‍ക്കിടിയിലും എഡിന്‍ബര്‍ഗിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ ആത്മീയ-ഭൗതീക
വളര്‍ച്ചയ്‌ക്ക് ശക്തിപകര്‍ന്ന ഡിവൈന്‍ മേഴ്‌സി ഇടവക വികാരി ഫാ. സിറിയക് ജോണ്‍
അമേരിക്കയിലെ ശുശ്രൂഷകള്‍ക്ക് വിരാമമിട്ട് കേരളത്തിലേക്ക് യാത്രയാകുന്നു.
എഡിന്‍ബര്‍ഗിലെ സീറോ മലബാര്‍ കൂട്ടായ്‌മയുടെ രൂപീകരണത്തിലും ഡിവൈന്‍ മേഴ്‌സി ഇടവക
യാഥാര്‍ത്ഥ്യമാക്കുന്നതിലും പ്രധാന പങ്കുവഹിച്ച വൈദീകനാണ് സിറിയക് ജോണ്‍.
ആറുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മടങ്ങിയ ഇദ്ദേഹത്തിനു പകരം ഇരിഞ്ഞാലക്കുട
രൂപതാംഗം ഫാ. റാഫേല്‍ അമ്പാടന്‍ ചുമതലയേറ്റു.
ആഴ്‌ചതോറുമുള്ള
പ്രാര്‍ത്ഥനാശുശ്രൂഷകളിലൂടെയായിരുന്നു അമേരിക്കയേയും മെക്‌സിക്കോയേയും അതിരിടുന്ന
റിയോ ഗ്രാന്റ് വാലിയില്‍ സ്ഥിതിചെയ്യുന്ന എഡിന്‍ബര്‍ഗിലെ സീറോ മലബാര്‍
സഭാംഗങ്ങളുടെ കൂട്ടായ്‌മയുടെ ആരംഭം. സീറോ മലബാര്‍ ആരാധന പ്രകാരമുള്ള കൂദാശാ
സ്വീകരണം എന്ന ആഗ്രഹമാണ് ഈ കൂട്ടായ്‌മയെ സീറോ മലബാര്‍ മിഷനാക്കി മാറ്റിയത്.
കോര്‍പ്പസ് ക്രിസ്റ്റി രൂപതയില്‍ സേവനത്തിനെത്തിയ ഫാ. സിറിയക്കിന്റെ
ആത്മീയ നേതൃത്വത്തില്‍ ആരംഭിച്ച ഡിവൈന്‍ മേഴ്‌സി ദേവാലയത്തെ 2007 ഏപ്രില്‍ 15-ന്
ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മിഷന്‍ കേന്ദ്രമാക്കി ഉയര്‍ത്തി.
ബ്രൗണ്‍സ്‌വില്‍ രൂപതയ്‌ക്കുകീഴിലെ ഹോളി സ്‌പിരിറ്റ് ചാപ്പലിലായിരുന്നു
ആദ്യകാലത്ത് ശുശ്രൂഷകള്‍. സ്വന്തം ദേവാലയം എന്ന സ്വപ്‌നത്തിനായി ഒരു സമൂഹം
മുഴുവന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഇന്നു കാണുന്ന ദേവാലയം. എഡിന്‍ബര്‍ഗ്
ദേവാലയത്തെ 2011 മെയ് 15-നാണ് ചിക്കാഗോ സീറോ മലബാര്‍ രൂപത ഇടവകയായി
ഉയര്‍ത്തിയത്.