വാഷിംഗ്ടണ്‍: പ്രമുഖ പത്രപ്രവര്ത്തകന് പി ശ്രീകുമാറിന്റെ യാത്രാവിവരണമായ `
അമേരിക്ക കാഴ്ചയ്ക്കപ്പുറം' എന്ന പുസ്തകത്തിന്റെ പ്രകാശനം അമേരിക്കയില്‍
നടക്കും. ജൂലൈ നാലിന് ഫ്ളോറിഡയില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ പ്രമുഖര്‍
പങ്കെടുക്കും. വാഷിംഗ്ടണിലെ വിവേകോദയം പബ്ലീഷിംഗ് ഹൗസാണ്
പ്രസാധകര്.
ഏഴാം കടലിനക്കരെയുള്ള കൗതുകങ്ങളും കാഴ്ചകളും പലരും
അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പി. ശ്രീകുമാറിന്റെ 'അമേരിക്ക : കാഴ്ചയ്ക്കപ്പുറം'
എന്ന ഗ്രന്ഥം പലതുകൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. . അമേരിക്കന്‍ വന്‍കരയിലെ വിവിധ
നഗരങ്ങളും പ്രാന്തങ്ങളും പലകുറി സഞ്ചരിച്ച അനുഭവം നന്നായി വരച്ചു
കാട്ടിയിട്ടുണ്ട്. ഒട്ടും ലോക പരിചയമില്ലാത്തവര്‍ക്കുപോലും ന്യൂയോര്‍ക്കും
ഹ്യൂസ്റ്റണും വാഷിംഗ്ടണും ഫ്ളോറിഡയും ലോസ് ആഞ്ചലസും ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ
വര്‍ണക്കാഴ്ചകളും വിസ്മയങ്ങളുമെല്ലാം കണ്മുന്നിലെത്തും
അമേരിക്കയുടെ
അധിനിവേശത്തിന്റെയും അതിക്രമങ്ങളുടെയുമെല്ലാം ചരിത്രം രസകരമായി നിരത്തിയിട്ടുണ്ട്.
അതോടൊപ്പം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ നഖചിത്രവും. അമേരിക്കയുടെ
കുതിപ്പും കിതപ്പുമെല്ലാം ഭംഗിയായി അവതരിപ്പിച്ചതോടൊപ്പം ഇന്ത്യക്കാരുടെ
അമേരിക്കന്‍ ജീവിതത്തിന്റെ സവിശേഷതകളും വ്യാകുലതകളും
വായിക്കാം.
സഞ്ചാരികളുടെ ദൃഷ്ടിയില് പതിയാത്ത വസ്തുതകളും കണ്ടെത്തി
പരിചയപ്പെടുത്താന്‍ ശ്രദ്ധിച്ചിരിക്കുന്നു. ശ്രീരാമന്റെയും ബ്രഹ്മാവിന്റെയും
വിഷ്ണുവിന്റെയും ശിവന്റെയുമെല്ലാം പേരിലറിയപ്പെടുന്ന സ്മാരകങ്ങളെക്കുറിച്ചുള്ള
വിവരണം പുതിയ അറിവായിരിക്കും.
ലോകത്തെ മുഴുവന്‍ മര്യാദ പഠിപ്പിക്കാന്‍ സ്വയം
തുനിഞ്ഞിറങ്ങുന്ന അമേരിക്കയുടെ സാംസ്കാരിക രംഗത്തെ ഉയര്‍ച്ചയും തകര്‍ച്ചയും ഈ
ഗ്രന്ഥത്തിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. കരുത്തില്‍ അമേരിക്ക
ഒന്നാമതെത്തിയതിന് പിന്നിലെ ചരിത്രവും ഹ്രസ്വമായെങ്കിലും
വിവരിച്ചിട്ടുണ്ട്.
അമേരിക്കയുടെ ആഭ്യന്തര യുദ്ധങ്ങളും വിപ്ലവങ്ങളും
വിപുലീകരണവും ശീതയുദ്ധവുമെല്ലാം ഇതിന്റെ താളുകള്‍ മറിക്കുമ്പോള്‍ കണ്ടെത്താനാകും.
അനുക്രമമായി അവരുടെ വളര്‍ച്ചയും എതിര്‍ത്തവരുടെയെല്ലാം തളര്‍ച്ചയും ഭംഗിയായി
അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് അമേരിക്കയില്‍
കഴിയുന്ന മലയാളികളുടെ ഐക്യവും അനൈക്യവുമെല്ലാം അവതരിപ്പിച്ചിട്ടുള്ളത്. അതീവ
സുരക്ഷാ സജ്ജീകരണങ്ങളുള്ള രാജ്യത്തുപോലും ജനങ്ങളനുഭവിക്കുന്ന സ്വാതന്ത്ര്യവും
ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സേവനവുമെല്ലാം നന്നായി
അവതരിപ്പിച്ചിരിക്കുന്നു.
യാത്രാവിവരണമെന്നതിലുപരി അമേരിക്കയുടെ അകവും
പുറവും കാഴ്ചയ്ക്കപ്പുറവും തൊട്ടറിയാന്‍ ഈ രചന സഹായിക്കുക തന്നെ ചെയ്യുമെന്ന്
പ്രസാധകരായ വിവേകോദയത്തിന്റെ ഡയറക്ടര്‍ രതീഷ് നായര്‍ പറഞ്ഞു.
സ്വാമി
വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികം ലോകംമുഴുവന്‍ ആഘോഷിക്കുമ്പോള്‍
വിവേകാനന്ദ സമാധിദിനവും അമേരിക്കന്‍ സ്വാതന്ത്ര്യ ദിനവുമായ ജുലൈ നാലിന് പുസ്തകം
പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി . ശ്രീകുമാര്‍ പറഞ്ഞു.