-->

EMALAYALEE SPECIAL

നമ്പാടനും കോസലനും: രണ്ട് സത്യസന്ധര്‍ കടന്നുപോയി (ഡി. ബാബുപോള്‍)

ഡി. ബാബുപോള്‍

Published

on

രണ്ട് സത്യസന്ധര്‍ കഴിഞ്ഞയാഴ്ച കടന്നുപോയി. ലോനപ്പന്‍ നമ്പാടനും കോസല രാമദാസും.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും സുതാര്യമായ വ്യക്തിത്വങ്ങളിലൊന്നിന്‍െറ ഉടമയായ നമ്പാടന്‍ മാസ്റ്റര്‍ ഇടതുപക്ഷത്തായത് മാണിയുടെ കാലുമാറ്റക്കളിയുടെ ഭാഗമായാണ്. കരുണാകരനെയും മാണിയെയും അവരുടെ പരിശീലനം വഴി കിട്ടിയ മെയ്വഴക്കംകൊണ്ട് മലര്‍ത്തിയടിച്ച് തന്‍െറ വ്യക്തിത്വത്തിന്‍െറ മറ്റൊരുമുഖം രാഷ്ട്രീയ കേരളത്തിന് കാട്ടിക്കൊടുക്കുകയും 1987ലെ മന്ത്രിസഭയില്‍ വീണ്ടും നായനാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തത് പില്‍ക്കാല ചരിത്രം.
നമ്പാടന്‍െറ കൂടെ പ്രവര്‍ത്തിച്ച കാലയളവ് എന്‍െറ സിവില്‍ സര്‍വീസ് ജീവിതത്തിന്‍െറ നന്മകള്‍ മാത്രം ഓര്‍ക്കാനായി ദൈവം തമ്പുരാന്‍ എനിക്ക് കനിഞ്ഞു നല്‍കിയതാണ്. ദൈവത്തിന്‍െറ വത്സലഭാജനവും തിരുസഭയുടെ വിശ്വസ്തഭക്തനും കുണ്ടുകുളം -പഴയാറ്റില്‍ തിരുമേനിമാരെയും നായനാരെയും ഒപ്പത്തിനൊപ്പം സ്നേഹിക്കാന്‍ പോന്ന കഴിവുറ്റ രാഷ്ട്രീയനേതാവുമായിരുന്ന നമ്പാടന്‍ ഒരു അദ്ഭുതംതന്നെയാണ്.
നമ്പാടനോടൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങുന്ന കാലത്ത് ഞാന്‍ സര്‍ക്കാറുദ്യോഗത്തില്‍ 18 സംവത്സരങ്ങള്‍ പിന്നിട്ടിരുന്നു. അതിനുമുമ്പ് അടുത്തിടപെട്ട മന്ത്രിമാരില്‍ ഇത്ര ‘ജൂനിയര്‍’ ആയ ഒരാള്‍ ഉണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന് ഒരു കത്തോലിക്കാനേതാവിനെ മാണിക്ക് സഹിക്കാനാകുമായിരുന്നില്ല.
നമ്പാടനു പകരം ഒ. ലൂക്കോസിനെ മന്ത്രിയാക്കിയാല്‍ പാലായും കടുത്തുരുത്തിയും തമ്മിലുള്ള ദൂരക്കുറവ് തനിക്ക് കെണിയാകുമെന്ന് തിരിച്ചറിഞ്ഞ ബുദ്ധിമാനായ മാണി രാവിലെ പാളയം പള്ളിയില്‍ വിശുദ്ധ കുര്‍ബാന അനുഭവിച്ച് മൂളിപ്പാട്ടും പാടി മുണ്ട് മാടിക്കുത്തി എം.എല്‍.എ ഹോസ്റ്റലിലേക്ക് അലസഗമനം നടത്തിയിരുന്ന നമ്പാടനോട് സത്യപ്രതിജ്ഞക്ക് സമയത്തിനു മുമ്പ് കൃത്യമായി എത്തണമെന്ന് പറഞ്ഞപ്പോള്‍ ‘ഓ, ഈ മാണിസാറിന്‍െറ ഒരു പെര്‍ഫക്ഷനിസം, ഞാന്‍ എം.എല്‍.എയല്ളേ! വരാതിരിക്കുമോ?’ എന്നായിരുന്നു നമ്പാടന്‍ പ്രതികരിച്ചത്. ‘ഹാ അതല്ല നമ്പാടാ, നിങ്ങളാണ് മന്ത്രി’ എന്ന് മാണി. ‘അയ്യോ, അതിന് പുതിയ ഷര്‍ട്ടൊന്നുമില്ലല്ളോ. ഈ മുഷിഞ്ഞുതുടങ്ങിയ ഷര്‍ട്ടുമായി...’ പുതിയത് വാങ്ങണമെന്ന് മാണി. കാശ് വീട്ടുകാരത്തിയുടെ കൈയിലാണെന്ന് നമ്പാടന്‍. പിന്നെ സ്കറിയാ തോമസ് മുതലാളി ഷര്‍ട്ട് വാങ്ങിച്ചുകൊടുത്തു. അങ്ങനെയാണ് നമ്പാടന്‍ മന്ത്രിയായത്.
നമ്പാടന്‍െറ വീട് ഒരു മഴക്കാലത്ത് ഇടിഞ്ഞുവീണു. ഇപ്പോള്‍ ലോണെടുത്ത് പുതിയ വീട് വെച്ചിട്ടുള്ളതായി അറിയാം. പഴയ നിയമവീടും പുതിയ നിയമവീടും ഞാന്‍ കണ്ടിട്ടില്ല. ഏതായാലും ആദ്യത്തേത് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്‍െറ കൂരയായിരുന്നു. അത് താഴെ വീണപ്പോള്‍ കേട് പോക്കി വീണ്ടും കെട്ടിപ്പൊക്കാന്‍ മാസ്റ്ററുടെ കൈവശം പണം ഉണ്ടായിരുന്നില്ല. നാട്ടിലെ പാര്‍ട്ടിക്കാരുടെ സഹായം വേണ്ടിവന്നു ഈ രാജ്യത്തെ ഒരുമന്ത്രിക്ക്... ഗതാഗത മന്ത്രിക്ക് കൈക്കൂലി വാങ്ങിക്കാന്‍ എളുപ്പമല്ല. കെ.എസ്.ആര്‍.ടി.സിയുടെ ഭരണ നേതൃത്വം മാടമ്പിക്ക് മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന കുടിയാനാണെങ്കില്‍ വാഴക്കുല വെട്ടാം എന്ന് ഞാന്‍ സമ്മതിക്കുന്നു. അതിന് ഏഡ് മൂത്ത് ഐ.ജി ആകുന്നവരെ കിട്ടണം. നമ്പാടന്‍െറ കാലത്ത് ഐ.എ.എസുകാരും ഐ.പി.എസുകാരും ആയിരുന്നു. അതുകൊണ്ട് ആ വഴി പണം കിട്ടുമായിരുന്നില്ല. ഞങ്ങളെ മാറ്റി നാല് ചക്രം ഉണ്ടാക്കിക്കളയാം എന്ന് ആ മാന്യദേഹം ഒരിക്കലും ചിന്തിച്ചതുമില്ല. മന്ത്രിയുടെ വകുപ്പിന്‍െറ ഒരു ചെറിയഭാഗം മോട്ടോര്‍ വെഹിക്ക്ള്‍സ് ആണ്. താഴെ മുതല്‍ കൈക്കൂലിയുള്ളതായി ആരോപിക്കപ്പെടുന്നതാണ് ആ വകുപ്പ്. എന്നാലും മന്ത്രിക്ക് കിട്ടാന്‍ പഴുതില്ല. പ്രത്യേകം തുരന്നുണ്ടാക്കിയില്ളെങ്കില്‍ വെറുതെയിരിക്കുന്ന ആര്‍.ടി.ഒയെ സസ്പെന്‍ഡ് ചെയ്തിട്ട് തിരികെ കയറ്റാന്‍ കൈക്കൂലി ചോദിക്കുന്ന മന്ത്രിമാരും ഉണ്ടായിട്ടുള്ള നാടായതുകൊണ്ട് വേണമെങ്കില്‍ നമ്പാടന് വേരില്‍നിന്ന് ചക്ക പറിക്കാമായിരുന്നു. നമ്പാടന്‍ അത് ചെയ്തില്ല. ജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച പദവി വിശുദ്ധിയോടെ കാത്തുസൂക്ഷിക്കണം എന്ന് നിര്‍ബന്ധമായി വിചാരിച്ചിരുന്ന നമ്പാടന്‍ ആ കാര്യത്തില്‍ ഒരു ശ്രേഷ്ഠ മാതൃകയാണ്.
രണ്ടാമത് നമ്പാടന്‍െറ സഭാവിശ്വാസം. സംഘടിത സഭയെയും ഹയരാര്‍ക്കിയെയുമൊക്കെ വിര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കുകയും പരിഹസിക്കേണ്ടിടത്ത് പരിഹസിക്കുകയും ചെയ്യുമെങ്കിലും തിരുസഭയുടെ വിശ്വാസം അക്ഷരംപ്രതി ജീവിതത്തില്‍ പാലിക്കുന്നയാളാണ് നമ്പാടന്‍. മന്ത്രിയായിരിക്കുമ്പോഴും നാട്ടിലെ പള്ളിപ്പെരുന്നാളിന് നേര്‍ച്ചയായി കുടപിടിച്ച് നടക്കുന്നത് അഭിമാനമായി കരുതിയിരുന്ന സത്യവിശ്വാസി. ഇടതുമുന്നണിയിലായാലും അരിവാള്‍ ചുറ്റിക അടയാളത്തിലായാലും കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് ജീവിതംകൊണ്ട് തെളിയിച്ചു മാസ്റ്റര്‍.
മാസ്റ്റര്‍ രണ്ടാംവട്ടം മന്ത്രിയായപ്പോഴും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. കോഴിക്കോട് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിനെതുടര്‍ന്ന് എന്നെ ഇ.ജ.മു ഒതുക്കിയപ്പോഴാണ് ഹൗസിങ് എന്ന ചെറിയ വകുപ്പില്‍ ഞാന്‍ ചെന്നുപെട്ടത്. അന്ന് ടി.കെ.ജി എന്ന ഒരു മാര്‍ക്സിസ്റ്റ് നേതാവായിരുന്നു പ്രൈവറ്റ് സെക്രട്ടറി. അദ്ദേഹം ഒരു ഇംഗ്ളീഷ് (?) പ്രഫസര്‍ ആയിരുന്നു. തികഞ്ഞ തറവാടി. ഞാനറിഞ്ഞിടത്തോളം സത്യസന്ധന്‍. ആരെയും തന്തക്ക് വിളിക്കാത്ത മാര്‍ക്സിസ്റ്റ്. നമ്പാടനും ടി.കെ.ജിയും റൊട്ടിയും ജാമും പോലെ ഒരു നല്ല കോമ്പിനേഷന്‍ ആയിരുന്നു. മാസ്റ്റര്‍ക്ക് സ്വതവെയുള്ള നര്‍മബോധവും ടി.കെ.ജിയുടെ വായനയും എന്‍െറ മനസ്സിലെ ആസ്വാദനക്ഷമതയും ഞങ്ങളുടെ സംഗമങ്ങളെ സാഹിത്യ സമ്പന്നവും നര്‍മ പുഷ്കലവുമാക്കി എന്ന് ഞാനോര്‍ക്കുന്നു.
നമ്പാടന്‍െറ നര്‍മബോധം പ്രസിദ്ധമാണ്. ഞങ്ങള്‍ ഒത്തിരുന്ന് ഫലിത ബിന്ദുക്കളുടെ മാലകള്‍ എത്രയോ കോര്‍ത്തിട്ടുണ്ട്.
വിനയമാണ് നമ്പാടനെ എന്നും അനുഗൃഹീതനാക്കിയിട്ടുള്ളത്. ഞാനെന്ന ഭാവം തീരെ ഇല്ല. എന്നുവെച്ച് പാരയുമായി ചെന്നാല്‍ കട്ടപ്പാര തിരിച്ച്വെക്കുകയും ചെയ്യും. അങ്ങനെയാണല്ളോ 1982ല്‍ കരുണാകരനെ വീഴ്ത്തിയത്. ഗോലിയാത്തിനെ വീഴ്ത്താന്‍ ദാവീദ് മതിയായിരുന്നു. കരുണാകരനെ ഒതുക്കാന്‍ നമ്പാടനും.
കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍മാര്‍ക്ക് ബോര്‍ഡ് തൂക്കാനുള്ള ശ്രമത്തില്‍ മാത്രമാണ് നമ്പാടന്‍ പരാജയപ്പെട്ടത്. രാഷ്ട്രീയത്തില്‍ സത്യസന്ധതയും നീതിബോധവും കൊണ്ടുനടക്കാന്‍ ക്ളേശിക്കേണ്ടതില്ല എന്ന് തന്‍െറ സംശുദ്ധമായ പൊതുജീവിതത്തിലൂടെ തെളിയിച്ചയാളാണ് നമ്പാടന്‍.
നമ്പാടനെപ്പോലെയുള്ളവരെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിക്ക് കഴിയണം എന്നത് ജനാധിപത്യത്തിന് നല്ല പദവി ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്.
കോസല രാമദാസുമായി ആദ്യം പരിചയപ്പെടുമ്പോള്‍ സഖാവ് മേയറും എം.എല്‍.എയും ആയിരുന്നു. 1967. ഞാന്‍ തിരുവനന്തപുരത്ത് സബ് കലക്ടര്‍. സി.പി.എമ്മില്‍നിന്ന് സഖാവ് മാറി. മേയര്‍ പദവിയും എം.എല്‍.എ സ്ഥാനവും ഒഴിഞ്ഞു. ആദര്‍ശം തലക്കുപിടിച്ചതാണ്. മാവോ സേതുങ് ആയിരുന്നു ആരാധനാമൂര്‍ത്തി.
എട്ടുപത്തുകൊല്ലം കഴിഞ്ഞാണ് പിന്നെ ഞങ്ങള്‍ തമ്മില്‍ കാണുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ യൂനിയന്‍ നേതാവായിരുന്നു കോസലന്‍. അംഗീകാരം ഇല്ലാത്ത യൂനിയന്‍. അതുകൊണ്ട് ചര്‍ച്ചകളിലൊന്നും പങ്കെടുക്കാനാവില്ല. ആദര്‍ശശാലികളുടെ ആവലാതികളുമായി എന്നെ വന്നുകാണും. അംഗീകാരം ഉള്ള വല്യേട്ടന്മാരുമായി പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നറിഞ്ഞാല്‍ അത് സംബന്ധിച്ച അഭിപ്രായങ്ങള്‍ എന്നെ അറിയിക്കും. അങ്ങനെയിരിക്കെ രണ്ട് സംഗതികള്‍ ഉണ്ടായി. ഒന്ന്, ഹിതപരിശോധന നടത്തി യൂനിയനുകളുടെ എണ്ണം കുറക്കാനുള്ള എന്‍െറ ശ്രമം പാളി. ആദരണീയനായ വരദരാജന്‍ നായര്‍ സാര്‍ ആയിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ (എന്നാണോര്‍മ). ഞാന്‍ മന്ത്രിയെ വശത്താക്കി. ബാലറ്റുപെട്ടികളൊക്കെ സംഘടിപ്പിച്ചു. അപ്പോള്‍ ഏകോപന സമിതി ഇടപെട്ടു. മുഖ്യമന്ത്രി (ആന്‍റണിയോ പി.കെ.വിയോ എന്ന് ഓര്‍ക്കുന്നില്ല) തന്നെ നേരിട്ട് വിളിച്ചു. ഹിതപരിശോധന വേണ്ട. രണ്ട്, സമാന്തരമായി കേരള കോണ്‍ഗ്രസിന്‍െറ ഒരു സംഘടനക്ക് അംഗീകാരം നല്‍കാന്‍ സമ്മര്‍ദം ഉണ്ടായി. സഭയുമായി ബന്ധമില്ളെങ്കിലും സി.എസ്.ഐ ഫെഡറേഷന്‍ എന്നായിരുന്നു പേര്. എന്‍െറ എതിര്‍പ്പ് വിലപ്പോയില്ല. മന്ത്രി രേഖാമൂലം എഴുതിത്തന്നു അംഗീകരിക്കണമെന്ന്. ഞാന്‍ കോസലനെ വിളിപ്പിച്ചു. ‘നിങ്ങളെയും അംഗീകരിക്കാന്‍ പോകുന്നു.’ സഖാവിന് വിശ്വസിക്കാനായില്ല. ‘മന്ത്രി സമ്മതിച്ചോ?’ സഖാവ് ‘എന്‍െറ തീരുമാനമാണ്’ ഞാന്‍. അന്ന് എനിക്ക് മുപ്പത്താറോ മുപ്പത്തിയേഴോ വയസ്സേ ഉള്ളൂ. വിവേകം വരുന്നത് 40 കഴിഞ്ഞാണല്ളോ! ഏതായാലും അങ്ങനെ വരദരാജന്‍ നായര്‍, കെ.സി. മാത്യു, എം.എം. ലോറന്‍സ്, ആര്‍. ബാലകൃഷ്ണപിള്ള, എ.സി. ജോസ്, കെ.സി. വാമദേവന്‍ എന്നീ അതികായര്‍ക്കൊപ്പം കോസലരാമദാസ് എന്ന അതികായനും പൊതുചര്‍ച്ചകളുടെ ഭാഗമായി. നേതാവ് അതികായനായാല്‍ അനുയായികളുടെ അംഗബലം അപ്രധാനമാവും. കെ.സി. മാത്യുവും കോസലനും ഒക്കെ ചര്‍ച്ചകളില്‍ തിളങ്ങുന്നത് അതുകൊണ്ടാണ്.
കോസലന്‍ എന്നെ മാവോയിസ്റ്റാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതോ ഒന്നുരണ്ട് യോഗങ്ങളില്‍ ഞാന്‍ പ്രസംഗിച്ചിട്ടുമുണ്ട്: മാവോയിസ്റ്റ് യോഗമല്ല, ഇന്ത്യാ -ചൈനാ സൗഹൃദസംഘം.
നോക്കിയും കണ്ടും നിന്നെങ്കില്‍ കോസലന് മന്ത്രി ആകാമായിരുന്നു. അദ്ദേഹത്തിന്‍െറ തത്ത്വദീക്ഷ അതിന് അനുവദിച്ചില്ല.
നമ്പാടനും കോസലനും തമ്മില്‍ ധ്രുവാന്തരം ഉണ്ട് ആശയത്തിലും മസ്തിഷ്ക സിദ്ധികളിലും. എന്നാല്‍, ഇരുവരെയും ഒന്നിപ്പിച്ച ഒന്നുണ്ട്: സത്യസന്ധതയും വ്യക്തിത്വത്തിന്‍െറ ആര്‍ജവവും. ഇരുവര്‍ക്കും സ്നേഹബഹുമാനങ്ങളോടെ ആത്മശാന്തി നേരുന്നു.
http://www.madhyamam.com/news/229812/130612

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More