ഓസ്റ്റിന്‍ : രൂക്ഷമായ തൊഴിലില്ലായ്മ
അനുഭവപ്പെടുന്ന ടെക്സസില്‍ അല്പമെങ്കിലും ആശ്വാസം പകരുന്നത്
സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തൊഴിലില്ലായ്മ വേതനമാണ്. പ്രവാസികള്‍
ഉള്‍പ്പെടെ തൊഴിലില്ലാത്ത നിരവധി കുടുംബങ്ങളുടെ ഏക ആശ്രയം തൊഴിലില്ലായ്മ
വേതനം തന്നെയാണ്. ഇനി മുതല്‍ ഈ വേതനം ലഭിക്കണമെങ്കില്‍ തന്നെ ഡ്രഗ്
ടെസ്റ്റ് നിര്‍ബന്ധമായും നടത്തേണ്ടതും അതില്‍ വിജയിക്കേണ്ടതും ആവശ്യമാണ്.
പുതിയൊരു ജോലിയില്‍ പ്രവേശിക്കുന്നത് ഡ്രഗ് ടെസ്റ്റിനുശേഷമാണ്. ഇതേ മാതൃക
തൊഴിലില്ലായ്മ വേതനത്തിനും ബാധകമാകുന്നതിന് മെയ് 21 ചൊവ്വാഴ്ച ചേര്‍ന്ന
ടെക്സസ് ഹൗസ് 48 വോട്ടുകള്‍ക്കെതിരെ 98 വോട്ടുകളോടെയാണ് അംഗീകരിച്ചത്.
ബുധനാഴ്ച നടക്കുന്ന അവസാന വോട്ടെടുപ്പിനുശേഷം ഗവര്‍ണര്‍ റിക് പെറി
ഒപ്പിടുന്നതോടെ ഈ നിയമം പ്രാബല്യത്തില്‍ വരും. ഗവര്‍ണറും, ലഫ് ഗവര്‍ണര്‍
ഡേവിഡ് ഡ്യുഹേഴ്സ്റ്റും ഇതിനനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.
തൊഴിലില്ലായ്മ വേതനം ലഭിക്കുന്ന ചിലരെങ്കിലും ഈ തുക മയക്കുമരുന്നിനും,
ക്ലബുകളിലും ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. തൊഴിലില്ലായ്മ
വേതനത്തിന് അപേക്ഷിക്കുന്നവര്‍ ലഭിക്കുന്ന ചോദ്യോത്തരങ്ങള്‍ തൃപ്തികരമായി
പൂരിപ്പിക്കുന്നില്ലായെങ്കില് ടെക്സസ് വര്‍ക്ക്ഫോഴ്സ് കമ്മീഷന്
സ്വീകിച്ചിരിക്കുന്ന അടിസ്ഥാന ദേശീയ ഗൈഡ് ലൈന്‍സിന് വിധേയമായി ഡ്രഗ്
ടെസ്റ്റ് നടത്തി വിജയിക്കേണ്ടത് അനിവാര്യമാണ്.