Image

ആത്മഗന്ധികളായ മുല്ലകള്‍ -അനില്‍ പെണ്ണുക്കര

Published on 23 May, 2013
ആത്മഗന്ധികളായ മുല്ലകള്‍ -അനില്‍ പെണ്ണുക്കര
'മുല്ലപൂത്തു മണമിയലും മുത്തുമണിച്ചന്ദ്രികയില്‍ നിന്‍കൊലുസ്സിന്‍ കിങ്ങിണികള്‍ ഇന്നന്തേ കിലുങ്ങിയില്ല....
രാഗഭരിതമായ ഒരു കാമുകഹൃദയത്തിന്റെ ഈണം! ദൂരെ മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്തു എന്റെ മലയാളം... ഒഴുകിയെത്തുന്ന ഒരു പാട്ട്. അതിലൊരു മുല്ല പൂത്ത സൗരഭം....
വെണ്ണിലാവിന്റെ സ്‌നിഗ്ദ്ധതയാര്‍ന്ന കസ്തൂരിഗന്ധികള്‍... സ്വര്‍ഗ്ഗനന്ദിനികള്‍...
ഭാരതീയ സൗന്ദര്യദേവതയായ കാമന്റെ അഞ്ചമ്പുകള്‍. അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം.
ഉന്മാദനം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം ഇവയാണത്രെ ഈ അലരമ്പാല്‍ ഉണരുന്ന വികാരങ്ങള്‍! രാഗദ്ദവായ മനസ്സിന്റെ പ്രതിഫലനങ്ങള്‍ ഈ കൊച്ചുപൂവിതളുകളില്‍ വിരിയുന്നു.
'പത്തുവെളിപ്പിനു മുറ്റത്തുനില്‍ക്കണ
കസ്തൂരി മുല്ലക്കു താലികെട്ട്....' മോഹങ്ങള്‍ മഷിയിട്ട ഒരു കന്യകയുടെ കനകസ്വപ്നങ്ങളുടെ ഈണം!
'മുല്ലപ്പൂമ്പല്ലിലോ മുക്കൂറ്റി കവിളിലോ....'
ഏതഴകിലാണ് അവന്‍ മയങ്ങിയത്... ഏതാണവനു പ്രിയം?
കോടമഞ്ഞിന്‍ താഴ്‌വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍ പൊന്നണിഞ്ഞ് പൊട്ടുകുത്തി രാത്രിമുല്ല പൂക്കുമ്പോള്‍ - മനസ്സില്‍ വിടരുന്നത് എന്താവും? കാവ്യഭാവനയിലെ, പ്രേമസങ്കല്പങ്ങളിലെ വാടാമല്ലികള്‍!
നിത്യസുഗന്ധികളായ മുല്ലകള്‍...
കൗമാരത്തിന്റെ ലാളിത്യത്തിനും മുല്ല അഴക്....! പതിനേഴിന്റെ തികവിന് മുല്ലയുടെ ഗന്ധം! കാച്ചെണ്ണ തേച്ച മുടിത്തഴക്ക്..... മണിയറയ്ക്കും പുഷ്പശയ്യാതലത്തിനും നവമാലികയുടെ മധുരഗന്ധം... ഈശ്വരന്‍ നിശ്ചയിച്ചത് മണ്ണില്‍ സാക്ഷാത്ക്കരിക്കപ്പെടുമ്പോള്‍, മനസ്സും മനസ്സും ഒന്നാകുമ്പോള്‍, സ്വപ്നങ്ങളിലൂടെ മയില്‍പ്പീലിയും മഴവില്ലും സത്യമാകുമ്പോള്‍ ഊറി വരുന്നത് മുല്ലയുടെ മണമാണ്. പുലരിയുടെ ശീതളമായ മടിത്തട്ടിനു, എന്റെ മുറ്റത്തിന്.... കിണറ്റിലെ പളുങ്കുപോലുള്ള നീരിന് എല്ലാത്തിനും ഈ മുല്ലയുടെ വാസനയായിരുന്നു.
വനജ്യോത്സന...
കാളിദാസഭാവനയില്‍ വിരിഞ്ഞ വാടാമുല്ല. അഭിജ്ഞാന ശാകുന്തളമാകെ നിറഞ്ഞനില്‍ക്കുന്ന സൗഭഗവും സൗരഭ്യവും... ശകുന്തളവും അവള്‍ക്ക് ഭഗിനിയായ വനമുല്ലയും വൈരാഗിയായ മുനിക്കു പുത്രിമാരാണ്! തേന്മാവിനെ വരിച്ച തേന്മുല്ല താതകാശ്യപനു ആനന്ദമാണ്. ശകുന്തളയുടെ ഉള്‍പ്രസാദങ്ങളും വ്യഥകളും ഈ വനമുല്ലയില്‍ തളിരും പൂവും ആയി വിടര്‍ന്നു കൊഴിയുന്നു....
'നന്മുല്ല തന്നുടെ തേനുണ്ട കാര്‍വണ്ട്
നാമുല്ല തീണ്ടുമോ നാരിമാരെ' - ചെറുശ്ശേരിയുടെ കൃഷ്ണഗാഥ. ഗോപകുമാരന്‍ മധുരാപുരിയിലേക്കു യാത്രയാകുമ്പോള്‍ ഗോപീഹൃദന്തങ്ങളിലെ ഉത്കണ്ഠ! കുന്ദലതാഗൃഹത്തില്‍ പൊന്‍മുരളിയൂതി കാത്തിരിക്കുന്നത് ഗന്ധര്‍വ്വഗായകന്‍! ഒഴുകിയെത്തുന്ന കാറ്റിന്റെ കൈയ്യില്‍ ഒരു വിടര്‍ന്ന മുല്ല മലരിന്റെ സന്ദേശം! കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഒരേ നിറം. ഒരേ നൈര്‍മ്മല്യം! കുടിയ്ക്കുമ്പോള്‍ തെറിച്ചവീണ പാല്‍ത്തുള്ളി... അഴിഞ്ഞ മുടിയിഴയ്ക്കുള്ളിലേക്കു ആദ്യമായി ഒരു പിടി മുല്ലപ്പൂ വാരിയെറിഞ്ഞത്.
'ഈ മുടി മണക്കട്ടെ' എന്ന് കാതില്‍ പറഞ്ഞത്
'നിനക്ക് മുല്ലയുടെ ഗന്ധമാണ്' എന്നു മൊഴിഞ്ഞത് ആരായിരുന്നു?
പൊന്‍മുരളിയൂതി ഇരുന്ന ഗായകനല്ലേ...?
പ്രതിഭയ്ക്കും സര്‍ഗ്ഗസിദ്ധിക്കും ഈ മുല്ല പ്രതീകം! അരിമുല്ലകള്‍, കസ്തൂരിമുല്ലകള്‍, കുരുക്കുത്തിമുല്ലകള്‍, അഞ്ചിതള്‍ മുല്ലകള്‍, കുടമുല്ലകള്‍ ആഢ്യരായ കുടുംബിനികള്‍ക്കു അലങ്കാരം!
മുല്ലപൂമ്പൊടിയേറ്റു കിടക്കുന്ന കല്ലും, മുറ്റത്തെ മുല്ലയും ജീവിതനിരൂപണസാരമാണ്. നവവധുവിന്റെ പുഷ്പകിരീടം. എന്റെ സന്ധ്യകള്‍ക്കു മുല്ലയുടെ മണമായിരുന്നു. ഞാന്‍ കണ്ട നിലാവിനും ഇതേ ഗന്ധമായിരുന്നു... ക്ലാസ്മുറിയ്ക്കും കോളേജ് കാമ്പസ്സിനും
ചന്ദനപ്പൊട്ടിട്ട് നിലവിളിക്കുപോലെ ശോഭ ചൊരിഞ്ഞെത്തിയ കൂട്ടുകാരികള്‍ക്ക്! സൗഹൃദത്തിന് അനുരാഗത്തിന്റെ ഹര്‍ഷങ്ങള്‍ക്ക് എല്ലായിടത്തു ഈ മുല്ലകളുടെ ആത്മഗന്ധമായിരുന്നു. എനിക്കിന്നു ചിരിയോലുന്ന മുല്ലകള്‍ ഇല്ല.. മുറ്റവും കിണറുമില്ല... തേന്മാവിനെ വരിച്ച മുല്ലയുമില്ല. എങ്കിലും ഇന്നു എനിക്കു 'ജാസ്മിന്റെ' ഗന്ധമുണ്ട്.... കുളിക്കുമ്പോള്‍ സോപ്പിലൂടെ... പുരട്ടുമ്പോള്‍ പെര്‍ഫ്യൂമിലൂടെ....! ഞാന്‍ കാണുന്നതും ശീലിച്ചതുമായ പുഞ്ചിരിയെപ്പോലെ... കൃത്രിമം!
പക്ഷേ....
തെങ്ങിളനീരിന്റെ തണുപ്പും, മുക്കൂറ്റിപ്പൂവിന്റേയും ഇക്കൊച്ചു മുല്ലയുടേയും കുഞ്ഞുചിരി എന്റെ ഉള്ളത്തില്‍ ഇപ്പോഴും ഉണ്ട്. തൊട്ടാവാടിയുടെ ലജ്ജ.നാട്ടുമാമ്പഴത്തിന്റെയും തേന്‍വരിക്കയുടെയും ഹൃദ്യമായ മണം;
നാളീകേരത്തിന്റെ നാട്.... ഒരോലപ്പുര....
ഒരു തൈമാവ്... അതില്‍ പടര്‍ന്നേറുന്ന മുല്ല!
അവ നിത്യപുഷ്പികളാണ്!
എന്റെ സ്വത്വത്തിന്റെ ഈടുവെപ്പുകള്‍!
എന്റെ പാദസ്വരം ഊരി വീണത് ആ മുല്ലക്കാടുകളില്‍ എവിടേയോ ആണ്!
ഈ മുല്ലകള്‍ക്കു നമ്മുടെ ആത്മഗന്ധമുണ്ട്. സൗന്ദര്യമുണ്ട്... ഇതു നമ്മുടെ സൗഭാഗ്യമാണ്
ഈ ഗന്ധം...
നമ്മുടേതായ ഈ ഗന്ധം
നമുക്കിതു അന്യമാവരുത്!
ആത്മഗന്ധികളായ മുല്ലകള്‍ -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക