Image

വാസ്തുവിദ്യ: മുന്‍വിധി വേണ്ട: ഡി. ബാബുപോള്‍

Published on 24 April, 2013
വാസ്തുവിദ്യ: മുന്‍വിധി വേണ്ട: ഡി. ബാബുപോള്‍
ഭവാസ്തുവിദ്യാഗുരുകുല'ത്തിന്റെ സ്ഥാപകനും ഒരു ദശകത്തോളം അതിന്റെ അധ്യക്ഷനും കുലപതിയും ഒക്കെ ആയിരുന്ന എന്റെ ഒരു ഗതകാല സതീര്‍ഥ്യന്‍ വാസ്തുവിദ്യയെ ആക്രമിക്കുന്ന ഒരു പുസ്തകത്തിന് അവതാരിക ഞാന്‍ തന്നെ എഴുതണമെന്ന് നിര്‍ദേശിച്ചതിന് എന്നോടുള്ള സ്‌നേഹം മാത്രം ആണ് വ്യാഖ്യാനം. കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷം ഇറക്കുക എന്നതും അന്ധവിശ്വാസം ആകയാലാണ് ഇത് പറയുന്നത്.

വാസ്തുവിദ്യയെക്കുറിച്ച് മൂന്ന് വീക്ഷണങ്ങള്‍ കാണുന്നുണ്ട്. ഒന്ന്, ഈ കൃതിയില്‍ ഒളിവും മറവും ഇല്ലാതെ തെളിയുന്നത് തന്നെ. വാസ്തു തീര്‍ത്തും അശാസ്ത്രീയം, അസ്വീകാര്യം. രണ്ടാമത്തേത്, വാസ്തു നമ്മുടെ പരമ്പരാഗത വിജ്ഞാനത്തിന്റെ ഭാഗം ആകയാല്‍ അത് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണ് എന്നും പഠിക്കേണ്ടതാണെങ്കിലും പ്രയോഗിക്കരുതാത്തതാണ് എന്നും ഉള്ള നിലപാട്. മൂന്നാമത്തേത് വാസ്തു സത്യം, വാസ്തു മാത്രം സത്യം എന്നതും. ഇപ്പറഞ്ഞ മൂന്ന് നിലപാടുകളോടും യോജിക്കാത്ത വ്യക്തിയാണ് ഞാന്‍.

എനിക്ക് വാസ്തുവിദ്യയോടും ജ്യോതിഷത്തോടും ഏതാണ്ട് ഒരേ സമീപനം ആണ് എന്ന് ഒറ്റവാക്യത്തില്‍ പറയാം. വഴിയോരങ്ങളിലും നാല്‍ക്കവലകളിലും കാണുന്ന അടയാളപ്പലകകള്‍ എന്ന നിലയിലാണ് ഞാന്‍ അവയെ കാണുന്നത്. ആ സൂചനയെ നമ്മുടെ ബുദ്ധികൊണ്ട് വിലയിരുത്തി ഈശ്വരന്റെ സഹായത്തോടെ യുക്തിബദ്ധമായ തീരുമാനം എടുക്കേണ്ട ചുമതലയില്‍നിന്ന് നമുക്ക് മോചനമില്ല. എന്നാല്‍, കേവലം യാദൃച്ഛികം എന്ന് പറയാനാവാത്ത അനുഭവങ്ങള്‍ ജ്യോതിഷത്തെ പൂര്‍ണമായി എഴുതിത്തള്ളുന്നതില്‍നിന്ന് എന്നെ വിലക്കുന്നു.

ജ്യോതിഷം നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ ഒരു വിജ്ഞാനശാഖയാണ്. ചൈനയിലും പശ്ചിമേഷ്യയിലും ഭാരതത്തിലും ഈജിപ്തിലുമൊക്കെ വാനശാസ്ത്രവിശാരദന്മാര്‍ ഉണ്ടായിരുന്നു എന്നതില്‍ തര്‍ക്കം വേണ്ട. അവരില്‍ ചിലര്‍ ചില ചില നേരങ്ങളില്‍ ജനിച്ചവര്‍ക്ക് ചില ചില കാലങ്ങളില്‍ അനുഭവപ്പെട്ട സംഗതികളുടെ അടിസ്ഥാനത്തില്‍ ചിലത് കുറിച്ചിരിക്കാം. അര്‍ഹിക്കാത്ത നന്മകളും അര്‍ഹിക്കാത്ത തിന്മകളും എന്തുകൊണ്ട് എന്ന് ആലോചിച്ചിരിക്കാം. ഗ്രഹനില ഉപയോഗിച്ച് അതൊക്കെ വ്യാഖ്യാനിക്കാന്‍ ഒരുമ്പെട്ടിരിക്കാം. എന്നിട്ടും എല്ലാം വിശദീകരിക്കാനാവാതെ വന്നപ്പോള്‍ ബീജഗണിത സമാനസമവാക്യങ്ങള്‍ സൃഷ്ടിക്കാന്‍ കേതുവിനെയും രാഹുവിനെയും ഉപയോഗിച്ചിരിക്കാം. എന്നിട്ടും കൃത്യമായ ഉത്തരം ഇല്ലാതെ വരുമ്പോള്‍ ശിവന്‍ സുബ്രഹ്മണ്യനെ ശപിച്ച കഥയുടെ പിറകില്‍ ഒളിച്ചിരിക്കാം. എങ്കിലും ചില സൂചകങ്ങള്‍ നിര്‍മിക്കാന്‍ അവര്‍ക്കായി. അത് ആധുനിക മനുഷ്യന്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് പന്ത്രണ്ട് കൂറും ഇരുപത്തിയേഴ് നക്ഷത്രവും തിരിച്ച് ഭാവി പ്രവചിക്കുന്നത്. ജ്യോതിഷത്തിന്റെ കുഴപ്പം അത് മദ്യപാനം പോലെയാണ് എന്നതത്രെ. പക്വതയില്ലാത്തവര്‍ ആ വഴി പോകരുത്!

വാസ്തുവിദ്യയെക്കുറിച്ച് ഇത്രയും പറയാന്‍ പോന്ന അനുഭവമൊന്നും എനിക്കില്ല. എങ്കിലും നമ്മുടെ പരമ്പരാഗതവിജ്ഞാനം എന്ന നിലയില്‍ ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഒരു വാസ്തുവും നോക്കിയല്ല ഞാന്‍ വീട് വെച്ചത്. ഇരുപത് കൊല്ലം തികച്ചില്ല എന്റെ സ്വര്‍ഗസ്ഥപത്‌നി ഇവിടെ. അത് തെക്കുവശത്തെ താണ ഭൂമിയുടെ തലത്തില്‍ വീട് പണിയാതെ, എന്റെ ഭൂമി മണ്ണിട്ടുയര്‍ത്തി തെക്കുവശത്ത് താഴ്ന്ന ഇടം ഉണ്ടാക്കിയതുകൊണ്ടാണ് എന്ന് പറയുന്നതിലെ ശാസ്ത്രം ആ ഭൂമിയില്‍ നേരത്തേ വീടുവെച്ച് പാര്‍ത്തുവന്ന ഗുരുസ്ഥാനീയനെ ഞാന്‍ എന്റെ മണ്ണുയര്‍ത്തി കുഴിയിലാക്കിയതിനെപ്രതി ആ കാരണവര്‍ എന്നെ മനസ്സില്‍ ശപിച്ചതിനാലാവാം എന്ന് പറയുന്നതിലെ ശാസ്ത്രത്തേക്കാള്‍ വലുതല്ല. എങ്കിലും നമ്മേക്കാള്‍ വിവരമുള്ള പഴമക്കാര്‍ പറഞ്ഞുവെച്ചത് പഠിക്കുകയും ഔിത്യപൂര്‍വം പ്രയോഗിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. എന്നല്ല, അതു വേണം. ആ ചിന്തയാണ് വാസ്തുവിദ്യാഗുരുകുലം സ്ഥാപിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതില്‍ എനിക്ക് കുറ്റബോധം ഇല്ല, എന്റെ സുഹൃത്തിന്റെ കൃതി വായിച്ചുകഴിഞ്ഞിട്ടും!

എന്നാല്‍, എനിക്ക് കുറ്റബോധം ഉള്ള ഒരു മേഖല തിരിച്ചറിയാന്‍ ആ കൃതി സഹായിച്ചു. അത് ഗുരുകുലത്തില്‍ വിദൂരപഠനം ഏര്‍പ്പെടുത്തിയതാണ്. ഉള്ളതുപറഞ്ഞാല്‍ ഗുരുകുലത്തിന് സാമ്പത്തികസ്വയംപര്യാപ്തത ഉണ്ടാവുക എന്നതായിരുന്നു അതിന്റെ പ്രാഥമികലക്ഷ്യം. ഈ വിഷയത്തില്‍ കൗതുകം ഉള്ളവരുടെ പൊതുവിജ്ഞാനം വര്‍ധിക്കണമെന്നതായിരുന്നു രണ്ടാമത്തെ ലക്ഷ്യം. ആദ്യത്തേത് നടന്നു. രണ്ടാമത്തേതിലാണ് പാളിച്ച ഭവിച്ചത്. വാളിന്റെ ഭംഗി ആസ്വദിക്കട്ടെ എന്ന് കരുതിയാണ് അത് തൊടാന്‍ സന്ദര്‍ഭം ഉണ്ടാക്കിയത്. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുമെന്ന് അന്ന് ഓര്‍ത്തില്ല! ജ്യോതിഷം പോലെ തന്നെ വാസ്തുവിദ്യയും അപക്വമതികളുടെ കൈയില്‍ അപകടം നിറഞ്ഞതാണ്. ഡോ. കെ.എന്‍. പൈയുടെ ശിഷ്യന്‍ എന്ന പേരില്‍ ഇംഗഌഷ് വൈദ്യശാലയില്‍ ബോര്‍ഡ് വെക്കുന്ന മട്ട്വരെ കാണുന്നു; കഷ്ടം.

എന്റെ മാന്യസുഹൃത്തിന്‍േറത് പോലുള്ള വാസ്തുവിരുദ്ധ വീക്ഷണങ്ങളോട് എല്ലാവരും യോജിക്കണമെന്നില്ല. സി.ഇ.ടിയില്‍ എന്റെ ഗുരു ആയിരുന്ന ഡോ. അച്യുതന്‍ അവര്‍കള്‍ക്കും എനിക്ക് പിമ്പേവന്ന തലമുറയിലെ പ്രഫ. ആശാലത തമ്പുരാട്ടിക്കും എനിക്കും ഒക്കെ ഇക്കാര്യത്തില്‍ തനതുകാഴ്ചപ്പാടുകളാണ് ഉള്ളത്. മറുവശത്തും ഉണ്ട് കള്ളനാണയങ്ങള്‍. അതായത് ഇത്തരം സംഗതികളില്‍ സാര്‍വത്രിക സ്വീകാര്യത ഉണ്ടാകേണ്ട സംഗതികളും ആയത് ഒരിക്കലും ഉണ്ടാകാനിടയില്ലാത്ത കാര്യങ്ങളും ഉണ്ടാവാം. അറിവ് അന്ധവിശ്വാസം ആകരുത്. എന്നാല്‍, അറിയാത്തതെല്ലാം അന്ധവിശ്വാസമാണ് എന്ന മുന്‍വിധിയും അരുത്. ഇത്തരം വിഷയങ്ങളില്‍ കാണേണ്ട മേന്മ മുന്‍വിധി കൂടാതെ വിവാദവിഷയത്തെ സമീപിക്കുന്നു എന്നതാണ്്. മുന്‍വിധിയല്ലേ വാസ്തുവിദ്യാവിരോധവും വാസ്തുവിദ്യാപ്രണയവും എന്ന ചോദ്യം കേള്‍ക്കുന്നുണ്ട് ഞാന്‍. മുന്‍വിധിയാവണമെന്നില്ല. അന്വേഷണത്തിന്റെ അന്ത്യത്തില്‍ ഒരാള്‍ കണ്ടെത്തിയ നിഗമനങ്ങള്‍ വാദിച്ചുസ്ഥാപിക്കുന്നതിനെയല്ലല്ലോ നാം മുന്‍വിധി എന്ന് വിളിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക