Image

വി.എസിന്റെ പുത്രന്‍ 80 ലക്ഷം വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം

Published on 09 September, 2011
വി.എസിന്റെ പുത്രന്‍ 80 ലക്ഷം വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്റെ മകന്‍ വി. എ. അരുണ്‍ കുമാര്‍ വയല്‍ നികത്തുന്നതിന്‌ അനുമതി വാങ്ങി നല്‍കാന്‍ 80 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ്‌ അന്വേഷണം വേണമെന്നു വിജിലന്‍സ്‌ ഡയറക്‌ടര്‍ ആഭ്യന്തരവകുപ്പിനോടു ശുപാര്‍ശ ചെയ്‌തു.

ജയിലില്‍ കഴിയുന്ന വിവാദ സന്യാസി സന്തോഷ്‌ മാധവന്റെ പരാതിയെക്കുറിച്ചു രഹസ്യ വിവരശേഖരണം മതിയെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശത്തിനു മറുപടിയായിട്ടാണ്‌ ഡയറക്‌ടര്‍ നെറ്റോ ഡെസ്‌മണ്ട്‌ വിജിലന്‍സ്‌ അന്വേഷണത്തിനു ശുപാര്‍ശ ചെയ്‌തത്‌.

വൈക്കത്തിനടുത്തു വടയാറില്‍ 120 ഏക്കര്‍ പാടശേഖരം നികത്താനുള്ള അനുമതി വാങ്ങി നല്‍കാമെന്നു പറഞ്ഞ്‌ അരുണ്‍കുമാറും മുന്‍ ഗവ. പ്ലീഡറും ചേര്‍ന്ന്‌ 80 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണു സന്തോഷ്‌ മാധവന്റെ പരാതി. സെന്‍ട്രല്‍ ജയിലില്‍നിന്നാണ്‌ ഈ പരാതി സന്തോഷ്‌ മാധവന്‍ മുഖ്യമന്ത്രിക്ക്‌ അയച്ചുകൊടുത്തത്‌.

അരുണ്‍കുമാറിനുള്ള 70 ലക്ഷം രൂപ കറുത്ത ബാഗിലും അഭിഭാഷകയ്‌ക്കുള്ള പത്തു ലക്ഷം രൂപ ബിഗ്‌ ഷോപ്പറിലുമാണു കൊടുത്തതെന്നും അഭിഭാഷകയുടെ കാറിലാണ്‌ ഇവര്‍ വന്നതെന്നും പരാതിയില്‍ പറയുന്നു. നിലം നികത്താന്‍ അനുവാദം ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ ഈ തുക തിരിച്ചു ചോദിച്ചപ്പോഴാണ്‌ തന്നെ കള്ളക്കേസുകളില്‍ കുടുക്കി അകത്താക്കിയതെന്നും സന്തോഷ്‌ മാധവന്‍ ആരോപിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക