Image

തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-6-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 17 January, 2013
തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-6-ജോസഫ് നമ്പിമഠം
കവിത ഒന്നും സംഭവിപ്പിക്കുന്നില്ലായിരിക്കാം
എങ്കിലും നിയമങ്ങള്‍ക്ക് അടച്ചുമൂടാനാവാത്ത
ഒരു വായയാണത്
എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന കണ്ണാണത്
ഹേമന്തത്തില്‍ അതു വസന്തം സ്വപ്നം കാണുന്നു.
വസന്തത്തില്‍ അതു ഹേമന്തം ഓര്‍മ്മിപ്പിക്കുന്നു.
വിപ്ലവത്തിന്റെ കാലത്ത് അത് വിജയത്തെക്കുറിച്ചു
പാടുന്നു
വിജയത്തിന്റെ കാലത്ത് അത് സൈബീരിയയിലേക്ക്
നാടുകടത്തപ്പെടുന്നു
(ഒരു മറുപടി, കെ.സച്ചിദാനന്ദന്‍)

മഴ പെയ്യുന്നു മദളം കൊട്ടുന്നു മഴപെയ്യുന്നു
പാന്റ് മുറ്റത്ത് സാരി മുറ്റത്ത് ഷര്‍ട്ട് മുറ്റത്ത്
മഴ പെയ്യുന്നു മഴ പെയ്യുന്നു പെയ്യുന്നു പെയ്യുന്നു
മുത്തച്ഛന്‍ മുറ്റത്ത് കണ്ണടമുറ്റത്ത് ഭാരതം മുറ്റത്ത്
കോണകം മുറ്റത്ത് മഴ പെയ്യുന്നു മഴ പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു പെയ്യുന്നു തെയ്യനം
ഞാനും മുറ്റത്ത് വീടും മുറ്റത്തും നാടും മുറ്റത്ത്
മഴ പെയ്യുന്നു മഴമഴമഴമഴ ഴഴഴഴ
(മഴ, കെ.ജി.ശങ്കരപിള്ള)

സ്റ്റൗകത്തിച്ച് ഓംലറ്റും കട്‌ലറ്റും
ശരിപ്പെടുത്തുന്നവര്‍
അമ്മയേയും മകളേയും
കവിയുടെ വാക്കിനേയും
പൊരിച്ചുതിന്നരുത്.
ചൂടുള്ള എണ്ണയില്‍
പൊട്ടിത്തെറിക്കുന്ന
കടുകുമണികളുടെ ഒച്ചയല്ല
നിരൂപണം.
നീരും പാലും വേര്‍തിരിക്കുന്ന
അരയന്നത്തിന്റെ
നിശ്ശബ്ദതയാണ്.
(അമ്പും അരയന്നവും, ഡി. വിനയചന്ദ്രന്‍ )

പാഴ് വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്‌നിഴല്‍പ്പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന
ചിടകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് നേരു
ചികയുന്ന ഞാനാണു ഭ്രാന്തന്‍, മൂക
മുരുകുന്ന ഞാനാണു മൂഢന്‍
(നാറാണത്തുഭ്രാന്തന്‍, വി.മധുസൂദനന്‍നായര്‍ )

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു
രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായരിക്കും
….
മണ്ണുമൂടുന്നതിനു മുമ്പ്
ആ പൂവ് പറിക്കണം
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ
കൈവെള്ളയിലും ഒരു ദളം
പൂവിലൂടെ എനിക്ക് തിരിച്ചുപോകണം
(ശവപ്പെട്ടി ചുമക്കുന്നവരോട്, എ. അയ്യപ്പന്‍ )

ലോകാവസാനംവരേക്കും, പിറക്കാതെ
പോകട്ടെ നീയെന്‍ മകനേ
….
മുള്‍ക്കുരിശേന്തിമുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൗനത്താല്‍ വിചാരണചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദുഃഖമെന്‍ പെണ്ണിന്റെ
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭാഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടി ദാഹത്തെക്കെടുത്തുന്നുനിത്യവും
(പിറക്കാത്ത മകന്, ബാലചന്ദ്രന്‍ ചുള്ളിക്കാട്)

തുഞ്ചന്റെ പാട്ടിലെകിളമകളെ
കിഞ്ചനമൊഴിയോലും മലയാണ്‍മമകളെ
തുഞ്ചാണിത്തുമ്പിലിരുന്നാടും പൈങ്കിളിയാളേ
ആയിരം കാതം പറന്നിങ്ങു വായോ
മലയാളം വളരുന്ന നാടിനുകുളിരായിവായോ
ഈ തുഞ്ചന്‍ പറമ്പിലേക്കിന്നുപറന്നിങ്ങുവായോ
ഈ ഗുരുകുലക്കളരീലെ കുഞ്ഞുങ്ങളെയൊക്കെയും
പരന്നൊരുതളികയില്‍ വരിനെല്ലിന്നരിനിരത്തി
ഹരിശ്രീ എഴുത്തിനിരുത്താം
ഒരു നാരായത്തുമ്പുകൊണ്ടീപ്പനയോലതന്നില്‍
അക്ഷരമൊക്കെയും കുറിച്ചുവയ്ക്കാം, പിന്നെ
ഇവയെല്ലാം ചെമന്നുള്ള പൂതേച്ചുതെളിയിച്ചെടുക്കാം.
(അവസാനിച്ചു)
തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-6-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക