Image

അയ്യോ ന്യൂജനറേഷന്‍... (2012 മലയാള സിനിമ)

Published on 01 January, 2013
അയ്യോ ന്യൂജനറേഷന്‍... (2012 മലയാള സിനിമ)
മലയാള സിനിമ 125 സിനിമകള്‍ പിന്നിട്ട വര്‍ഷമായിരുന്നു 2012. മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്‌തമായി സിനിമകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ്‌ 2012ന്റെ ഏറ്റവും വലിയ പ്രത്യേകത. 2005 - 2006 കാലഘട്ടത്തിലൊക്കെ അമ്പതില്‍ താഴെ മാത്രമായിരുന്നു മലയാളത്തിലെ റിലീസ്‌ ചിത്രങ്ങള്‍. പിന്നീടത്‌ എണ്‍പതിനും മുകളിലേക്ക്‌ പോയിരുന്നുമില്ല. എന്നാല്‍ 2012ല്‍ ലോബജറ്റ്‌ ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു മലയാളത്തില്‍. സിനിമകളുടെ എണ്ണം കൂടാന്‍ പ്രധാന കാരണവും ഇതു തന്നെ. എന്നാല്‍ സിനിമകളുടെ എണ്ണത്തിന്‌ ആനുപാതികമായി വിജയ സിനിമകളുടെ എണ്ണവും കൂടി എന്ന്‌ കരുതാനും കഴിയില്ല. 14 സിനിമകള്‍ക്ക്‌ മാത്രമാണ്‌ മികച്ച തീയേറ്റര്‍ വിജയം നേടി എന്ന്‌ പറയാന്‍ കഴിയുന്നത്‌. ബാക്കിയെല്ലാം തീയേറ്ററില്‍ കഷ്‌ടിച്ചു രക്ഷപെട്ടവയും, അമ്പേ പരാജയപ്പെട്ടവയും. എന്നാല്‍ സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌ എന്ന ദുരിതാശ്വാസത്തുക പല നിര്‍മ്മാതാക്കളെയും രക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌.

മലയാള സിനിമയില്‍ ലോബജറ്റ്‌ ചിത്രങ്ങള്‍ക്ക്‌ പെട്ടന്നൊരു സാധ്യത തുറന്നത്‌ ന്യൂജനറേഷന്‍ തരംഗമാണ്‌. ചെറിയ ബജറ്റില്‍ സിനിമയൊരുക്കാം, അണിയറക്കാരും, അഭിനേതാക്കളും പുതമുഖങ്ങളാവാം, സാങ്കേതികതയില്‍ ഒരുപാട്‌ പുതുമകള്‍ വന്നതോടെ ചിലവുകള്‍ കുറക്കുകയും ചെയ്യാം - ഇങ്ങനെ വന്നതോടെ ന്യൂജനറേഷന്‍ സിനിമ പരക്കെ അംഗീകരിക്കപ്പെട്ടു. ഒരു കോടിക്കും ഒന്നരക്കോടിക്കുമിടയില്‍ പൂര്‍ത്തിയായ ഒട്ടേറെ സിനിമകള്‍ ഈ വര്‍ഷം മലയാളത്തില്‍ പുറത്തു വന്നു. ഇതില്‍ മിക്കവയും മുടക്കുമുതല്‍ സാറ്റ്‌ ലൈറ്റ്‌ റൈറ്റിലൂടെ തിരിച്ചു പിടിച്ചു. എന്നാല്‍ ഭൂരിപക്ഷവും തീയേറ്ററിലെത്തിയപ്പോള്‍ ഗംഭീരമായി പരാജയപ്പെടുകയും ചെയ്‌തു.

അയ്യോ ന്യൂജനറേഷന്‍...

എന്താണ്‌ ഈ സിനിമ. ഇതുവരെ ആര്‍ക്കും അതെന്താണെന്ന്‌ കൃത്യമായി മനസിലായിട്ടില്ല. ന്യൂജനറേഷന്‍ സിനിമകളുടെ കാണപ്പെട്ട ദൈവമായി എല്ലാവരും എടുത്തുകാട്ടുന്ന ആഷ്‌ക്‌ അബു പറയുന്നത്‌ അങ്ങനെയൊരു സംഗതിയെക്കുറിച്ച്‌ തനിക്ക്‌ ഒരുപിടിയുമില്ലെന്നാണ്‌. മാത്രമല്ല തന്റെ പുതിയ സിനിമയില്‍ ഈ ന്യൂജറേഷനെ കണക്കിന്‌ കളിയാക്കുന്നുമുണ്ട്‌ ആഷിക്‌ അബു.

ആഷിക്‌ തള്ളിക്കളഞ്ഞാലും ന്യൂജറേഷന്‍ എന്നൊന്നുണ്ട്‌ എന്നത്‌ സത്യം തന്നെ. മലയാളി സ്ഥിരമായി കണ്ടു വന്ന നടപ്പു ശീലങ്ങളെ ഒഴിവാക്കുകയും പുതിയ അവതരണ രീതിയും പ്രമേയ ശൈലിയും അവതരിപ്പിക്കുകയും ചെയ്‌ത ചിത്രങ്ങളെയാണ്‌ മാധ്യമങ്ങളും പ്രേക്ഷകരും ന്യൂജനറേഷന്‍ എന്നു വിളിച്ചത്‌. ട്രാഫിക്‌, സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ തുടങ്ങിയ സിനിമകളാണ്‌ ഇതിന്‌ തുടക്കം കുറിച്ചത്‌. ഈ വര്‍ഷം സെക്കന്റ്‌ ഷോ, 22 ഫീമെയില്‍ കോട്ടയം, ഈ അടുത്തകാലത്ത്‌ ഉസ്‌താദ്‌ ഹോട്ടല്‍, ഡാ തടിയാ തുടങ്ങിയ നല്ല ന്യൂജനറേഷന്‍ ചിത്രങ്ങള്‍ നമുക്ക്‌ ലഭിച്ചെന്നു പറയാം. എന്നാല്‍ ന്യൂജനറേഷന്‍ എന്നതുകൊണ്ട്‌ പ്രേക്ഷകര്‍ എന്താണ്‌ ആഗ്രഹിക്കുന്നതെന്ന്‌ മനസിലാക്കെ വന്ന നിരവധി ചിത്രങ്ങളാണ്‌ പരാജയം നേടിയത്‌.

അശ്ലീലം പറഞ്ഞാല്‍, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്‌ ശൈലിയില്‍ കഥ പറഞ്ഞാല്‍, പെണ്ണുങ്ങള്‍ ചീത്തവിളിക്കുന്നത്‌ കാണിച്ചാല്‍, ലൈംഗീകത നിറച്ചാല്‍ ന്യൂജനറേഷനാകും എന്നുള്ള ധാരണയാണ്‌ പൊതുവെ സിനിമകളെ തകര്‍ത്തത്‌.

ഉന്നം, മാസ്റ്റേഴ്‌സ്‌, സിനിമാ കമ്പിനി, ഫ്രൈഡേ, ട്രിവാന്‍ഡ്രം ലോഡ്‌ജ്‌, ബാച്ചിലര്‍ പാര്‍ട്ടി, ബാങ്കിംഗ്‌ ഹവേഴ്‌സ്‌ ടെന്‍ ടു ഫോര്‍, ഇഡിയറ്റ്‌സ്‌, തീവ്രം, പോപ്പിന്‍സ്‌, ചാപ്‌റ്റേഴ്‌സ്‌, ദി ഹിറ്റ്‌ലിസ്റ്റ്‌, മാറ്റിനി, ഐ ലൗവ്‌ മീ തുടങ്ങി നിരവധി ചിത്രങ്ങളാണ്‌ അരോചകമായ ന്യൂജനറേഷന്‍ കാഴ്‌ചകള്‍ സമ്മാനിച്ചത്‌.

എങ്ങനെയൊരു സിനിമയൊരുക്കണം എന്ന ധാരണപോലും സംവിധായകര്‍ക്കില്ല എന്നതായിരുന്നു ഐ ലൗവ്‌ മീ, പോപ്പിന്‍സ്‌, തീവ്രം തുടങ്ങിയ സിനിമകളൊക്കെ തെളിയിച്ചത്‌. ന്യൂജനറേഷന്‍ സിനിമകളുടെ മൊത്തം അവസ്ഥയൊന്ന്‌ മനസിലാക്കാന്‍ ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ എന്ന ഒറ്റച്ചിത്രം നോക്കിയാല്‍ മതിയാകും. കഥയോ, ആശയങ്ങളോ ഒന്നും തന്നെ ആ ചിത്രത്തില്‍ എടുത്തു പറയാനുണ്ടായിരുന്നില്ല. ഏറിയും കുറഞ്ഞും എല്ലാ സീനുകളിലും അശ്ലീല സംഭാഷണങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും തിരുകി കയറ്റിയാണ്‌ ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ സ്‌ക്രീനിലെത്തിച്ചത്‌. പലതും കേരളത്തിലെ പാസഞ്ചര്‍ ട്രെയിനുകളിലും ബസ്റ്റ്‌ സ്റ്റാന്‍ഡ്‌ ടോയ്‌ലറ്റുകളിലും എഴുതിവെച്ചിരിക്കുന്ന തരം അശ്ലീലവാചകങ്ങള്‍. അതില്‍ ആര്‍ത്തിപൂണ്ട്‌ ഒരുപറ്റം പ്രേക്ഷകര്‍ ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ കാണാന്‍ ഇറങ്ങിപുറപ്പെടുകയും ചെയ്‌തു.

ബാച്ചിലര്‍ പാര്‍ട്ടി, മാറ്റിനി തുടങ്ങിയ സിനിമകള്‍ ലക്ഷ്യം വെച്ചത്‌ ന്യൂജനറേഷന്‍ ലേബലില്‍ ഐറ്റം ഡാന്‍സിനായിരുന്നു. രമ്യാനമ്പീശന്‍, പത്മപ്രീയ, മൈഥിലി തുടങ്ങിയവരുടെ ഐറ്റം നമ്പറുകള്‍ പോയ വര്‍ഷത്തെ പ്രധാന ചര്‍ച്ചാ വിഷയം തന്നെയായിരുന്നു. ഐറ്റം നമ്പറിലൂടെ പണംവാരാമെന്നതും ഒരു ന്യൂജനേഷന്‍ തന്ത്രം തന്നെയാണ്‌.

നല്ല കഥകളെ കൈവിടുന്നു എന്നതാണ്‌ ന്യൂജനറേഷന്‍ സിനിമകളുടെ പ്രധാന പ്രശ്‌നം. അതായത്‌ മലയാളിയുടെ സാഹചര്യങ്ങളോട്‌ ഇണങ്ങിയ സിനിമകള്‍. നവീകരിക്കപ്പെട്ട മലയാളിയുടെ മെട്രോ സാഹചര്യങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമകള്‍ക്ക്‌ നല്ല മാര്‍ക്കറ്റുണ്ട്‌ എന്നതാണ്‌ യാഥാര്‍ഥ്യം. പക്ഷെ മെട്രോ കഥയെന്നാല്‍ അത്‌ സെക്‌സും ഡാന്‍സും മാത്രമാണെന്ന ന്യൂജനറേഷന്‍ സങ്കല്‌പമാണ്‌ ഇവിടെ പ്രശ്‌നമാകുന്നത്‌.

അഞ്‌ജലി മേനോന്‍

മുഖ്യധാര മലയാള സിനിമയിലേക്ക്‌ ഒരു എഴുത്തുകാരിയും സംവിധായികയും കടന്നു വന്നിരിക്കുന്നു. അഞ്‌ജലി മേനോന്‍ എന്നാണ്‌ ഈ ചലച്ചിത്ര പ്രതിഭയുടെ പേര്‌. അഞ്‌ജലി മേനോന്റെ ആദ്യ സിനിമയായ മഞ്ചാടിക്കുരു തീയേറ്ററിലെത്തിയത്‌ കഴിഞ്ഞ വര്‍ഷമാണ്‌. ചിത്രം ഏറെ ശ്രദ്ധ നേടുകയുണ്ടായി. തൊട്ടു പിന്നാലെയാണ്‌ ഉസ്‌താദ്‌ ഹോട്ടലിന്റെ തിരക്കഥയുമായി അഞ്‌ജലി മേനോന്‍ എത്തുന്നത്‌. വലിയ പ്രേക്ഷക ശ്രദ്ധ നേടാന്‍ ഉസ്‌താദ്‌ ഹോട്ടലിന്‌ കഴിഞ്ഞു. രുചിയുള്ള സമൃദ്ധമായ ഭക്ഷണം കഴിഞ്ഞ പ്രതീതി പ്രേക്ഷകന്‌ സമ്മാനിക്കാന്‍ ഉസ്‌താദ്‌ ഹോട്ടലിലൂടെ അഞ്‌ജലി മേനോന്‍ എന്ന എഴുത്തുകാരിക്ക്‌ സാധിച്ചു. എത്ര മനോഹരമായിട്ടാണ്‌ കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ അവര്‍ തലമുറകളുടെ ആത്മബന്ധത്തിന്റെ കഥ പറഞ്ഞത്‌.

സമാന്തര സിനിമയുടെ വഴിയല്ല സൂപ്പര്‍ഹിറ്റ്‌ സിനിമയുടെ വഴി തന്നെ അഞ്‌ജലി മേനോന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്നതാണ്‌ പ്രധാനം. മലയാള സിനിമയുടെ മുന്‍നിരയിലേക്ക്‌ തിരക്കഥാകൃത്തായും സംവിധായികയായും അഞ്‌ജലി മേനോന്‍ കടന്നു വരുമ്പോള്‍ തീര്‍ച്ചയായും മലയാള സിനിമക്ക്‌ അഭിമാനിക്കാം. കാരണം കാമറക്ക്‌ പിന്നില്‍ ശക്തമായ ഒരു സ്‌ത്രീ സാന്നിധ്യം മലയാള സിനിമ ഉറപ്പാക്കിയിരിക്കുന്നു.

22 ഫീമെയിലും റീമാ കല്ലുങ്കലും

പോയ വര്‍ഷം റീമാ കല്ലുങ്കലിന്റേതാണ്‌. കാരണം 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ അത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട കേരളത്തില്‍. ഡല്‍ഹി സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സ്‌ത്രീയുടെ നേരെയുള്ള അക്രമങ്ങള്‍ പതിവാകുന്ന ഇന്നത്തെ ലോകത്ത്‌ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമക്കും അതിലെ ടെസാ.കെ. ഏബ്രഹാം എന്ന കഥാപാത്രവും ഏറെ പ്രസക്തമാകുന്നുണ്ട്‌. കാരണം ടെസ നമുക്ക്‌ മുമ്പില്‍ ചില ആശയങ്ങള്‍ നല്‍കിയിരിക്കുന്നു. തന്നെ ശാരീരികമായി ഇരയാക്കിയ രണ്ടുപേരില്‍ ഒരാളെ കൊലപ്പെടുത്തിയും, മറ്റൊരാളുടെ ലിംഗം ഛേദിച്ചു കളഞ്ഞും പ്രതികാരം ചെയ്യുന്ന പെണ്ണിന്റെ കഥയാണ്‌ 22 ഫീമെയില്‍ കോട്ടയം. നായികയായത്‌ റീമാ കല്ലുങ്കലും. ഇര പ്രതകരിക്കുന്നതിന്റെ ഹിംസാത്മകമായ വഴിയാണ്‌ 22 ഫീമെയില്‍ കോട്ടയത്തിന്റേതെങ്കിലും ചിലപ്പോഴൊക്കെ ഇത്തരം സംഭവങ്ങള്‍ യഥാര്‍ഥ ലോകത്ത്‌ നടന്നെങ്കിലെന്ന്‌ ആശിച്ചു പോകുകയും ചെയ്യുന്നു.

ടെസാ കെ ഏബ്രഹാം എന്ന കേന്ദ്രകഥാപാത്രമായി റീമാ കല്ലുങ്കല്‍ മിന്നുന്ന പ്രകടനം കാഴ്‌ചവെച്ചു. ഏറെക്കാലമായി നായികമാര്‍ക്ക്‌ മികച്ച വേഷങ്ങള്‍ അന്യമായിരുന്ന മലയാള സിനിമയില്‍ നല്ലൊരു നായികയെ കണ്ടത്‌ ടെസയിലൂടെയായിരുന്നു.

പൊട്ടിപ്പൊട്ടി മമ്മൂട്ടി

രണ്ടു വര്‍ഷം കൊണ്ട്‌ തുടര്‍ച്ചയായി പതിനൊന്ന്‌ സിനിമകള്‍ പരാജയപ്പെട്ടതിന്റെ ദൈന്യതയിലായിരുന്നു മമ്മൂട്ടി. എന്നാല്‍ വര്‍ഷാവസാനം മമ്മൂട്ടിക്ക്‌ ഒരു ആശ്വസ വിജയം ലഭിക്കുക തന്നെ ചെയ്‌തു. രഞ്‌ജിത്ത്‌ തിരക്കഥയെഴുതി ജി.എസ്‌ വിജയന്‍ സംവിധാനം ചെയ്‌ത ബാവൂട്ടിയുടെ നാമത്തിലാണ്‌ ആ ചിത്രം. എന്നാല്‍ ഒരു മികച്ച മമ്മൂട്ടി ചിത്രമെന്ന്‌ പറയാനും കഴിയില്ല ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തെ. പക്ഷെ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ബാവൂട്ടിയുടെ നാമത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്‌. തുടര്‍ച്ചയായി മികച്ച ചിത്രങ്ങളോ കഥാപാത്രങ്ങളോ ഇല്ലാതെ രണ്ടു വര്‍ഷം പരാജയങ്ങള്‍ മാത്രമായി നില്‍ക്കുകയായിരുന്നു മമ്മൂട്ടി. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകളാണ്‌ ഓരോ തവണയും മമ്മൂട്ടിയെ പരാജയപ്പെടുത്തിയത്‌. കോബ്ര, താപ്പാന, ഫെയ്‌സ്‌ ടു ഫെയ്‌സ്‌ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ വലിയ പരാജയം തന്നെയാണ്‌ മമ്മൂട്ടിക്ക്‌ നല്‍കിയത്‌.


ഫഹദ്‌ ഫാസില്‍

മലയാള സിനിമ കാത്തിരുന്ന ഒരു താരം, അത്‌ ഫഹദ്‌ ഫാസില്‍ തന്നെയാണ്‌. എണ്‍പതുകളിലും തൊണ്ണൂറുകളിലും പത്മരാജന്റെയും ഭരതന്റെയും ലോഹിതദാസിന്റെയുമൊക്കെ സിനിമകളില്‍ അനായാസ വഴക്കത്തോടെ അഭിനയിച്ചിരുന്ന മോഹന്‍ലാലിനെയും നെടുമുടിവേണുവിനെയും ഫഹദ്‌ ഫാസില്‍ ഓര്‍മ്മപ്പെടുത്തുന്നു എന്നു പറഞ്ഞാല്‍ അത്‌ ഒട്ടും അതിശയോക്തിയല്ല. 22 ഫീമെയില്‍ കോട്ടയം, ഫ്രൈഡേ, ഡയമണ്ട്‌ നെക്‌ലൈസ്‌ എന്നീ സിനിമകളില്‍ ഫഹദ്‌ ഫാസില്‍ നല്‍കിയ അഭിനയ പ്രകടനം നമ്മുടെ ചെറുപ്പക്കാരായ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായി ഫഹദിനെ മാറ്റുന്നു. എന്തുകൊണ്ട്‌ അയാള്‍ ഇത്രയും ജനകീയനായി മാറുന്നു എന്നതിന്‌ ഉറ്റ ഉത്തരം മാത്രമേയുള്ളു. താരഭാരങ്ങളില്ലാതെ മലയാളി ചെറുപ്പക്കാരന്റെ മാനസികാവസ്ഥയില്‍ നിന്നുകൊണ്ട്‌, പ്രേക്ഷകനോട്‌ റിലേറ്റ്‌ ചെയ്യുന്ന രീതിയില്‍ കഥാപാത്രങ്ങളെ പ്രസന്റ്‌ ചെയ്യാന്‍ ഫഹദിന്‌ കഴിയുന്നു. സ്‌ക്രീനില്‍ ഒരു താരത്തെ കാണുന്ന പ്രതീതി ഫഹദ്‌ ചിത്രങ്ങള്‍ സംഭവിക്കുന്നതേയില്ല. പത്തു വര്‍ഷമായി മലയാള സിനിമയില്‍ സജീവമായ എല്ലാ താരങ്ങളേക്കാളും ഫഹദ്‌ ശ്രദ്ധേയനാകുന്നത്‌ ഈ അഭിനയ വഴക്കം കൊണ്ടു തന്നെയാണ്‌.

സിംഹാസനങ്ങള്‍ വീഴുന്നു

സിംഹാസനങ്ങള്‍ തകര്‍ന്നു വീണ വര്‍ഷം കൂടിയായിരുന്നു 2012. ഏറ്റവും പ്രധാന പരാജയം ഷാജി കൈലാസ്‌ - രഞ്‌ജി പണിക്കര്‍ ടീമിന്റേതായിരുന്നു. ഒരു കാലത്ത്‌ മെഗാഹിറ്റുകള്‍ സൃഷ്‌ടിച്ച ഈ കൂട്ടുകെട്ട്‌ വലിയൊരു ഇടവേളക്കു ശേഷം ആവര്‍ത്തിച്ചാല്‍ വിജയം ലഭിക്കുമെന്ന ധാരണ വിലപ്പോയില്ല. പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചലനവും സൃഷ്‌ടിക്കാന്‍ ഷാജി - രഞ്‌ജി ടീമിന്റെ കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ക്ക്‌ കഴിഞ്ഞില്ല. രണ്ട്‌ സൂപ്പര്‍താരങ്ങളും മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ ആവര്‍ത്തിച്ചപ്പോള്‍ വെറും ഡയലോഗ്‌ നാടകം മാത്രമായിപ്പോയി കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍.

ആക്ഷന്‍ സിനിമകള്‍ പ്രേക്ഷകര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പൃഥ്വിരാജിന്റെ പ്രതീക്ഷകയും തകര്‍ന്നു പോയത്‌ 2012ല്‍ കണ്ടു. സിംഹാസനം, ഹീറോ എന്നീ രണ്ട്‌ ആക്ഷന്‍ ചിത്രങ്ങളും തീയേറ്ററില്‍ ക്ലീനായി പരാജയപ്പെട്ടു. കോമഡിയുടെ തമ്പുരാന്‍ സംവിധായകന്‍ ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത കോബ്ര മറ്റൊരു പ്രധാന തകര്‍ച്ചയായിരുന്നു. കഥയും കാമ്പുമില്ലാതെ എത്തിയാല്‍ ഏത്‌ രാജാവിന്റെയും കോമഡികള്‍ തകര്‍ന്നു പോകുമെന്ന്‌ കോബ്രയുടെ പരാജയം വ്യക്തമാക്കുന്നു.

ദുള്‍ക്കര്‍ സല്‍മാന്‍

മമ്മൂട്ടി ഏറെ പരാജയങ്ങള്‍ നേരിട്ടെങ്കിലും മമ്മൂട്ടിയുടെ മകന്‍ വിജയം സൃഷ്‌ടിച്ച വര്‍ഷം കൂടിയായിരുന്നു 2012. മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ സിനിമയിലേക്കുള്ള വാതില്‍ തുറന്നു കിട്ടയ ദുള്‍ക്കറിന്‌ പക്ഷെ അച്ഛന്റെ തണലില്‍ നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ദുള്‍ക്കറിന്റെ ആദ്യ ചിത്രമായ സെക്കന്റ്‌ ഷോ 2012ലെ ആദ്യ വിജയ ചിത്രമായി. പിന്നീടെത്തിയ ഉസ്‌താദ്‌ ഹോട്ടല്‍ സൂപ്പര്‍ഹിറ്റായി മാറി. ഇതോടെ മലയാള സിനിമയില്‍ ദുള്‍ക്കര്‍ എന്ന താരത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. പിന്നീടെത്തിയ തീവ്രം തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്‌ ദുള്‍ക്കറിലെ നടന്‍.

കോപ്പിയടി

കോപ്പിയടി 2012ലും തകൃതിയായി നടന്നുവെന്നതാണ്‌ യാഥാര്‍ഥ്യം. നിരവധി ചിത്രങ്ങള്‍ പല വിദേശ ഭാഷകളില്‍ നിന്നുമായി ക്ലീനായി പകര്‍ത്തപ്പെടുകയുണ്ടായി. നിര്‍മ്മാതാക്കളെ വിദേശ സിഡികള്‍ കാണിച്ച്‌ പ്രൊജക്‌ട്‌ സംസാരിക്കുന്ന നിലയിലേക്ക്‌ മലയാള സിനിമ എത്തിക്കഴിഞ്ഞു എന്നാണ്‌ ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്‌. ന്യൂജനറേഷന്‍ സിനിമകള്‍ ഏറ്റവും അധികം ഉല്‍പാദിപ്പിക്കുന്നത്‌ കോപ്പിയടി പ്രവണതയാണ്‌ എന്നതും വാസ്‌തവം തന്നെ.

എക്‌സില്‍ഡ്‌ എന്ന വിദേശ ചിത്രത്തില്‍ നിന്നും അമല്‍നീരദ്‌ ബാച്ചിലര്‍ പാര്‍ട്ടിയുണ്ടായിക്കിയപ്പോള്‍ ദി പ്രൊപ്പോസല്‍ എന്ന ഹോളിവുഡ്‌ ചിത്രം അതേപടി പകര്‍ത്തിയാണ്‌ ജിത്തു ജോസഫ്‌ മൈ ബോസ്‌ എന്ന ചിത്രം ഒരുക്കിയത്‌. പ്രകടമല്ലാത്ത പല കോപ്പിയടികളും മലയാള സിനിമയില്‍ വേണ്ടുവോളമുണ്ടായിരുന്നു. കോപ്പിയടി ചിത്രമായ ബാച്ചിലര്‍പാര്‍ട്ടിയില്‍ പത്മപ്രീയയുടെയും രമ്യാനമ്പീശന്റെയും ഐറ്റം ഡാന്‍സും ഏറെ ചര്‍ച്ചയായിരുന്നു. ഐറ്റം ഡാന്‍സിലൂടെ വിജയം നേടാനുള്ള ശ്രമത്തിലേക്ക്‌ മലയാള സിനിമ മാറിയതിന്റെ ലക്ഷണങ്ങള്‍ ബാച്ചിലര്‍പാര്‍ട്ടിയില്‍ വ്യക്തവുമായിരുന്നു.

മങ്ങിയും തെളിഞ്ഞും ലാലിസം

ലാലിസം എന്ന പ്രയോഗം തന്നെ മലയാള സിനിമയില്‍ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്‌. മലയാളിക്ക്‌ ഏറ്റവും അടുപ്പമുള്ള ഇമ്പമുള്ള മോഹന്‍ലാലിന്റെ അഭിനയ വഴക്കമാണ്‌ ലാലിസമായി പ്രേക്ഷകര്‍ അനുഭവിക്കുന്നത്‌. 2012ല്‍ സ്‌പിരിറ്റ്‌ എന്ന രഞ്‌ജിത്ത്‌ ചിത്രത്തിലൂടെയാണ്‌ ലാലിസം പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞത്‌. ഒരു മദ്യപാനിയുടെ ജീവിതമാണ്‌ സ്‌പിരിറ്റ്‌. ഒരുപാട്‌ മലയാളികളുടെ ജീവിതം. മദ്യം സമൂഹത്തില്‍ വരുത്തുന്ന വിപത്ത്‌ എത്രത്തോളമാണെന്ന്‌ രഞ്‌ജിത്തിന്റെ കഥാപാത്രമായി മാറിക്കൊണ്ട്‌ ലാല്‍ കാട്ടിത്തന്നു. അതുപോലെ തന്നെ ഗ്രാന്റ്‌മാസ്റ്റര്‍, റണ്‍ ബേബി റണ്‍ എന്നീ വിജയ ചിത്രങ്ങളിലും ലാല്‍ തിളങ്ങി. എങ്കിലും മലയാളിയെ എന്നും അത്ഭുതപ്പെടുത്തിയ ആ പഴയ ലാല്‍ എവിടെയോ മറഞ്ഞിരിക്കുന്നു എന്ന്‌ പരാതിപ്പെടുന്നവരും കുറവല്ല. കാരണം വര്‍ഷത്തിന്റെ തുടക്കത്തില്‍ എത്തിയ കാസനോവ എന്ന ചിത്രത്തിലും അവസാനം എത്തിയ കര്‍മ്മയോദ്ധാ എന്ന ചിത്രത്തിലും ലാല്‍ തീര്‍ത്തും നിരാശപ്പെടുത്തി.


മായാമോഹിനി

യാതൊരു കഥയുമില്ലാത്ത ഒരു ചിത്രം. അങ്ങനെയൊരു ചിത്രം ബോക്‌സ്‌ ഓഫീസില്‍ ചരിത്രമെഴുതുന്ന കാഴ്‌ചയും 2012 കണ്ടു. മായാമോഹിനി എന്ന ദിലീപ്‌ സിനിമയാണത്‌. ദിലീപ്‌ പെണ്‍വേഷം കെട്ടിയെത്തുന്നു എന്നതായിരുന്നു മായാമോഹിനിയുടെ ഹൈലൈറ്റ്‌. ദിലീപ്‌ സ്‌ത്രീവേഷം ഭംഗിയായി അവതരിപ്പിച്ചു. പക്ഷെ വെറും ചിരിപ്പടക്കം എന്നതിനും അപ്പുറം യാതൊരു കാമ്പും സിനിമക്കുണ്ടായിരുന്നില്ല. എന്നിട്ടും മായാമോഹിനി പോയ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി. ദിലീപിന്റെ പെണ്‍വേഷം കേരളത്തെ അത്രത്തോളം ആകര്‍ഷിച്ചു എന്നു തന്നെ മനസിലാക്കണം. നാല്‌ കോടി രൂപയാണ്‌ ഈ ചിത്രത്തിന്‌ ദിലീപ്‌ പ്രതിഫലമായി വാങ്ങിയത്‌. മലയാള സിനിമയില്‍ ഒരു താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരുന്നു ഇത്‌. ഇരുപത്‌ കോടിയോളം രൂപയുടെ ഗ്രോസ്‌ കളക്ഷന്‍ നേടാനും ചിത്രത്തിന്‌ കഴിഞ്ഞിരുന്നു.


വിവാഹവും വേര്‍പിരിയലും

സംവൃതാ സുനിലിന്റെ വിവാഹം 2012ലെ പ്രധാന വാര്‍ത്തയായിരുന്നു. എട്ടു വര്‍ഷങ്ങളിലായി മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു സംവൃത. ഏതാണ്ട്‌ 45 ചിത്രങ്ങളില്‍ സംവൃത അഭിനയിച്ചു. ഓര്‍മ്മിക്കാന്‍ ഒരുപിടി ചിത്രങ്ങളും കഥാപാത്രങ്ങളും ബാക്കിവെച്ചാണ്‌ സംവൃത സിനിമയില്‍ നിന്നും തത്‌കാലം വിടവാങ്ങിയിരിക്കുന്നത്‌. അഖില്‍ ജയരാജാണ്‌ സംവൃതയുടെ ഭര്‍ത്താവ്‌. വിവാഹ ശേഷം സംവൃത വിദേശത്തേക്ക്‌ ഭര്‍ത്താവിനൊപ്പം ചേക്കേറിക്കഴിഞ്ഞു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രമായിരുന്നു അവസാനമായി സംവൃത അഭിനയിച്ച ചിത്രം.

ഏറെ ശ്രദ്ധേയമായ ഒരു വേര്‍പിരിയലിനും 2012 സാക്ഷ്യം വഹിച്ചു. മുന്‍നിര നായിക മംമ്‌താ മോഹന്‍ദാസാണ്‌ വിവാഹ ജീവിതത്തില്‍ നിന്നും വിടുതല്‍ നേടാന്‍ പോകുന്നുവെന്ന്‌ അറിയിച്ചിരിക്കുന്നത്‌. കുടുംബ സുഹൃത്ത്‌ കൂടിയായ പ്രജിത്ത്‌ പത്മനാഭനായിരുന്നു മംമ്‌തയുടെ ഭര്‍ത്താവ്‌. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു മംമ്‌ത. മൈ ബോസ്‌ എന്ന ഹിറ്റ്‌ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മംമത്‌ ഏറെ കൈയ്യടി നേടിയതും അടുത്ത കാലത്താണ്‌. എന്നാല്‍ ഇതിനു തൊട്ടുപുറകെയാണ്‌ വിവാഹമോചനം നേടാനുള്ള തീരുമാനം മംമത എല്ലാവരെയും അറിയിച്ചത്‌. ഭര്‍ത്താവിന്റെ അമിത മദ്യപാനമാണ്‌ വിവാഹമോചനത്തിന്‌ പ്രധാന കാരണമെന്ന്‌ മംമ്‌ത പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്‌.

വിടപറഞ്ഞ നടനവിസ്‌മയം

തിലകന്റെ വേര്‍പാടാണ്‌ പോയ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും നൊമ്പരമായത്‌. എല്ലായിപ്പോഴും മലയാള സിനിമയുടെ താരസിംഹാസനങ്ങളോടും സവര്‍ണ്ണ വാഴ്‌ചയോടും മത്സരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്‌ത താരമായിരുന്നു തിലകന്‍. വിലക്കുകള്‍ കൊണ്ട്‌ ചലച്ചിത്ര സംഘടനകള്‍ ഏറെക്കാലം അദ്ദേഹത്തെ മാറ്റി നിര്‍ത്തി. എങ്കിലും എല്ലാ വിലക്കുകളെയും ചെറുത്ത്‌ തോല്‍പ്പിച്ച്‌ കിഴടങ്ങാന്‍ ഒരുക്കമല്ലാത്ത ആ അഭിനയ പ്രതിഭ സിനിമയിലേക്ക്‌ തിരിച്ചു വന്നു. വിടപറയും മുമ്പ്‌ ഉസ്‌താദ്‌ ഹോട്ടലിലെ കരീമിക്ക എന്ന കഥാപാത്രത്തെ ഒരു അത്ഭുതം പോലെ അദ്ദേഹം നമുക്ക്‌ മുമ്പിലേക്ക്‌ തന്നു. ഉസ്‌താദ്‌ ഹോട്ടല്‍ എന്ന സിനിമയുടെ ജീവന്‍ തന്നെ തിലകനായിരുന്നു. തന്നെ വിലക്കിയവരോടുള്ള പകരം വീട്ടലായിരുന്നു തിലകന്‍ അഭിനയിച്ചു തകര്‍ത്ത കരീമിക്കാ എന്ന കഥാപാത്രം. എന്തു തന്നെയായാലും തിലകന്‍ എന്ന അസാമാന്യ പ്രതിഭ, ബുദ്ധിജീവി, ധീഷണശാലി - അയാള്‍ മലയാള സിനിമയുടെ തീരാനഷ്‌ടം തന്നെയാണ്‌. അത്‌ വെറും വാക്കുകളില്‍ ഒതുങ്ങുന്ന ഒരു പ്രയോഗമാകുന്നില്ല. കാരണം താന്‍ എന്തായിരുന്നുവെന്ന്‌ നാളെയുടെ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക്‌ പഠിക്കാന്‍ തിലകന്‍ ഒരുപാട്‌ കഥാപാത്രങ്ങള്‍ ഇവിടെ ബാക്കി വെച്ചിരിക്കുന്നു.

ജഗതിയുടെ തിരിച്ചുവരവ്‌ കാത്ത്‌

ആരും പ്രതീക്ഷിച്ചതല്ല ആ അപകടം. ഒരു സിനിമ ലൊക്കേഷനിലേക്കുള്ള യാത്രയില്‍ നിനച്ചിരിക്കാതെ ജഗതിക്ക്‌ വന്നു ചേര്‍ന്ന വാഹനാപകടം. ആ വാര്‍ത്ത കേട്ടതും എല്ലാ മലയാളികളുടെയും മുഖത്ത്‌ നിന്ന്‌ ഒരു ചിരി മാഞ്ഞു പോയിരുന്നു. കാരണം മലയാളിയുടെ ചിരി സൃഷ്‌ടിച്ചവരില്‍ പ്രധാന ജഗതി ശ്രീകുമാര്‍ എന്ന അത്ഭുതം തന്നെയായിരുന്നു. 1100ല്‍ അധികം കഥാപാത്രങ്ങളിലൂടെ ജനങ്ങളെ വിസ്‌മയിപ്പിച്ച ചിരിപ്പിച്ച ജഗതി.

എന്നാല്‍ കഴിഞ്ഞ ദിവസം മലയാളി വീണ്ടും സന്തോഷത്തോടെ ചിരിച്ചു. കാരണം നമ്മുടെ പ്രീയപ്പെട്ട ജഗതി ഉഷാറായിരിക്കുന്നു. വില്‍ചെയറിലിരുന്ന്‌ സഞ്ചരിക്കാവുന്ന നിലയിലേക്ക്‌ ജഗതിയുടെ ആരോഗ്യ നില പുരോഗമിച്ചിരിക്കുന്നു. നടി റീമാ കല്ലുങ്കല്‍ ജഗതിയെ സന്ദര്‍ശിച്ച ശേഷം പകര്‍ത്തിയ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. ഏറെ താമസിയാതെ തന്നെ ജഗതിയുടെ ആരോഗ്യ നില ഏറെ മെച്ചപ്പെടുമെന്ന്‌ ഡോക്‌ടര്‍മാരും ഉറപ്പു പറയുന്നു. പ്രാര്‍ഥനകളോടെ കാത്തിരിക്കാം, മലയാളിയുടെ ചിരിവിസ്‌മയം വീണ്ടും വെള്ളിത്തിരയിലെത്തുന്ന ദിവസത്തിനായി.
അയ്യോ ന്യൂജനറേഷന്‍... (2012 മലയാള സിനിമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക