
ന്യൂഡൽഹി: ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് (Total Fertility Rate) ആശങ്കാജനകമാംവിധം ഇടിയുന്നതായി സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ചായിരുന്നു മസ്കിന്റെ എക്സ് (ട്വിറ്റർ) പോസ്റ്റ്. രാജ്യത്ത് ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ തോതിൽ നിന്ന് പ്രത്യുത്പാദന നിരക്ക് താഴേക്ക് പോവുകയാണെന്നും, ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കിടയിലാണ് ഈ പ്രവണത വർഷങ്ങളായി പ്രകടമാകുന്നതെന്നും മസ്ക് കുറിച്ചതോടെ വിഷയം ആഗോളതലത്തിൽ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.
ജനസംഖ്യാപരമായി ലോകത്ത് മുന്നിലെത്തി നിൽക്കുമ്പോഴും ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ നേരിടുന്ന അതേ ജനസംഖ്യാ പ്രതിസന്ധിയിലേക്കാണോ ഇന്ത്യയും നീങ്ങുന്നത് എന്ന ചോദ്യമാണ് മസ്കിന്റെ പോസ്റ്റിന് പിന്നാലെ സാമ്പത്തിക-സാമൂഹിക വിദഗ്ധർ ഉയർത്തുന്നത്. മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയിൽ കുട്ടികളുടെ എണ്ണം കുറയുന്നതിന് പിന്നിൽ വർധിച്ചുവരുന്ന ജീവിതച്ചെലവുകളാണെന്ന് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികൾക്ക് മികച്ച സ്വകാര്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, പാഠ്യേതര പരിശീലനങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന ആധുനിക രക്ഷിതാക്കളുടെ ചിന്താഗതി കുട്ടികളെ വളർത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമാക്കി മാറ്റിയിട്ടുണ്ട്.
സ്ത്രീ ശാക്തീകരണവും വികസനവുമാണ് നിരക്ക് കുറയാൻ കാരണമെന്നാണ് മറ്റൊരു വിലയിരുത്തൽ. സ്ത്രീകൾ ഉന്നതവിദ്യാഭ്യാസത്തിനും കരിയറിനും കൂടുതൽ വർഷങ്ങൾ മാറ്റിവെക്കുന്നതും വൈകിയുള്ള വിവാഹങ്ങളും കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ട്. അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ഭവന നിർമ്മാണം, ശിശുസംരക്ഷണം എന്നിവയ്ക്കുണ്ടാകുന്ന ഭീമമായ ചെലവുകൾ 'കുട്ടികൾ കുറച്ചു മതി' എന്ന തീരുമാനത്തിലേക്ക് ദമ്പതികളെ എത്തിക്കുന്നു. വികസനത്തിന്റെ അനിവാര്യമായ അനന്തരഫലമായി ഇതിനെ കാണാമെങ്കിലും, വരും ദശകങ്ങളിൽ ഇത് ഇന്ത്യയുടെ അധ്വാനശേഷിയെയും സാമ്പത്തിക വളർച്ചയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.