
തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ താൻ എന്തിന് സ്വയംവിമർശനം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്ഥാനാർഥി നിർണയം നടത്തിയത് കണ്ണൂർ ജില്ലാ കമ്മിറ്റിയാണെന്നും അവർ നടത്തിയ സ്വയംവിമർശനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തോ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തോ വ്യക്തിപരമായ വീഴ്ചകൾ ഉണ്ടായിട്ടില്ല. പാർട്ടി എന്നത് കൂട്ടായ സംവിധാനമാണെന്നും, ഏതെങ്കിലും വ്യക്തിയുടെ കുഴപ്പം കൊണ്ടാണ് പരാജയമുണ്ടായതെന്ന പ്രചാരണം തെറ്റായ സമീപനമാണെന്നും പാർട്ടി അത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയ വീഴ്ചകൾ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ വിശദീകരിച്ചിട്ടുണ്ടെന്നും പയ്യന്നൂരിലെ തോൽവി കൂടുതൽ ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുണ്ടായ ചില ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചതായി എം.വി ഗോവിന്ദൻ സ്വയംവിമർശനപരമായി വിലയിരുത്തി. വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെ പാർട്ടി തള്ളിക്കളഞ്ഞിരുന്നെങ്കിലും, അതിനെ ശക്തമായി പ്രതിരോധിച്ചില്ല എന്നൊരു അവബോധം ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ടിരുന്നു. ഇതിനെ ദൂരീകരിക്കുന്നതിൽ വീഴ്ചയുണ്ടായി. കൂടാതെ, ദേവസ്വം ബോർഡ് സംഘടിപ്പിച്ച അയ്യപ്പസംഗമം സർക്കാരാണ് നടത്തിയത് എന്ന തരത്തിൽ വലതുപക്ഷം നടത്തിയ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുത്തെങ്കിലും, തുടക്കത്തിൽ തന്നെ കടുത്ത നടപടി സ്വീകരിച്ചില്ലെന്ന എതിരാളികളുടെ പ്രചാരണം തെരഞ്ഞെടുപ്പിനെ ബാധിച്ചതായും സെക്രട്ടറി സമ്മതിച്ചു.
നിർമാണ മേഖലയുൾപ്പെടെയുള്ള പരമ്പരാഗത മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തത് എൽ.ഡി.എഫിന് തിരിച്ചടിയായതായി പാർട്ടി വിലയിരുത്തുന്നു. ലോകത്താകെ വലതുപക്ഷ സ്വാധീനം ശക്തമാകുന്ന കാലഘട്ടമാണിത്. എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൊതുവെ സ്വീകാര്യതയുണ്ടായിരുന്നെങ്കിലും താഴെത്തട്ടിലെ ചില ജനകീയ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതോടൊപ്പം, കേരളത്തിൽ മൂന്ന് സീറ്റുകളിൽ ബി.ജെ.പി വിജയിച്ചത് അതീവ ഗൗരവതരമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് മൂന്നാം സ്ഥാനത്തായതും മുപ്പതോളം മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വോട്ട് കൈമാറ്റം നടത്തിയതായും ആരോപിച്ചു. സി.പി.എമ്മിനെ തകർക്കാൻ കൃത്യമായ അജണ്ടയോടെയാണ് പ്രതിപക്ഷം പ്രവർത്തിച്ചത്.
ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ വേണ്ടി ഉയർന്നുവന്ന സ്വത്വ രാഷ്ട്രീയ ചിന്തകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നും എൽ.ഡി.എഫിന് വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും എസ്.ഐ.ആർ (SIR) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ ആശങ്ക കോൺഗ്രസ്- മുസ്‌ലിം ലീഗ്- ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട് കള്ളപ്രചാരണങ്ങളിലൂടെ മുതലെടുത്തു. എസ്.ഐ.ആർ കൊണ്ടുവന്നത് പിണറായി സർക്കാരാണെന്ന വ്യാജ പ്രചാരണം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിൽ നിന്നും അകറ്റാൻ കാരണമായി. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിച്ചതെന്നും അപകടകരമായ ഈ നിലപാടിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകിയതായും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.