
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ‘മഞ്ഞുമ്മൽ ബോയ്സിന്’ ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ’ റിലീസിനൊരുങ്ങുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 50 കോടിയിലധികം നേടി ഭാഷാഭേദമന്യേ തരംഗം തീർത്ത മഞ്ഞുമ്മലിനേക്കാൾ ചെയ്തെടുക്കാൻ പ്രയാസമുള്ള സിനിമയായിരുന്നു ബാലനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ചിദംബരം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. വലിയ താരങ്ങളില്ലാതെ, തികച്ചും പുതുമുഖങ്ങളെ അണിനിരത്തി ചിദംബരം ഒരുക്കുന്ന ‘ബാലന്റെ’ ട്രെയിലർ അടുത്തിടെ പുറത്തുവരികയും വലിയ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു.
എന്റെ പ്ലാനുകളിൽ ഒട്ടുമില്ലാതിരുന്ന ചിത്രമാണ് ബാലൻ. മഞ്ഞുമ്മൽ ബോയ്സിന്റെ വലിയ വിജയത്തിന് ശേഷം അടുത്തത് എന്ത് ചെയ്യണം എന്നാലോചിച്ചു നിൽക്കുകയായിരുന്നു. ബോളിവുഡിൽ നിന്നടക്കം അവസരങ്ങൾ വന്നതോടെ അടുത്ത പ്രോജക്റ്റിനെക്കുറിച്ചുള്ള ആലോചനകളിൽ ഞാൻ ശരിക്കും ലോസ്റ്റ് ആയിപ്പോയ അവസ്ഥയിലായിരുന്നു. ആ സമയത്താണ് സുഹൃത്തും നടനുമായ സജിൻ ഗോപു വഴി സംവിധായകൻ ജിത്തു മാധവന്റെ കയ്യിലുള്ള ഒരു കഥയെക്കുറിച്ച് അറിയുന്നത്. കഥ കേട്ടപ്പോൾ തന്നെ അതൊരു വലിയ സിനിമയ്ക്കുള്ള സ്കോപ്പുള്ളതാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ബാലന്റെ കഥയും അതിന്റെ സെറ്റിംഗുമെല്ലാം വളരെ ചെറുതാണ്. പക്ഷേ, അതൊരു വലിയ സിനിമയാണ്.
മഞ്ഞുമ്മൽ ബോയ്സ് പോലെ ഇതും ഒരു ‘സർവൈവൽ’ ചിത്രമാണ്. മനുഷ്യവികാരങ്ങളോട് വളരെ സത്യസന്ധത പുലർത്തുന്ന സിനിമ. മഞ്ഞുമ്മലിൽ കാഴ്ചകളുടെ വിസ്മയത്തിനായിരുന്നു മുൻതൂക്കമെങ്കിൽ, ബാലനിൽ ക്യാമറ അഭിനേതാക്കളോട് വളരെ അടുത്താണ് നിൽക്കുന്നത്. അത് തികച്ചും വ്യക്തിപരമാണ്. എന്നെ സംബന്ധിച്ച് ഇത് തികച്ചും പുതിയൊരു അനുഭവമായിരുന്നു ചിദംബരം പറയുന്നു. പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ‘ബാലൻ’ എന്നത് സിനിമയുടെ മാറ്റുകൂട്ടുന്നു. ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ എന്നിവർക്കൊപ്പം പ്രമുഖ സംവിധായകരായ ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, പ്രശസ്ത നടി ബീന ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മഞ്ഞുമ്മൽ ബോയ്സിന് പിന്നിൽ പ്രവർത്തിച്ച വമ്പൻ നിര തന്നെയാണ് ഈ ചിത്രത്തിലുമുള്ളത്.