
ആഗോളതലത്തിൽ ജനനനിരക്ക് കുത്തനെ കുറയുന്നതിന് പിന്നിൽ ഐഫോണുകൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തി പുതിയ ഗവേഷണ റിപ്പോർട്ടുകൾ. ആപ്പിൾ തങ്ങളുടെ ആദ്യ ഐഫോൺ വിപണിയിലെത്തിച്ച 2007-ന് ശേഷമാണ് ലോകവ്യാപകമായി ജനനനിരക്കിൽ വലിയ രീതിയിലുള്ള ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയതെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുമ്പോൾ സ്വാഭാവികമായും അവിടെ ജനനനിരക്ക് കുറയുകയെന്നത് മുൻകാലങ്ങളിലെ പൊതുവായ ചരിത്രമാണ്. എന്നാൽ വ്യത്യസ്തമായ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളുള്ള രാജ്യങ്ങളിൽ പോലും 2007-ന് ശേഷം സമാനമായ രീതിയിലാണ് ജനനനിരക്കിൽ കുറവുണ്ടായിരിക്കുന്നത്. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ ഐഫോണുകളിലേക്ക് വിരൽ ചൂണ്ടുന്നത്. സ്മാർട്ട്ഫോണുകളുടെ കടന്നുവരവോടെ ആളുകളുടെ പരസ്പരമുള്ള ഇടപെടലുകളും ജീവിതരീതികളും മാറിയത് ഇതിനൊരു കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ആഗോളതലത്തിൽ ഈ വിഷയം വലിയ ചർച്ചകൾക്ക് വഴിതുറക്കാൻ കാരണം അമേരിക്കയിലെ നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് നടത്തിയ ഒരു വിപ്ലവകരമായ പഠനമാണ്. അമേരിക്കയിൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ജനനനിരക്കിൽ വലിയ രീതിയിലുള്ള ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചരിത്രം പരിശോധിച്ചാൽ, 1980 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയിലെ പൊതുവായ ഫെർട്ടിലിറ്റി നിരക്ക് വലിയ മാറ്റങ്ങളില്ലാതെ, അതായത് 1,000 സ്ത്രീകൾക്ക് 65 മുതൽ 70 വരെ ജനനങ്ങൾ എന്ന നിലയിൽ സ്ഥിരമായി തുടരുകയായിരുന്നു. എന്നാൽ, 2007-ന് ശേഷം ഈ ഗ്രാഫ് കുത്തനെ താഴേക്ക് പോവുകയും 2024 ആയപ്പോഴേക്കും അത് വെറും 54 ജനനങ്ങളായി ചുരുങ്ങുകയും ചെയ്തു. കൃത്യമായി പറഞ്ഞാൽ അമേരിക്കയിലെ ഫെർട്ടിലിറ്റി നിരക്കിൽ 22 ശതമാനത്തിൻ്റെ വൻ കുറവാണ്.
എന്തുകൊണ്ടാണ് 2007 മുതൽ ഈ ഇടിവ് കൃത്യമായി ആരംഭിച്ചത് എന്നതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധരും ജനസംഖ്യാ ശാസ്ത്രജ്ഞരും ആഴത്തിലുള്ള അന്വേഷണത്തിലാണ്.
ഗവേഷകരായ കെയ്റ്റ്ലിൻ മയേഴ്സും എസെക്കിയൽ ഹൂപ്പറും ഈ പ്രതിഭാസത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഒരു തന്ത്രപരമായ മാർഗ്ഗമാണ് സ്വീകരിച്ചത്. ഐഫോണിൻ്റെ പ്രാരംഭ വർഷങ്ങളിൽ അമേരിക്കയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ എ.ടി ആൻഡ് ടി നെറ്റ്‌വർക്ക് വഴി മാത്രമായിരുന്നു വിറ്റിരുന്നത്. അബദ്ധത്തിൽ, അമേരിക്കയിലെ വിവിധ രോഗങ്ങളിൽ എ.ടി ആൻഡ് ടി സിഗ്നൽ കവറേജിൻ്റെ വ്യാപ്തിയും അവിടുത്തെ ജനനനിരക്കിലെ മാറ്റങ്ങളും അവർ ഒത്തുനോക്കി. ഇതിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. എ.ടി ആൻഡ് ടി കവറേജ് ഒട്ടുമില്ലാതിരുന്ന പ്രദേശങ്ങളിൽ കൗമാരക്കാരുടെ ജനനനിരക്കിൽ 13.8 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ, ഭാഗികമായി മാത്രം കവറേജ് ഉള്ള പ്രദേശങ്ങളിൽ ഇത് 18.9 കൂടുതലായി ഉയർന്നു. എന്നാൽ, ഏറ്റവും ശക്തമായ വർക്ക് കവറേജും ഉയർന്ന ഐഫോൺ ലഭ്യതയുമുണ്ടായിരുന്ന വീടുകളിൽ ജനനനിരക്കിൽ 26 ശതമാനം നെറ്റ് വർക്ക് ഇടിവാണ് സംഭവിച്ചത്. 15 മുതൽ 24 വരെ ഇടയിൽ പ്രായമുള്ള യുവതലമുറയിലാണ് സ്മാർട്ട്‌ഫോണിൻ്റെ ഈ സ്വാധീനം ഏറ്റവും കൂടുതൽ പ്രതിഫലിച്ചത്.
പ്രായമായവരിലും ഈ കുറവ് ദൃശ്യമായെങ്കിലും, ഡിജിറ്റൽ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന ചെറുപ്പക്കാരെയാണ് ഇത് ഏറ്റവും മാരകമായി ബാധിച്ചതെന്ന് ഈ സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു.
ഈ പഠനം സ്മാർട്ട്ഫോണുകൾ നേരിട്ട് മനുഷ്യൻ്റെ ശരീരത്തിലെ ഹോർമോണുകളെ ബാധിച്ച് വന്ധ്യത ഉണ്ടാക്കുന്നു എന്ന് പറയുന്നില്ല. പകരം, മനുഷ്യൻ്റെ സാമൂഹിക പെരുമാറ്റത്തിലും ദൈനംദിന ശീലങ്ങളിലും ഈ ഉപകരണം വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ എങ്ങനെയാണ് അവരുടെ പ്രത്യുൽപാദന തീരുമാനങ്ങളെയും അവസരങ്ങളെയും പരോക്ഷമായി ഇല്ലാതാക്കിയത് എന്നാണ് വ്യക്തമാക്കുന്നത്.
സ്മാർട്ട്ഫോണുകളുടെയും അതിവേഗ ഇൻ്റർനെറ്റിൻ്റെയും വരവോടെ ആളുകൾ യഥാർത്ഥ ഭൗതിക ലോകത്ത് സുഹൃത്തുക്കളുമായോ പങ്കാളികളുമായോ നേരിട്ട് ഇടപഴകുന്ന സമയം ഗണ്യമായി കുറഞ്ഞു. ഡേറ്റിംഗും പ്രണയവുമെല്ലാം സ്ക്രീനുകളിലേക്ക് ഒതുങ്ങിയതോടെ മനുഷ്യർക്കിടയിലെ ശാരീരികമായ അടുപ്പവും ലൈംഗിക പ്രവർത്തനങ്ങളും പണ്ടത്തേക്കാൾ പകുതിയായി കുറഞ്ഞുവെന്നാണ് സാമൂഹിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇതിനൊപ്പം, ഇൻ്റർനെറ്റിലൂടെയുള്ള അശ്ലീലസാഹിത്യത്തിൻ്റെ അനിയന്ത്രിതമായ ഉപഭോഗം വർദ്ധിച്ചതും ലൈംഗികതയ്ക്ക് പകരമായി ഡിജിറ്റൽ ലോകത്തെ ആശ്രയിക്കുന്ന ഒരു പുതിയ മാനസികാവസ്ഥ ചെറുപ്പക്കാരിൽ ഉണ്ടാക്കിയെന്നും ഇത് പങ്കാളികളോട് നേരിട്ടുള്ള താൽപ്പര്യം കുറയ്ക്കാൻ കാരണമായെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിൽ കണ്ടെത്തിയ ഈ പ്രവണത കേവലം ഒരു രാജ്യത്ത് മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഇതൊരു ആഗോള പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നതാണ് പഠനങ്ങൾ.