Image

പിണറായിയെ തഴുകിക്കൊണ്ട് എന്തുകൊണ്ട് തോറ്റു എന്ന് സി.പി.എം സെക്രട്ടറി 'ലളിത'മായി പറയുന്നു

എ.എസ് ശ്രീകുമാര്‍ Published on 09 June, 2026
പിണറായിയെ തഴുകിക്കൊണ്ട് എന്തുകൊണ്ട് തോറ്റു എന്ന്  സി.പി.എം സെക്രട്ടറി 'ലളിത'മായി പറയുന്നു

'സന്ദേശം' എന്ന സിനിമയിലെ ഹിറ്റ് ഡയലോഗിലുള്ളതുപോലെ വിഘടനവാദികളും പ്രതിക്രിയാ വാദികളും നുഴഞ്ഞു കയറിയോ..? റാഡിക്കലായ മാറ്റമുണ്ടായോ..? അന്തര്‍ ധാര സജീവമായിരുന്നോ..? സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേരിട്ട പരമ ദയനീയമായ തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ഒന്നും പറഞ്ഞില്ല. ജനങ്ങള്‍ക്ക് മനസിലാകാത്ത ചില പ്രത്യയശാസ്ത്ര വാക്കുകള്‍ യഥേഷ്ടം വിളമ്പുകയും ചെയ്തു. ഏതെങ്കിലുമൊരു വ്യക്തിയുടെ കുഴപ്പംകൊണ്ടല്ല തോറ്റത് എന്ന് പിണറായി വിജയന്റെ പേര് പറയാതെ വേറെയെന്തൊക്കെയോ പറഞ്ഞൊപ്പിക്കുകയാണ് ഗോവിന്ദന്‍ ചെയ്തത്.

പിണറായിയുടെ ''ചെറ്റത്തരം...'',  ''വീട്ടില്‍ പോയി ചോദിക്ക്...'' തുടങ്ങി തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും മുമ്പുള്ള 10 വര്‍ഷക്കാലയളവിലും ഉയര്‍ന്ന വിവാദ പ്രയോഗങ്ങളെ ബോധപൂര്‍വം പാര്‍ട്ടി സെക്രട്ടറി വിഴുങ്ങി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് കാരണം ബി.ജെ.പി-യു.ഡി.എഫ് ആണെന്ന ആരോപണം ഗോവിന്ദന്‍ വര്‍ധിത വീര്യത്തോടെ ആവര്‍ത്തിച്ചു. തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്ത സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കവെ, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചകള്‍ സംഭവിച്ചതായും പരമ്പരാഗത മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പോരായ്മകള്‍ ഉണ്ടായതായും ഗോവിന്ദന്‍ മനസില്ലാ മനസോടെ സമ്മതിച്ചു. കോര്‍പ്പറേറ്റ്-എന്‍.ഡി.എ താത്പര്യങ്ങളുമായി ഒത്തുപോവുകയാണെന്നും സര്‍വ്വകലാശാലകളെ കാവിവത്കരിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ച് ടിയാന്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുമുണ്ടായി.

അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായും, ആഴത്തിലുള്ള വിമര്‍ശനവും സ്വയവിമര്‍ശനവും പാര്‍ട്ടിയില്‍ ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയം എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നുവത്രേ. ''നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചു. ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ജയിക്കാന്‍ സാധിക്കില്ലെന്ന് കണ്ട് ബി.ജെ.പിക്ക് വോട്ട് മറിച്ചുനല്‍കി. കേരളത്തില്‍ മൂന്നിടത്ത് ബി.ജെ.പി ജയിച്ചത് അതീവ ഗൗരവമേറിയ വിഷയമാണ്. സി.പി.എം-ബി.ജെ.പി ഡീല്‍ എന്ന് കള്ളപ്രചാരണം നടത്തി കൃത്യമായ അജണ്ടയോടെ വോട്ടുകള്‍ പരസ്പരം കൈമാറുകയാണ് അവര്‍ ചെയ്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണത്തിലെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും ഈ ബി.ജെ.പി-യു.ഡി.എഫ് ഡീല്‍ നിലനില്‍ക്കുകയാണ്. പരാജയം മുന്‍കൂട്ടി മനസ്സിലാക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചില്ല...'' അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി കോട്ടകളായ  തളിപ്പറമ്പ്, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായി യഥാക്രമം പി. കെ ശ്യാമളയെയും ടി. ഐ മധുസൂദനനെയും തിരഞ്ഞെടുത്തതില്‍ തെറ്റുപറ്റിയെന്ന് സി.പി.എം നേതൃത്വം സമ്മതിക്കുന്നുണ്ട്. തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് നിര്‍ദ്ദേശിച്ചിരുന്നത്. പയ്യന്നൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മധുസൂദനന്‍ സിറ്റിംഗ് എം.എല്‍.എ എന്ന നിലയിലാണ് മത്സരരംഗത്തിറങ്ങിയത്. എന്നാല്‍ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. കെ ഗോവിന്ദന്‍ സ്വജനപക്ഷപാത ആരോപണം ഉന്നയിക്കുകയും, തുടര്‍ന്ന് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ചെയ്തു.

പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞിക്കൃഷ്ണന്‍, രക്തസാക്ഷി ഫണ്ടും പാര്‍ട്ടി ഓഫീസ് നിര്‍മാണ ഫണ്ടും മധുസൂദനന്‍ വകമാറ്റിയതായി ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുടെ പരമ്പരാഗത കോട്ടകളിലുണ്ടായ ഈ ഇരട്ട പരാജയം സി.പി.എമ്മിനെ പിടിച്ചുലച്ചു. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി സി.പി.എം നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെ പറയേണ്ടി വന്നു എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തങ്ങളുടെ അവലോകന റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിരുന്നത്. ഈ പിഴവുകള്‍ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുതുക്കാന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെടുകയും, ഭേദഗതി വരുത്തിയ പതിപ്പ് മാത്രമേ പ്രാദേശിക അവലോകന യോഗങ്ങളില്‍ അവതരിപ്പിക്കാവൂ എന്ന് നിര്‍ദ്ദേശിക്കുകയുമുണ്ടായി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍, അസാധാരണമായ ഒരു നീക്കത്തിലൂടെ സംസ്ഥാന കമ്മിറ്റി നിരവധി തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.. സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനകം എത്തിയ നിഗമനങ്ങളില്‍ സംസ്ഥാന കമ്മിറ്റി ഇത്രയധികം ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന കമ്മിറ്റി നിരവധി തിരുത്തലുകള്‍ ആണ് നിര്‍ദ്ദേശിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനകം എത്തിയ നിഗമനങ്ങളില്‍ ഇത്രയധികം ഭേദഗതികള്‍ വരുത്താന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. മുന്‍കാലങ്ങളില്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ചകളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും, വലിയ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നത് ആദ്യമായാണ്.

ഇന്നലെ (ജൂണ്‍ 8) സമാപിച്ച രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ അവലോകന റിപ്പോര്‍ട്ടിലെ സ്വയംവിമര്‍ശനത്തിന് മൂര്‍ച്ച പോരെന്നും വെള്ളാപ്പള്ളിയോട് നേതൃത്വം മൃദുസമീപനമാണ് സ്വീകരിച്ചതെന്നും നിരവധി അംഗങ്ങള്‍ വാദിച്ചു. മാത്രമല്ല, വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ വര്‍ഗീയ സ്വഭാവമുള്ളതാണെന്നും മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും അവര്‍ നിലപാടെടുത്തു.

സംസ്ഥാന സെക്രട്ടറിയുടെ പ്രവര്‍ത്തന ശൈലിയെയും വാര്‍ത്താസമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നിരവധി നേതാക്കള്‍ വിമര്‍ശിച്ചതായാണ് വിവരം. വിമര്‍ശനങ്ങള്‍ അംഗീകരിച്ച ഗോവിന്ദന്‍, തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞിട്ടുണ്ടത്രേ. ചര്‍ച്ചകളില്‍ പിണറായി വിജയനെതിരെ നേരിട്ടുള്ള വിമര്‍ശനങ്ങളൊന്നും ഉണ്ടായില്ല. പ്രതിപക്ഷ നേതാവായ ശേഷം പിണറായിയില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ടെന്ന് ചില നേതാക്കള്‍ നിരീക്ഷിച്ചു.ആഗോള അയ്യപ്പ സംഗമവും വിമര്‍ശനത്തിന് വിധേയമായി. ചടങ്ങിന്റെ ഉദ്ഘാടന വേളയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിന്റെ സന്ദേശം മുന്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ വായിച്ചതിനെ നിരവധി നേതാക്കള്‍ വിമര്‍ശിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക