
ആലപ്പുഴ: മുൻ എൽ.ഡി.എഫ് ഭരണകാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം. പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ജീവനക്കാരായ സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മുൻകൂർ ജാമ്യം അനുവദിച്ചത്. നിലവിൽ സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് കേസ് പുനരന്വേഷണം ശക്തമാക്കുന്നതിനിടയിലാണ് പ്രതികൾക്ക് കോടതിയിൽ നിന്നും ഈ നിയമപരമായ ആശ്വാസം ലഭിച്ചിരിക്കുന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2023 ഡിസംബറിലാണ് കേരളത്തിലുടനീളം വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ്, അന്നത്തെ കെ.എസ്.യു ജില്ലാ പ്രസിഡന്റും നിലവിൽ ആലപ്പുഴ എം.എൽ.എയുമായ എ.ഡി. തോമസ് എന്നിവരെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനദൃശ്യങ്ങൾ പുറത്തുവന്നിട്ടും, ഇത് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള 'രക്ഷാപ്രവർത്തനം' ആയിരുന്നുവെന്ന് പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഗൺമാൻമാരെ പരസ്യമായി ന്യായീകരിച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. തുടക്കത്തിൽ പോലീസ് കേസെടുക്കാൻ മടിച്ചതിനെ തുടർന്ന് മർദ്ദനമേറ്റവർ കോടതിയെ സമീപിച്ച ശേഷമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
അതേസമയം ജില്ലാ കോടതിയുടെ വിധി നിരാശാജനകമാണെന്ന് മർദ്ദനമേറ്റ എ.ഡി. തോമസ് എം.എൽ.എ പ്രതികരിച്ചു. വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, മുൻകൂർ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.