
കാഞ്ഞങ്ങാട്: ആവശ്യമായ ഔദ്യോഗിക യാത്രാരേഖകളോ വിസയോ ഇല്ലാതെ കാഞ്ഞങ്ങാട്ടെത്തിയ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിനിയായ സൽമ കാത്തൽ (30) ആണ് ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവതിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി. രമേശനും സംഘവും ചോദ്യം ചെയ്തപ്പോഴാണ് അനധികൃത കുടിയേറ്റത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
രണ്ട് വർഷം മുമ്പ് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുകയറിയ ഇവർ കേരളത്തിലെത്തി മലപ്പുറത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ഇവരെ കാഞ്ഞങ്ങാട്ടേക്ക് ക്ഷണിച്ചത്. ഇതനുസരിച്ച് ചൊവ്വാഴ്ച രാവിലെ മലബാർ എക്സ്പ്രസ് തീവണ്ടിയിലാണ് ഇവർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് യാത്രാരേഖകളോ വിസയോ ഇല്ലാത്ത ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് ഇവർ സമ്മതിച്ചത്. യുവതിയെ കാഞ്ഞങ്ങാട്ടേക്ക് വരാൻ പ്രേരിപ്പിച്ച പ്രാദേശിക വ്യക്തിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് അനധികൃതമായി രാജ്യത്തേക്ക് കടന്നതിനും യാത്രാരേഖകൾ ഇല്ലാതെ സംസ്ഥാനത്ത് തങ്ങിയതിനും ഇവർക്കെതിരെ പൊലീസ് കേസെടുത്തു.