Image

ഓമനപ്പൈതലേ, മാപ്പ്....മാപ്പ് (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 09 June, 2026
ഓമനപ്പൈതലേ, മാപ്പ്....മാപ്പ് (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഓമനപ്പൈതലേ, മാപ്പ്...മാപ്പ്...
ചേതന വിങ്ങുന്നു, മാപ്പ്....മാപ്പ്...
മന്നിടം നിന്നെയുമേറ്റുവാങ്ങി,
ഒന്നരവര്‍ഷമീ ജന്മയാത്ര;
നിത്യമസഹ്യമാം പീഡനങ്ങള്‍...
തിക്തമായല്ലൊ വിധിനിനക്ക്;
അമ്മിഞ്ഞപ്പാലി,നവകാശികള്‍-
അമ്മയ്ക്കരുമക,ളെത്രയെത്ര-
ജന്മദാതാക്കളാല പ്രിയരായ്,
സ്വന്തബന്ധങ്ങള്‍ മായിച്ചിടുന്നു.
'അര്‍ഷിതേ' അച്ഛനില്ലാത്ത കുഞ്ഞേ!
ക്രൂരത നിന്‍ രണ്ടാനച്ഛനായി;
രക്ത ചിത്രങ്ങള്‍ വരച്ചു മെയ്യില്‍.
ആപാദചൂഢ, മടിപ്പിണരാല്‍-
പാടെ തളര്‍ത്തും മുറിപ്പാടുകള്‍;
തന്‍ കുഞ്ഞു പൊന്‍കുഞ്ഞെന്നോര്‍ക്കാത്തവള്‍,
പെറ്റമ്മ പോലും പരിത്യജിച്ചോ?
അമ്മയെടുക്കാന്‍ കൊതിച്ചിടുന്ന-
കുഞ്ഞിക്കൈ രണ്ടുമൊടിച്ചുവല്ലോ?
പ്ലാസ്റ്ററില്‍ ബന്ധിതമാക്കി,യമ്പേ,
നാള്‍ക്കുനാള്‍ നീളുന്ന യാതനകള്‍...
എരിയുന്ന സിഗരറ്റില്‍ പൊള്ളലേറ്റ്-
പൂവലംഗങ്ങള്‍ പിടഞ്ഞുവല്ലോ...
ചിരിയും കരച്ചിലും ജന്മസിദ്ധം,
കരയാന്‍ മാത്രം നിനക്ക് യോഗം.
മര്‍ത്യകുലത്തില്‍പ്പിറന്ന ചിലര്‍,
ഓര്‍ത്താല്‍ മൃഗങ്ങളെക്കാളധര്‍മര്‍.
മണ്ണിന്‍ മടിത്തട്ടില്‍ നിത്യനിദ്ര,
വിണ്ണിന്‍ സ്തുതിപ്പുകള്‍, താരാട്ടുകള്‍...
ഓംശാന്തി, ശാന്തി, നിതാന്തശാന്തി,
ഓമനപ്പൈതലേ, ശാന്തി, ശാന്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക