
ന്യൂ യോർക്കിൽ തിങ്കളാഴ്ച്ച രാത്രി എൻ ബി എ ഫൈനൽസ് കാണാൻ എത്തിയ ആദ്യത്തെ യുഎസ് പ്രസിഡന്റിനു കൂക്കിവിളി. ബാസ്‌കറ്റ്‌ബോൾ പ്രേമിയായ ഡോണൾഡ് ട്രംപ് എത്തിയതു കൊണ്ടു ടിക്കറ്റ് എടുത്തിട്ടും സുരക്ഷാ നിയന്ത്രണം മൂലം മണിക്കൂറുകൾ പുറത്തു കാത്തു നിൽക്കേണ്ടി വന്ന ജനം ക്ഷുഭിതരായതാണ് അതിനു കാരണം.
മാഡിസൺ സ്‌ക്വയർ ഗാർഡനു പുറത്തേക്കു രണ്ടു ബ്ലോക്കിലധികം ദൂരം ക്യൂ നീണ്ടു പോയി.
സാൻ അന്റോണിയോ സ്പർസ് 115-111നു ന്യൂ യോർക്ക് നിക്ക്‌സിനെ തോൽപിച്ച മത്സരത്തിനു ശേഷം ട്രംപ് ജനത്തിന്റെ രോഷം പ്രകടമായതിനെ കുറിച്ചു പറഞ്ഞത് ഇങ്ങിനെ: "എനിക്കു തോന്നിയത് അതു മിക്കവാറും ആഹ്ളാദ പ്രകടനം ആയിരുന്നു എന്നാണ്. ഉച്ചത്തിൽ, വളരെ ആവേശത്തിൽ."
കളിക്കളത്തിൽ വൻ സ്‌ക്രീനുകളിൽ ട്രംപിന്റെ ചിത്രം തെളിഞ്ഞപ്പോൾ ആയിരുന്നു കൂക്കിവിളി. ദേശീയ ഗാനം പാടുമ്പോൾ ട്രംപ് സല്യൂട്ട് ചെയ്യുന്നതായിരുന്നു ചിത്രം.
പേരക്കുട്ടി കായ് ട്രംപും നിക്സ് ഉടമ ജെയിംസ് ഡോളനും പ്രസിഡന്റിനൊപ്പം എത്തി. ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി, ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗം തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.
പകൽ ന്യൂ ജേഴ്‌സി ഗോൾഫ് ക്ലബിൽ ഉണ്ടായിരുന്ന ട്രംപ് മൻഹാട്ടനിലേക്കു മറീൻ വൺ ഹെലികോപ്റ്ററിൽ പറന്നാണ് എത്തിയത്. അവിടന്നു വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ കളി സ്ഥലത്തേക്ക്.
മാഡിസൺ സ്‌ക്വയർ ഗാർഡനു ചുറ്റുമുള്ള റോഡുകൾ കാൽനടക്കാർക്കു പോലും അടച്ചിരുന്നു.ആയിരക്കണക്കിന് എൻ വൈ പി ഡി ഓഫീസർമാരെയും സീക്രട്ട് സർവീസിനെയും വിന്യസിച്ചു.
Trump booed at NBA finals