
കേരളാതിര്‍ത്തിയില്‍ കുമിളിയില്‍ നിന്ന് മൂന്നു മണിക്കൂര്‍ അകലെ പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് തൊട്ടുരുമ്മി ആകാശം മുത്തമിട്ടു കിടക്കുന്ന ഒരു മരതക വനമുണ്ട്-മേഘമല. തമിഴ് നാട്ടിലെ തേനി ജില്ലയില്‍ ആണെങ്കിലും കേരളത്തിന്റെ കാലാവസ്ഥ.
മേഘമലയില്‍ നിന്നുത്ഭവിക്കുന്ന വൈഗ നദിയിലേക്കു മുല്ലപ്പെരിയാര്‍ ഒഴുകിയെത്തുന്നതുകൊണ്ടാണ് തേനി, മധുര ജില്ലകളില്‍ കേരളത്തിന് വേണ്ട പച്ചക്കറികളും മുന്തിരിയും നാളികേരം പോലും വിളയുന്നത്.
നാലുപതിറ്റാണ്ടുമുമ്പ് പത്മരാജന്റെ 'തൂവാനതുമ്പി'യില്‍ ശ്രീകുമാരന്‍ തമ്പി എഴുതി യേശുദാസ് പാടിയ 'മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി' ഒരിക്കല്‍ കൂടി പാടാന്‍ തോന്നിക്കുന്ന അന്തരീക്ഷം. പക്ഷെ താമസിക്കാനോ ഭക്ഷണത്തിനോ മതിയായ സൗകര്യങ്ങള്‍ മേഘമലയില്‍ ഇല്ല.

മേഘമലയുടെ കാല്പനിക ഭംഗി പഞ്ചായത്ത് ഗസ്‌റ് ഹൗസില്‍ നിന്ന്
മൂന്നാറും വാഗമണ്ണും വയനാടും കണ്ടിട്ടുള്ള മലയാളികള്‍ക്ക്, പ്രത്യേകിച്ചു അവിടങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക്, മേഘമലയില്‍ കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല. ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാല്‍ മേഘമലയാണ് തമിഴ് നാടിനു ആകെക്കൂടിയുള്ളത്. ഒരിക്കല്‍ പോയി കാണുന്നതില്‍ തെറ്റില്ല.

പഞ്ചായത്ത് ഗസ്റ്റ് ഹൗസ്: പഞ്ചായത് ഭരിക്കുന്ന നിത്യപ്രിയ, റാണി
സമുദ്രനിരപ്പില്‍ നിന്ന് 1600-1850 മീറ്റര്‍ (5000-6000 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേഘമലയില്‍ പച്ചപ്പരവതാനി പോലെ കിടക്കുന്ന തേയില, കാപ്പി ഏലം തോട്ടങ്ങളും നൂറ്റാണ്ടുകളായി അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ ബാക്കിപത്രങ്ങളുമുണ്ട്. തുരുമ്പെടുത്ത ടിന്‍ ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ അവരുടെ ലായങ്ങള്‍ കണ്ടാല്‍ പുതുതലമുറ വിസ്മയം കൊള്ളും.
കുമിളി-മധുര നാഷണല്‍ ഹൈവേയില്‍ കമ്പം കഴിഞ്ഞുള്ള ചിന്നമണ്ണൂരില്‍ നിന്നാണ് വലത്തേക്ക് തിരിഞ്ഞു മേഘമലയിലേക്കു പോകേണ്ടത്. വഴിക്കു കുലച്ചു നില്‍ക്കുന്ന വാഴത്തോട്ടങ്ങളും നിറയെ മാങ്ങ തൂങ്ങുന്ന മാവിന്‍ തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും കപ്പളം, വെണ്ട, മുരിങ്ങപ്പാടങ്ങളും ധാരാളം.

മഴയത്തും കൊളുന്തു നുള്ളാന്‍ റെഡി
തീറ്റക്ക് തെളിച്ചുകൊണ്ട് പോകുന്ന ആട്ടിന്‍ പറ്റങ്ങള്‍ക്കും കന്നുകാലിക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ ടാറിട്ട മികച്ച റോഡ് മേഘമലയിലേക്കു നീളുന്നു. ആണ്ടിപ്പട്ടി, കാമാക്ഷിപുരം ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇരു വശങ്ങളിലും വിശാലമായ കാറ്റാടിപ്പാടങ്ങള്‍.
സുസ് ലോണ്‍, വെസ്റ്റാസ് കമ്പനികള്‍ നിര്‍മ്മിക്കുന്ന ഭീമന്‍ ടര്‍ബൈനുകള്‍ ഉപയോഗിച്ചുള്ള വിന്‍ഡ് മില്‍സ് സ്ഥാപിച്ചു നടത്തുന്നത് വിദേശ പങ്കാളിത്തമുള്ള അപ്രാവ, ഐ എനര്‍ജി, പവ്വറിക്ക, ജിഐഎസ്എല്‍ തുടങ്ങിയ സ്ഥാപനങ്ങളാണ്. കാറ്റാടികളെ തൊട്ടടുത്തുനിന്നു കാണാം. അവയുടെ കീഴിലും കൃഷിയുണ്ട്.

വാടകക്ക് നല്‍കുന്ന ബ്രയര്‍ ടീ ബംഗ് ളാവുകളില്‍ ഒന്ന്
ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തു തുടങ്ങിയ വുഡ്ബ്രയര്‍ കമ്പനിവക ഏഴു തേയില, കാപ്പി, ഏലം തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന മേഘമല ഭരിക്കുന്നത് ഹൈവേവീസ് ടൗണ്‍ എന്ന 15 വാര്‍ഡുള്ള പഞ്ചായത്ത് ആണ്. എം നിത്യപ്രിയയാണ് അധ്യക്ഷ. റാണി ഉപാധ്യക്ഷയും.
1916ല്‍ ഇംഗ്ലീഷ് ആന്‍ഡ് സ്‌കോട്ടിഷ് ജോയിന്റ് ഹോള്‍ സെയില്‍ സൊസൈറ്റിയാണ് നീലഗിരിയില്‍ ആദ്യമായി വുഡ്ബ്രയര്‍ തേയില തോട്ടം തുടങ്ങുന്നത്. സ്വാതന്ത്ര്യാനന്തരം കോയമ്പത്തൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ കമ്പനി അത് ഏറ്റെടുത്തു. അവര്‍ക്കിനു തമിഴ് നാട്ടിലും കേരളത്തിലുമായി 23,000 ഏക്കര്‍ തോട്ടങ്ങളുണ്ട്.

തേനികലക്റ്റര്‍ ആയിരുന്ന കൃഷ്ണനുണ്ണി, അദ്ദേഹം വൈഫൈ എത്തിച്ച ആദിവാസി ഗ്രാമം
തമിഴ് നാട്ടിലെ അഞ്ചാമത്തെ കടുവാസങ്കേതമായി മേഘമലയുള്‍പ്പെടുന്ന ശ്രീവില്ലിപുത്തൂര്‍ ടൈഗര്‍ റിസര്‍വ് 2021ല്‍ നിലവില്‍ വന്നതു മേഘമലയിലെ ടൂറിസം വളര്‍ച്ചക്ക് മങ്ങല്‍ ഏല്‍പ്പിച്ചു എന്നതാണ് സത്യം. ഹോട്ടലുകള്‍ വന്നില്ല, ഷോപ്പുകള്‍ തുറന്നില്ല. സഞ്ചാരികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായില്ല.
മേഘമലയില്‍ സാധാരണ യാത്രക്കാര്‍ക്ക് ആകെയുള്ളത് പഞ്ചായത്തു വക ഗസ്റ്റ് ഹൗസ് ആണ്. ഒരു ഡബിള്‍ റൂമിനു 1500 രൂപയും ടാക്സും. മുറിക്കുള്ളില്‍ ടവ്വലോ സോപ്പോ ഒരു കൂജ വെള്ളം പോലുമോ പ്രതീക്ഷിക്കരുത്. കട്ടിലില്‍ ജാംബവാന്റെ കാലത്തു വാങ്ങിയ സുഷിരങ്ങളുള്ള കമ്പിളിപ്പുതപ്പുണ്ട്. ബാത്‌റൂമിന്റെ ജനാല ഗ്ലാസ് പൊട്ടിക്കിടക്കുന്നു. അടയ്ക്കാന്‍ വയ്യാത്തതിനാല്‍ തണുപ്പ് ഉള്ളിലേക്ക് ഇരച്ചു കയറും.

മേഘമല അവസാനിക്കുന്ന മഹാരാജമേട്ടിലെ കാഴ്ചകള്‍
അഞ്ചുമിനിറ് അകലെ സെന്തില്‍ കുമാര്‍ വക ഒരു ഹോട്ടല്‍ ഉണ്ടെന്നതാണ് ആശ്വാസം. രാവിലെ ആറുമണിക്കു ചായകിട്ടും. ഏഴരക്ക് ഇഡ്ഡലി, ദോശ, പൊങ്കല്‍, പൂരി അടങ്ങിയ ബ്രെക്ക്ഫാസ്റ്റും. ചായക്ക് 15 രൂപ.ബ്രെക്ക് ഫാസ്‌റ് നാല് പേര്‍ക്ക് 265 രൂപ. രണ്ടു കി. മീ. പിറകില്‍ റോഡിനു മുകളിലായി ഒരു പ്രൈവറ്റ് ഹോട്ടല്‍ കൂടിയുണ്ട്-പേച്ചിയമ്മാള്‍ വക. വിഭവങ്ങളും സേവനവും തരികിട.
മേഘമലയില്‍ ബ്രയര്‍ ടീ ബംഗ്ളാവുകള്‍ മൂന്നെണ്ണം വാടകക്ക് കൊടുക്കുന്നുണ്ട്. താമസവും ഭക്ഷണവും സ്റ്റാര്‍ ഹോട്ടലുകള്‍ക്കു തുല്യം.വാടക ഡബിള്‍ റൂമിനു 4000 മുതല്‍ 8000 വരെ. ഗ്രൂപ്പായി വരുന്നവര്‍ക്ക് ബംഗ്‌ളാവ് ഒന്നിന് 16500 മുതല്‍ 20000 വരെ പാക്കേജ് നിരക്കുമുണ്ട്. പ്രൈവറ്റ് പാര്‍ട്ടികളുടെ ചെലവ് കുറഞ്ഞ ഒന്നോ രണ്ടോ റിസോര്‍ട്ടുകളും മേഘമലയില്‍ ഉണ്ടെന്നാണ് കേള്‍വി.
സെന്തിലിന്റെ ഭാര്യ റാണിയാണ് പഞ്ചായത്തിന്റെ വൈസ് ചെയര്‍ പേഴ്‌സണ്‍. അവര്‍ ചെങ്കോട്ടയില്‍ അമ്മവീട്ടില്‍ പോയിരുന്നതിനാല്‍ കാണാന്‍ പറ്റിയില്ല. സിഎസ്ഐ പള്ളി അംഗങ്ങളാണ് ഇരുവരും. സെന്തിലിന് പത്രം ഏജന്‍സിയും ഉണ്ട്. ആറുമണിക്ക് ആദ്യത്തെ സര്‍ക്കാര്‍ ബസില്‍ അമ്പതോളം തമിഴ്, ഇംഗ്‌ളീഷ് പത്രങ്ങള്‍ എത്തും. ഇംഗ്‌ളീഷ് പത്രം ദി ഹിന്ദുവിന്റെ നാലുകോപ്പികള്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് ഉള്ളതാണ്.

സെന്തിലിന്റെ ഹോട്ടല്‍, സെന്തിലും ഉച്ചയൂണും
പഞ്ചായത്തിലെ 15 മെമ്പര്‍മാരില്‍ എട്ടു പേരും സ്ത്രീകള്‍. ഭരണകക്ഷിയിലെ എട്ടു പേരും ഡിഎംകെ ടിക്കറ്റില്‍ ജയിച്ചവര്‍. ആകെ വോട്ടര്‍മാര്‍ 2520. ഗസ്റ്റ് ഹൗസ്, ഗ്രോസറി സ്റ്റോര്‍ തുടങ്ങിയവയുടെ വാടക, ജോലിക്കാരില്‍നിന്നുള്ള പ്രൊഫഷണല്‍ ടാക്‌സ് എന്നിങ്ങനെയാണ് വരുമാനം. ജോലിക്കാരില്‍ നല്ലൊരു പങ്കു ജാര്‍ഖണ്ടില്‍ നിന്ന് കുടിയേറിയവരാണ്.
അവരില്‍ ഒരാള്‍ ബിര്‍സു രാവിലെ ചായകുടിക്കാനും പത്രം എടുക്കാനുമായി സെന്തിലിന്റെ ഹോട്ടലില്‍ എത്തി. തമിഴ് നന്നായി പറയും. പൊടി ഇംഗ്‌ളീഷും അറിയാം. ആറു വര്‍ഷമായി മേഘമലയില്‍ എത്തിയിട്ട്, ജന്മനാട്ടില്‍ നിന്നുള്ള ഭാര്യയുമുണ്ട് കൂടെ. മെലിഞ്ഞു താടി വടിക്കാത്ത ബീര്‍സുവിനെ കണ്ടാല്‍ തനി തമിഴ് തൊഴിലാളി എന്നേ പറയൂ.
പത്രം കൊണ്ടുവന്ന സര്‍ക്കാര്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചായ-കടി കഴിച്ച് ബസിലേക്ക് കയറി. കുറേപ്പേര്‍ കയറിയിട്ടുണ്ട്. 25കിമീഅകലെ ഇരവങ്ങലാര്‍ വരെ ബസ് പോകും. കൊടുംവളവുകളും കയറ്റങ്ങളും കാരണം അവിടെയെത്താന്‍ ഒരുമണിക്കൂര്‍ എങ്കിലും എടുക്കും. വഴി അവിടെ അവസാനിക്കും.

ഹെയര്‍പിന്‍ വളവുകള്‍ 18, വഴിയില്‍ കണ്ട കാറ്റാടിപ്പാടം
തിരുവനന്തപുരം സ്വദേശി എച്ച് . കൃഷ്ണനുണ്ണി 2021ല്‍ തേനി ജില്ലയുടെ കളക്ടറായി വന്ന ഓര്‍മ്മ സെന്തിലിനു ണ്ട്. തേനി ജില്ലയുടെ പതിനാറാം ഭരണാധികാരി. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ അനുജന്‍ കെ. ഹരികുമാറിന്റെയും ഉഷയുടെയും മകനാണ് കൃഷ്ണനുണ്ണി. ഇലക്ട്രിക്കല്‍ എഞ്ചിനീറിങ് ബിരുദധാരി. 2012ല്‍ ഐഎഎസ് നേടി.
കൃഷ്ണനുണ്ണിക്കു തേനിയില്‍ മൂന്നു മാസമേ ഇരിക്കേണ്ടി വന്നുള്ളൂ. അതിനിടയില്‍ പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്ന മേഘമല ഉള്‍പ്പെടുന്ന മലയോരം ശ്രീവില്ലിപുത്തൂര്‍ ടൈഗര്‍ റിസര്‍വായി അംഗീകരിച്ച പ്രഖ്യാപനം വന്നു. പിന്നാലെ സ്ഥലംമാറ്റവും എത്തി.
മേഘമല എന്ന മനോഹര ഭൂമി കൈവിട്ട് ഈറോഡിലേക്ക് പോയ കൃഷ്ണനുണ്ണി അവിടത്തെ മലയോരങ്ങള്‍ നെഞ്ചിലേറ്റി. ചേന്നംപട്ടി റിസര്‍വിലെ വഴിയും പുഴയുമില്ലാത്ത കാത്തിമരള എന്ന ആദിവാസി മലയില്‍ അദ്ദേഹം നടന്നെത്തി. അവിടെ സോളാര്‍ വൈദ്യതി ഉണ്ട്. പക്ഷെ ആശുപത്രി 40 കി മീ അകലെ.
പുന്നഗൈ (പുഞ്ചിരി) എന്ന പേരില്‍ കളക്ടര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചു. തിരുവനന്തപുരത്തെ C4S എന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ കമ്പ്യൂട്ടിങ്ങില്‍ നിന്നു ടീമിനെ വരുത്തി കാത്തിമരളയില്‍ 5ജി വൈഫൈ എത്തിച്ചു, അങ്ങിനെ ടെലി മെഡിസിനിലൂടെ ആദിവാസികള്‍ക്ക് ചികിത്സാ സൗകര്യം കിട്ടി. അത് കാട്ടിലെ വലിയൊരു വിപ്ലവം ആയിരുന്നു.

ചെക്‌പോസ്റ്റില്‍ തടഞ്ഞുവച്ച വാട്ടര്‍ ബോട്ടിലുകള്‍
കൃഷ്ണനുണ്ണി (39) ഇപ്പോള്‍ തമിഴ് നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആയി ചെന്നൈയിലാണ്. തിരുവന്തപുരത്തായിരുന്ന കാലത്ത് ക്ലാസിക്കല്‍ സംഗീതം ആലപിക്കുകയും ടിവി അവതാരകനായി ശോഭിക്കുകയും ചെയ്തു.
'ആനത്താരയുണ്ട്‌സൂക്ഷിക്കണം' എന്ന ബോര്‍ഡുകള്‍ കണ്ടാണ് ഞങ്ങള്‍ മേഘമലയിലേക്കുള്ള 18 ഹെയര്‍പിന്‍ വളവുകള്‍ കയറിയത്. നാലഞ്ച് സ്ഥലത്തു ആവിപറക്കുന്ന ആനപ്പിണ്ഡവും കണ്ടു. പക്ഷെ കടുവകളെ കണ്ടില്ല. ഒന്നര മണിക്കൂര്‍ വാഹനം ഓടിച്ച് മലയുടെ നികരത്തില്‍ എത്തുമ്പോള്‍ കറത്തിരുണ്ട മേഘങ്ങളില്‍ നിന്ന് പെയ്തിറങ്ങിയ ചാറ്റ മഴ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കു തിരിച്ചടിയായി.
ചിന്നമന്നൂരില്‍ നിന്ന് പത്തു കി.മീ. ഡ്രൈവ് ചെയ്തു ഫോസ്‌റ് ചെക്ക്പോസ്റ്റില്‍ എത്തുമ്പോള്‍ എല്ലാം കര്‍ശനമാണ്. താമസിക്കാന്‍ മുറി ബുക്ക് ചെയ്തിട്ടില്ലെങ്കില്‍ നാലു കഴിഞ്ഞാല്‍ കടത്തിവിട്ടില്ല. ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപേക്ഷിക്കണം. മദ്യകുപ്പിയില്‍ രണ്ടു പെഗ് ബക്കിയുണ്ടെങ്കില്‍ കമഴ്ത്തിക്കളഞ്ഞു കുപ്പി കളയണം. വെള്ളം 5 ലിറ്റര്‍ ബോട്ടിലുണ്ടെങ്കില്‍ ഓക്കെ. ഡിക്കിയില്‍ തിക്കി നിറച്ച പെട്ടി പ്രമാണങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ ബക്കാര്‍ഡി ബോട്ടിലുകള്‍ ഉണ്ടെങ്കില്‍ ആരറിയാന്‍!
ചിത്രം
1. നൂറ്റാണ്ടുകളുടെ കഥപറയുന്ന വുഡ്ബ്രയര്‍ തേയില തോട്ടങ്ങള്‍