
ഒരു വാക്ക് മാത്രമല്ല, "പ്രാരബ്ധം" —
ഒരു കാലത്തിന്റെ നിശ്വാസം,
ഒരു തലമുറയുടെ ജീവിതഗാഥ.
പരിഷ്കാരത്തിന്റെ മുഖംമൂടി ധരിച്ചവർ
ഇന്ന് ഉച്ചരിക്കാൻ മടിക്കുന്ന വാക്ക്,
ഒരിക്കൽ ഓരോ വീട്ടിലെയും നിത്യസത്യം.
കുഞ്ഞുചിരികൾ നിറഞ്ഞ ചെറിയ കുടിലുകൾ,
വിരലിൽ എണ്ണാവുന്ന ജനനങ്ങൾക്കിടയിൽ
പറയാനാകാത്ത ശൈശവവിയോഗങ്ങൾ.
സൂര്യനൊപ്പം ഉണർന്ന മണ്ണിന്റെ മനുഷ്യർ,
പാടങ്ങളിൽ വീണ വിയർപ്പുതുള്ളികളാൽ
സ്വപ്നങ്ങൾക്ക് വെള്ളമൊഴിച്ചു.
പ്രതീക്ഷകൾക്ക് തിരികൊളുത്തി
കപ്പയുടെ ചൂടിൽ വിശപ്പടക്കി,
ചക്കയുടെ മണത്തിൽ സന്തോഷം കണ്ടെത്തി,
ഒരു പിടി ചോറിൽ പോലും
ദൈവാനുഗ്രഹത്തിന്റെ രുചിയറിഞ്ഞവർ.
ചാണകം തേച്ച നിലവും,
തഴപ്പായയുടെ പരുപരുത്ത സ്പർശവും—
അവർക്കത് ദാരിദ്ര്യമല്ലായിരുന്നു,
ശാന്തിയുടെ സമ്പത്തായിരുന്നു.
പാഠപുസ്തകങ്ങൾ പഠിപ്പിക്കാത്ത
ജീവിതപാഠങ്ങൾ അവർ പഠിച്ചു;
തൊഴിലിൽ പാരമ്പര്യം, കൈകളിൽ തഴമ്പ്,
ശിരകളിൽ ആത്മാഭിമാനം.
ഒറ്റക്കൂരയ്ക്ക് കീഴിൽ
തലമുറകൾ ഉറങ്ങിയ രാത്രികളിൽ,
മതിലുകൾ ഉണ്ടായിരുന്നു,
പക്ഷേ അകലം ഉണ്ടായിരുന്നില്ല.
ഉത്സവങ്ങളും പെരുന്നാളുകളും
മതങ്ങളുടെ പേരിലല്ല,
മനുഷ്യരുടെ പേരിലായിരുന്നു.
ഓരോ വീടും മറ്റൊരു വീടിന്റെ
സന്തോഷത്തിൽ പങ്കുചേർന്നു.
എവിടെയും ഒരുമയുടെ പാട്ടുകൾ,
സ്നേഹത്തിന്റെ വിളക്കുകൾ,
മനുഷ്യനെ മനുഷ്യനാക്കുന്ന
ബന്ധങ്ങളുടെ വെളിച്ചം.
ഇന്ന്—
മതിലുകൾ ഉയർന്നു,
വാതിലുകൾ അടഞ്ഞു,
മനസ്സുകൾ അകന്നു.
കുഞ്ഞിന് സ്വന്തം മുറി,
കൈയിൽ മൊബൈൽ,
ലോകവുമായി ബന്ധമുണ്ടെങ്കിലും
അടുത്തിരിക്കുന്നവരോട് അകലം.
സംസാരങ്ങൾ ചുരുങ്ങി,
സ്ക്രീനുകൾ വളർന്നു,
വീടുകൾ വലുതായി അംഗങ്ങൾ കുറവായി
ഹൃദയ ബന്ധങ്ങൾ ഇല്ലാതായി
എല്ലാം സ്വന്തമായിട്ടും
എന്തോ നഷ്ടപ്പെട്ടവരെപ്പോലെ
മനുഷ്യൻ ഇന്നും തിരയുന്നു—
പഴയകാലത്തിന്റെ ഒരു പിടി സമാധാനം.
പഴയകാല ഓർമ്മകൾ
മനസ്സിൽ മിന്നിമറയുമ്പോൾ
പ്രാരബ്ധം എന്ന വാക്ക്
വിധിയെക്കാൾ കൂടുതൽ
ഒരു നഷ്ടസ്വർഗ്ഗത്തിന്റെ ഓർമ്മയായി
ഉള്ളിൽ ഇന്നും ഉണർന്നു നിൽക്കുന്നു .