
കലിഫോർണിയ ഗവർണർ, ലോസ് ഏഞ്ജലസ് മേയർ പ്രൈമറികളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ അടിതെറ്റി വീണതോടെ സംസ്ഥാനത്തു വോട്ടെടുപ്പിൽ വൻ തട്ടിപ്പു നടന്നുവെന്നു പ്രസിഡന്റ് ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റിക് കോട്ടയിൽ നടന്ന 'തട്ടിപ്പിനു' ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നു അദ്ദേഹം ഭീഷണിപ്പടുത്തി.
നവംബർ 3 ഗവർണർ മത്സരത്തിനു ഡെമോക്രാറ്റ് സേവിയർ ബെസേര യോഗ്യത നേടിയപ്പോൾ റിപ്പബ്ലിക്കൻ സ്റ്റീവ് ഹിൽട്ടൺ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള കഠിന പോരാട്ടത്തിലാണ്. ലോസ് ഏഞ്ജലസ് മേയർ മത്സരത്തിൽ ഇപ്പോഴത്തെ ഡെമോക്രാറ്റിക് മേയർ കാരൻ ബാസും ഇടതുപക്ഷ ഡെമോക്രാറ്റ് നിത്യാ രാമനും തമ്മിലാണ് ഏറ്റുമുട്ടുക.
മേയറാവാൻ റിപ്പബ്ലിക്കൻ പാർട്ടി ഇറക്കിയ ടെലിവിഷൻ താരം സ്‌പെൻസർ പ്രാറ്റ് പുറത്തായതോടെ അദ്ദേഹത്തെ എൻഡോഴ്സ് ചെയ്തിരുന്ന ട്രംപിനു നാണക്കേടുമായി. "മഹാന്മാരായ രണ്ടു റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ വഞ്ചിക്കപ്പെട്ടു, ആരെങ്കിലും കണ്ടോ കാലിഫോർണിയയിലെ തട്ടിപ്പ്?" ട്രംപ് പ്രതികരിച്ചു.
ഇടതുപക്ഷ ഡെമോക്രാറ്റ് രാമൻ രണ്ടാം സ്ഥാനം നേടിയത് അസാധ്യമെന്നു ട്രംപ് പറഞ്ഞു. "തട്ടിപ്പു തന്നെ!"
സിറ്റി കൗൺസിൽ അംഗമായ രാമൻ തിങ്കളാഴ്ചത്തെ വോട്ടെണ്ണലോടെയാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. അവർക്കു 33,378 വോട്ട് കൂടി കിട്ടിയപ്പോൾ പ്രാറ്റ് നേടിയത് 14,672. ബാസ് 34.7% നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചു ഒരിക്കൽ കൂടി മേയറാവാൻ പോരാട്ടത്തിന് ഒരുങ്ങുമ്പോൾ രാമന് 28.5% വോട്ടും രണ്ടാം സ്ഥാനവും ഉറപ്പാക്കി. പ്രാറ്റ് നേടിയിട്ടുളളത് 26.7%.
മത്സരഫലം പ്രവചിക്കുന്ന പൊലിമർകറ്റ് രാമൻ സ്ഥാനാർഥിയാവുമെന്നു 99% ഉറപ്പിക്കുമ്പോൾ പ്രാറ്റിനു നൽകുന്നത് 1% ആണ്.
കഴിഞ്ഞ ചൊവാഴ്ചയ്ക്കു ശേഷം എണ്ണിയ വോട്ടുകളിൽ ഭൂരിപക്ഷവും നേടിയാണ് മൂന്നാമതു നിന്നിരുന്ന രാമൻ കുതിച്ചത്. അന്നു രാവിലെ പ്രാറ്റിനു 8.1% ലീഡ് ഉണ്ടായിരുന്നു. ബാസിനെ എങ്ങിനെ തോൽപിക്കും എന്നദ്ദേഹം വിശദീകരിക്കയും ചെയ്തു. എന്നാൽ പിന്നിലായതു മുതൽ തട്ടിപ്പു നടന്നുവെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു.
Trump blasts ‘crooked’ California elections as Spencer Pratt fails