
ന്യൂയോർക്ക്: ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാഡയുടെ പുതിയ ഡിസൈൻ നവീകരണം ഇനി നാസയുടെ ഭാവി ചന്ദ്രദൗത്യങ്ങളിലെ ബഹിരാകാശയാത്രികർ ധരിക്കുന്ന സ്പേസ്‌സ്യൂട്ടിന്റെ ഭാഗമാകും. നാസയുടെ അടുത്ത ചന്ദ്രദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത സ്പേസ്‌സ്യൂട്ടിനുള്ളിലെ പ്രത്യേക ജലശീതീകരണ വസ്ത്രമാണ് പ്രാഡയും ഹൂസ്റ്റൺ ആസ്ഥാനമായുള്ള അമേരിക്കൻ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ ആക്സിയം സ്പേസും ചേർന്ന് അവതരിപ്പിച്ചത്. 2026-ൽ വിക്ഷേപണം ലക്ഷ്യമിടുന്ന നാസയുടെ ആർട്ടെമിസ്-III ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മനുഷ്യരെ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. അര നൂറ്റാണ്ടിലേറെയായി മനുഷ്യർ വീണ്ടും ചന്ദ്രോപരിതലത്തിലെത്തുന്ന ചരിത്രപരമായ ദൗത്യമായിരിക്കും ഇത്.
പുതിയ ലിക്വിഡ് കൂളിംഗ് ആൻഡ് വെന്റിലേഷൻ ഗാർമെന്റ് (എൽസിവിജി) എന്നറിയപ്പെടുന്ന പ്രത്യേക വസ്ത്രം നെക്സ്റ്റ് ജനറേഷൻ സ്പേസ്‌സ്യൂട്ടിന്റെ ഭാഗമായാണ് വികസിപ്പിച്ചിരിക്കുന്നത്. നാസയുടെ ആർട്ടെമിസ്-III, ആർട്ടെമിസ്-IV ദൗത്യങ്ങളിൽ ഈ സ്പേസ്‌സ്യൂട്ടാണ് ഉപയോഗിക്കുക. ബഹിരാകാശയാത്രികരുടെ ശരീരത്തോട് നേരിട്ട് ചേർന്ന് ധരിക്കുന്ന ഈ വസ്ത്രത്തിന്റെ പ്രധാന ദൗത്യം ശരീരതാപനില നിയന്ത്രിക്കലാണ്. ചന്ദ്രോപരിതലത്തിൽ എട്ട് മണിക്കൂർ വരെ നീളുന്ന ബഹിരാകാശ നടത്തത്തിനിടെ യാത്രികരുടെ ശരീരം വലിയ അളവിൽ ചൂട് ഉൽപ്പാദിപ്പിക്കും. ഈ ചൂട് നിയന്ത്രിക്കുന്നതിനായി ശരീരത്തിലെ പ്രധാന പേശീഗ്രൂപ്പുകളിലൂടെ തണുത്ത വെള്ളം സഞ്ചരിക്കുന്ന സങ്കീർണമായ ട്യൂബ് ശൃംഖലയാണ് വസ്ത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ശരീരത്തിൽ നിന്നുള്ള അധിക ചൂട് ആഗിരണം ചെയ്ത് പുറത്തേക്ക് മാറ്റാൻ സാധിക്കും.
പ്രാഡ രൂപകൽപ്പന ചെയ്ത ഈ വസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട സുരക്ഷാ സംവിധാനമുള്ള ശീതീകരണ ശൃംഖലയാണ്. ഇത്തരം വസ്ത്രങ്ങളിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നത്. പ്രധാന ശീതീകരണ സംവിധാനം തകരാറിലായാൽ ഉടൻ തന്നെ ബദൽ സംവിധാനം പ്രവർത്തനക്ഷമമാകുകയും കടുത്ത ചന്ദ്രപരിസരത്തിൽ യാത്രികരെ അമിത ചൂടിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ശീതീകരണത്തിനൊപ്പം ശ്വസനസഹായവും ഈ വസ്ത്രം നൽകുന്നു. പ്രത്യേക ട്യൂബ് സംവിധാനത്തിലൂടെ ശുദ്ധമായ ഓക്സിജൻ ബഹിരാകാശയാത്രികരുടെ മുഖത്തിന് ചുറ്റും എത്തിക്കുകയും അവർ പുറത്തുവിടുന്ന കാർബൺ ഡൈഓക്സൈഡ് ശേഖരിച്ച് ലൈഫ് സപ്പോർട്ട് സംവിധാനത്തിലേക്ക് തിരിച്ചയക്കുകയും ചെയ്യും. അവിടെ ശുദ്ധീകരണവും പുനഃചംക്രമണവും നടക്കും. ബഹിരാകാശ എൻജിനീയറിംഗിന്റെയും ആഡംബര കരകൗശല മികവിന്റെയും നൂതന ഉൽപ്പന്ന വികസനത്തിന്റെയും മികച്ച വശങ്ങൾ ഒന്നിപ്പിച്ചാണ് ഈ വസ്ത്രം വികസിപ്പിച്ചത്. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഒരു സ്ഥാപനത്തിനും ഇത്രയും മികച്ച ഉൽപ്പന്നം സൃഷ്ടിക്കാനാകുമായിരുന്നില്ല എന്ന് ആക്സിയം സ്പേസ് സിഇഒയും പ്രസിഡന്റുമായ ജോനാഥൻ സർട്ടെയ്ൻ അഭിപ്രായപ്പെട്ടു.
ഡിസൈൻ, പാറ്റേൺ നിർമാണം, നൂതന വസ്തുസാങ്കേതികവിദ്യ എന്നിവയിലെ പ്രാഡയുടെ അനുഭവസമ്പത്ത് ഉപയോഗിച്ചാണ് ഈ അടുത്ത തലമുറ വസ്ത്രം വികസിപ്പിച്ചതെന്ന് പ്രാഡ ഗ്രൂപ്പിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും സുസ്ഥിരതാ വിഭാഗം മേധാവിയുമായ ലോറൻസോ ബെർട്ടെല്ലി വ്യക്തമാക്കി. അത്യാധുനിക ത്രിമാന മോഡലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശീതീകരണവും വായുസഞ്ചാരവും ഉറപ്പാക്കുന്നതിനൊപ്പം എട്ട് മണിക്കൂർ വരെ നീളുന്ന ബഹിരാകാശ നടത്തത്തിനിടെ കൂടുതൽ സൗകര്യവും ഈ വസ്ത്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2024-ൽ ഇറ്റലിയിലെ മിലാനിൽ നടന്ന ഇന്റർനാഷണൽ ആസ്ട്രോണോട്ടിക്കൽ കോൺഗ്രസിൽ സ്പേസ്‌സ്യൂട്ടിന്റെ പുറംഭാഗം ആദ്യമായി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ അതിന്റെ അകത്തെ ജലശീതീകരണ പാളിയും പുറത്തുവന്നതോടെ നാസയുടെ അടുത്ത ചന്ദ്രദൗത്യങ്ങൾക്കായുള്ള ഒരുക്കങ്ങൾ കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്.