Image

എച്-1 ബി വിസയ്ക്ക് $100,000 'നികുതി' ചുമത്താൻ പ്രസിഡന്റിനു അധികാരമില്ല (പിപിഎം)

Published on 09 June, 2026
എച്-1 ബി വിസയ്ക്ക് $100,000 'നികുതി' ചുമത്താൻ പ്രസിഡന്റിനു അധികാരമില്ല (പിപിഎം)

യുഎസ് കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെയാണ് ട്രംപ് ഭരണകൂടം എച്-1 ബി വിസയ്ക്ക് $100,000 ഫീ ചുമത്തിയതെന്നു മസാച്യുസെറ്റ്സിൽ യുഎസ് ഫെഡറൽ കോടതി വിധിച്ചു. കുടിയേറ്റ നയമല്ല ഇവിടെ വിഷയമെന്നും കോൺഗ്രസ് അനുമതി കൂടാതെ എക്സിക്യൂട്ടീവ് അമിതാധികാരം ഉപയോഗിച്ചു പണം പിരിച്ചു എന്നതാണെന്നും 42 പേജുള്ള വിധിന്യായത്തിൽ ജഡ്‌ജ്‌ ലിയോ ടി. സൊറോക്കിൻ ചൂണ്ടിക്കാട്ടി.

അപ്പീൽ പോകുമെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. 

രാജ്യവ്യാപകമായി ആ നയം അസാധുവാക്കുന്നു എന്നും കോടതി പ്രഖ്യാപിച്ചു.

അനധികൃതമായ ഈ നികുതി പിരിവ് പ്രസിഡന്റിന് അനുവദിച്ചിട്ടുള്ള അധികാരങ്ങളുടെ പരിധി കടന്നിട്ടുള്ള നടപടിയാണ്. "എച്-1 ബി അപേക്ഷകൾക്കൊപ്പം കോൺഗ്രസിന്റെ നിയമാനുസൃത അനുമതി ഇല്ലാതെ ഒരു നികുതി ചുമത്തുന്നതായി കോടതി കാണുന്നു. അതിനു നിയമം ഭരണകൂടത്തിന് അനുമതി നൽകിയിട്ടില്ല."

യുഎസിലേക്കു വിദേശീയർ വരുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രസിഡന്റിനു ലഭ്യമായിട്ടുള്ള അധികാരം ഉപയോഗിച്ചാണ് എച്-1 ബി വിസ ഫീ ചുമത്തിയതെന്നു ഭരണകൂടം കോടതിയിൽ വാദിച്ചിരുന്നു. ജഡ്‌ജ്‌ സൊറോക്കിൻ ആ വാദം തള്ളി.

ഭരണകൂടം ചൂണ്ടിക്കാട്ടിയ ഇമിഗ്രെഷൻ നിയമങ്ങൾ അവർക്കു നികുതി പിരിക്കാൻ അധികാരം നൽകുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ പരിമിതികൾ

പ്രസിഡന്റിനു കുടിയേറ്റ വിഷയത്തിൽ വിശാലമായ അധികാരങ്ങൾ ഉണ്ടെന്നു കോടതി അംഗീകരിക്കുന്നു. എന്നാൽ അവയ്ക്കു ഭരണഘടനാപരമായ പരിമിതികൾ ഉണ്ടെന്നു ജഡ്‌ജ്‌ ആവർത്തിച്ചു വ്യക്തമാക്കി.

ഭരണഘടനയും കോൺഗ്രസും നൽകുന്ന അധികാരത്തിന്റെ പരിധി വിട്ടു പ്രസിഡന്റ് പ്രവർത്തിക്കാൻ പാടില്ലെന്നു കോടതി വ്യക്തമാക്കി.

$100,000 ഫീ വിദേശികളെ നിയന്ത്രിക്കാനുള്ളതാണ് എന്ന വാദവും ജഡ്‌ജ്‌ സ്വീകരിച്ചില്ല. "ഇതൊന്നും അത്തരം നിയന്ത്രണങ്ങളല്ല," സൊറോക്കിൻ വ്യക്തമാക്കി. "നികുതികൾ നിയന്ത്രണങ്ങളല്ല."

വിധിന്യായത്തിൽ നല്ലൊരു ഭാഗം ഭരണഘടന നികുതി ചുമത്താൻ കോൺഗ്രസിന് നൽകുന്ന അധികാരത്തെ കുറിച്ചാണ് പറയുന്നത്. നികുതി ചുമത്താനുള്ള ചില അധികാരങ്ങൾ കോൺഗ്രസിനു എക്സിക്യൂട്ടീവ് ഏജൻസികൾക്കു കൈമാറാം. പക്ഷെ അതിനു ജനപ്രതിനിധികൾ വ്യക്തമായ താല്പര്യം പ്രകടിപ്പിച്ചിരിക്കണം.

ഏജൻസികളും അധികാര പരിധി കടന്നു

വിദേശീയർ വരുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രസിഡന്റിനു അധികാരമുണ്ടെന്നു ഭരണഘടനയെ അടിസ്ഥാനമാക്കി വാദിച്ചാലും നികുതി ചുമത്താൻ അദ്ദേഹത്തിനു അധികാരമുള്ളതായി ഒരിടത്തും വ്യക്തമായി പറയുന്നില്ല എന്നാണ്  ഭരണകൂടം കൊണ്ടുവന്ന വാദങ്ങൾ നിരസിക്കുമ്പോൾ ജഡ്‌ജ്‌ എടുത്തു പറഞ്ഞത് .

ട്രംപിന്റെ നയം നടപ്പാക്കിയ ഫെഡറൽ ഏജൻസികളും ഭരണഘടന നൽകുന്ന അധികാരത്തിന്റെ പരിധി കടന്നുവെന്നു സൊറോക്കിൻ ചൂണ്ടിക്കാട്ടി. എച്-1 ബി വിസയ്ക്ക് അപേക്ഷിക്കുന്ന തൊഴിലുടമകളുടെ മേൽ നാടകീയമായി ഈ നികുതി ചുമത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും ഏജൻസികൾ പാലിച്ചില്ല.

Federal court invalidates H-1B fee, citing executive overreach

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക