Image

ഗുരു മുനിനാരായണ പ്രസാദ് :ആദർശ സന്യാസത്തിന്റെ അപൂർവ്വ ചാരുത (അശോകൻ വേങ്ങശ്ശേരി)

Published on 09 June, 2026
ഗുരു മുനിനാരായണ പ്രസാദ് :ആദർശ സന്യാസത്തിന്റെ അപൂർവ്വ ചാരുത (അശോകൻ വേങ്ങശ്ശേരി)

ഗുരു മുനിനാരായണപ്രസാദ്‌ സമാധിപ്രാപിച്ചിട്ടു ജൂൺ 4-നു നാൽപത്തിയൊന്ന് ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായി സമാധിസ്ഥനായ സന്യാസിക്കുവേണ്ടി നടത്തിവരാറുള്ള യതീപൂജയും മോക്ഷദീപവും ജൂൺ 4-നു നാരായണഗുരുകുലത്തിൽ (ഗുരുനാരായണഗിരി-ബ്രഹ്മവിദ്യാമന്ദിരത്തിൽ) പരമ്പരാഗത രീതിയിൽ ആചരിച്ചു. ദക്ഷിണ ഭാരതത്തിലെ വിവിധ സന്യാസി മഠങ്ങളെ പ്രതിനിധീകരിച്ചു ഒരു വലിയ സന്ന്യാസി സമൂഹം യതീപൂജയിൽ പങ്കെടുക്കാൻ എത്തുകയും ചെയ്തു. ആ മഹാത്മാവിനെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന നൂറുകണക്കിനാളുകൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.   അതിലൊരുവനായി ഞാനും ഉണ്ടായിരുന്നു. ഒരു വലിയ ഹൃദയഭാരത്തോടെയാണ് അവിടെനിന്നും മടങ്ങിയത്.

ഭാരതീയ വൈജ്ഞാനിക സംസ്കൃതിയുടെ നമ്മുടെ കാലഘട്ടത്തിലെ അതോറിട്ടി എന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെട്ട മഹാ ജ്ഞാനിയായിരുന്നു ഗുരു മുനിനാരായണപ്രസാദ്‌.    ശ്രീനാരായണ ഗുരുദര്ശനത്തെ ആധികാരികമായി പഠിക്കുന്നതിനും യാതൊരു മുൻ വിധികളോ പക്ഷപാതിത്വമോ കൂടാതെ അവ വ്യാഖ്യാനിക്കുന്നതിനും  ലോകത്തെമ്പാടുമുള്ള വിജ്ഞാനദാഹികളായ പഠിതാക്കൾക്കുവേണ്ടി പുസ്തകരൂപത്തിൽ എഴുതിവക്കുന്നതിനും ഒരു ജീവിതകാലം തന്നെ നീക്കിവച്ച മനീഷി. 2024-ൽ രാജ്യം പത്മശ്രീ നൽകി ആ മഹാനെ ആദരിച്ചിരുന്നു.

അനാരോഗ്യമോ ശാരീരിക അവശതകളോ ഇച്ഛാശക്തിയെ ദുർബലപ്പെടുത്തുവാൻ അനുവദിക്കാതെ നിരന്തരമായ എഴുത്തിന്റെ പതിറ്റാണ്ടുകൾ.  ഒരു ദശകത്തിനുമുന്പ് പിടികൂടിയ ഗുരുതരമായ രോഗത്തിൽനിന്നും അതിശയകരമായ മോചനം. ഒരു വർഷത്തിലേറെ  മുൻപ് മരണത്തിന്റെ പടിവാതിലെത്തിയിട്ടും ജീവിതത്തിലേക്കുള്ള  തിരിച്ചുവരവ്. വീണ്ടും ഗ്രന്ഥരചനയുടെ പണിപ്പുരയിൽ. വിശ്രമമില്ലാത്ത ജ്ഞാനസപര്യ.  തത്വചിന്തയും വേദാന്തവും വിവിധ മതദർശനങ്ങളും പ്രധാനമായും പ്രതിപാദിക്കുന്ന ഇരുന്നൂറോളം കൃതികൾ അങ്ങനെ പിറന്നവയാണ്,   ഇംഗ്ളീഷിലും മലയാളത്തിലുമായി.  

നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ഏതു ദാർശനിക പണ്ഡിതരെക്കാളും മുൻപന്തിയിൽ നിൽക്കുവാൻ സർവഥാ യോഗ്യൻ. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ കൾട്ടുകളുടെയോ പിടികളിൽ പെടാതെ സർവസ്വതന്ത്രനായ സത്യാന്വേഷി.  വിശ്വത്തെയാകമാനം തന്റെ തറവാടായും എല്ലാവരെയും ആത്മസഹോദരരായും  കാണുവാൻ കഴിഞ്ഞ ഏക ലോക ദർശനത്തിന്റെ കലർപ്പില്ലാത്ത സ്വരൂപം. കിസ്തുവിനെയും കൃഷ്ണനെയും ബുദ്ധനെയും ശങ്കരാചാര്യരെയും നബിതിരുമേനിയെയും ഹൃദയത്തിൽ ചേർത്തുപിടിച്ച സമദർശി.  ഉപനിഷദ് മൂല്യങ്ങളുടെ കാലിക പ്രസക്തി കണ്ടറിയുകയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും വെളിവാക്കുകയും ചെയ്ത സത്യദർശി.

ഒരുതരത്തിലുമുള്ള പ്രകടനപരതക്കും കീഴ്പ്പെടാതിരിക്കാനുള്ള ആന്തരിക പാകതയും ആത്മീയ ഔന്നത്യവും നിഷ്ഠയോടെ പുലർത്തിയ ആ താപസൻ സാധാരണ മതഗുരുക്കന്മാരെപ്പോലെയോ സന്യാസിമുഖ്യരെപ്പോലെയോ പൊതുരംഗത്തു അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ അധ്വാനിച്ചില്ല. പേരിന്റെയും പെരുമയുടെയും മോഹവലയത്തിൽ പെട്ടുപോവാതെ ഉത്തമ സന്യാസിക്കുചേർന്ന വിരക്തിയുടെ യോഗാത്മകതലത്തിൽ സദാ അദ്ദേഹം വിരാജിച്ചു.

ഞാനെന്നഭാവം തെല്ലുമേൽക്കാത്ത ഉത്തമനായ സന്യാസി. ആൾക്കൂട്ടങ്ങളിൽനിന്നും അകന്നു നിൽക്കാൻ വെമ്പിയ പ്രകൃതം. സമ്മേളനങ്ങളിൽ ഘോരഘോരം പ്രസംഗിക്കാൻ ഉത്സാഹം കാട്ടിയിട്ടില്ല.   സ്വീകരണങ്ങൾ ഏറ്റുവാങ്ങാനോ വിവാദവിഷയങ്ങളുയർത്തി  വാർത്തകൾ സൃഷ്ടിക്കാനോ ഉദ്യമിച്ചിട്ടില്ല.  സംഭാവനകൾ തേടി ആരുടെയും അടുക്കൽ പോയിട്ടില്ല.  ഒരു നേതാവിന്റെയും മുൻപിൽ ആ ശിരസ്സ് കുനിഞ്ഞിട്ടില്ല. ഗുരുകുലത്തിലെത്തുന്നവരെ വലിയവരെന്നോ ചെറിയവരെന്നോ അളക്കാതെ സമന്മാരായി കണ്ട ഗുരുമനസ്സ്.  സൗമ്യനും ശാന്തനുമായി ഒരു താപസനെപ്പോലെ ഗുരുകുലവാടിയിലിരുന്നു തന്റെ ഗുരുക്കന്മാർ അരുളിയ അറിവിന്റെ അമൃതകണങ്ങൾ സ്വയം നുകരുകയും മറ്റുള്ളവർക്കുവേണ്ടി പകർന്നുവക്കുകയും ചെയ്യുന്നതായിരുന്നു മുനിഗുരുവിന്റെ നിഷ്ഠ.

ആത്യന്തികമായി താൻ ഏകാകിയാണെന്നും ഏകാകിയായിരിക്കാനാണ് എന്നും കൊതിച്ചിട്ടുള്ളതെന്നും അതിൽ സംതൃപ്തി അനുഭവിക്കുന്നവനാണെന്നും ലോകത്തോടു ആ മഹാസന്യാസി വെളിപ്പെടുത്തിയിട്ടുണ്ട്. എനിക്കുവേണ്ടി സ്മാരകം പണിയരുതെന്നും ശരീരം എവിടെ മറവുചെയ്തു എന്നുപോലും ആരും അറിയാനിടവരരുത് എന്നാഗ്രഹിച്ച ജീവന്മുക്തൻ. ആത്മായനം എന്ന ആത്മകഥയുടെ താളുകൾ ആ അപൂർവ്വ ജീവിതത്തിന്റെ ചൈതന്യഭാസുരമായ ഏടുകൾ ലോകത്തിനുമുന്പിൽ തുറന്നുവച്ചിരിക്കുന്നു .    

1972-ലോ 1973 ലോ ആണെന്നു തോന്നുന്നു ഞാൻ ആദ്യമായി മുനിനാരായണ പ്രസാദ് സ്വാമിയെ കാണുന്നത്. ശിവഗിരി തീർത്ഥാടന വേദിയിൽ ശ്രീനാരായണഗുരുവിന്റെ അദ്വൈതദീപിക എന്ന ഗഹനമായ വേദാന്തകൃതിയെ ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം നേരിൽ കേൾക്കുമ്പോൾ ഒരു ഹൈസ്കൂൾ വിദ്യാത്ഥിയായിരുന്നു ഞാൻ.  പിന്നീട് പലതവണ അദ്ദേഹത്തെ കാണുവാനും കേൾക്കുവാനും വായിക്കുവാനും ഇടയായിട്ടുണ്ട്.

1989 മുതൽ 1991 വരെ മുനിനാരായണപ്രസാദ്സ്വാമി ഇന്ത്യൻ വംശജർ ഏറെയുള്ള പസഫിക് സമുദ്രദ്വീപായ ഫിജിയിൽ കഴിഞ്ഞിരുന്നു.  അവിടെനിന്നും ഇന്ത്യയിലേക്കുള്ള മടക്ക യാത്രയിൽ ഏതാനും ആഴ്ചകൾ അദ്ദേഹം അമേരിക്കയിൽ തങ്ങിയിരുന്നു.  ആ വേളയിൽ  അദ്ദേഹം ഫിലാഡൽഫിയയിലുള്ള എന്റെ വസതിയിൽ നടന്ന സൗഹൃദ സദസ്സിൽ  സംവദിച്ചു ഞങ്ങളെ ധന്യരാക്കിയത് ഓർമ്മിക്കുന്നു. അതിനുശേഷം എത്രയോ അവസരങ്ങളിൽ ആ പാദങ്ങളിൽ ഞാൻ നമസ്കരിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ (2025)  ഗുരുകുല കൺവൻഷൻ സമാപന വേളയിൽ മുനിഗുരു നടത്തിയ കേനോപനിഷദ് സംബന്ധമായ പഠനക്ലാസ് ഇപ്പോഴും സ്മൃതിപഥത്തിലുണ്ട്.      

ഇക്കഴിഞ്ഞ ഏപ്രിൽ 25 ശനിയാഴ്ച പ്രഭാതത്തിനു ഏതാനും നാഴികകൾക്കു മുമ്പാണ് എൺപത്തിയേഴാം വയസ്സിൽ ഗുരു ഭൗതികദേഹം വെടിഞ്ഞത്.  അന്നു സായാഹ്നത്തിൽ തന്നെ സമാധിയിരുത്തൽ ചടങ്ങു നടക്കുകയും ചെയ്തു.  ഗുരുവിനെ അടുത്തറിയാവുന്നവരും വായനയിലൂടെയും പഠനക്‌ളാസ്സുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും ഗുരുവിന്റെ വൈജ്ഞാനിക ലോകവുമായി അടുപ്പം പ്രാപിച്ചിട്ടുള്ളവരുമായ അനേകർ അന്നും ഗുരുകുലത്തിൽ എത്തിയിരുന്നു. ആ മഹാത്മാവിന്റെ  ഭൗതിക ദേഹം അവസാനമായി ദർശിക്കുവാനും സമാധിയിരുത്തൽ ചടങ്ങുകളിൽ പങ്കാളികളാവുന്നതിനും എത്തിയ അവരുടെയൊക്കെ മുഖത്ത് ദൃശ്യമായത് വലിയൊരു നഷ്ടബോധമായിരുന്നു.

വാർത്ത കേട്ടറിഞ്ഞു മുനിഗുരുവിന്റെ ആരാധകനായ മുസ്തഫ മൗലവി പ്രഭാതം വിരിയുന്നതിനു മുൻപുതന്നെ  മലപ്പുറത്തുനിന്നും പുറപ്പെട്ടു സമാധിയിരുത്തൽ ചടങ്ങുകൾ തുടങ്ങുമ്പോഴേക്കും വർക്കല ഗുരുകുലത്തിൽ എത്തി. ഗുരു നിത്യചൈതന്യ യതിയുടെ വത്സല ശിഷ്യൻ ഷൗക്കത്തും വയനാട്ടിൽനിന്നും സമയത്തുതന്നെ വന്നുചേർന്നു.  അങ്ങനെ സമൂഹത്തിന്റെ നാനാതുറയിൽപെട്ട എത്രയോ ആളുകൾ.    

ഗുരുകുലാങ്കണത്തിൽ നടന്ന പൊതുദർശനത്തിലും ഗുരുനാരായണഗിരിയിൽ നടന്ന സമാധിയിരുത്തൽ ചടങ്ങുകളിലും  മറ്റെവിടെയും കാണുവാൻ കഴിയാത്ത ലാളിത്യമായിരുന്നു എന്നെ ഏറെ സ്പർശിച്ചത്. മുനിഗുരു എന്നും പുലർത്തിപ്പോന്ന മൂല്യാധിഷ്ഠിത നിലപാടുകളുടെ നിദർശനം.  അതിനു ദൃക്‌സാക്ഷിയാവാൻ കഴിഞ്ഞത് മഹാപുണ്യമായിക്കരുതുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക