Image

ആത്മ രഹസ്യം ( നോവൽ  - 18 : മിനി ആന്റണി )

Published on 08 June, 2026
ആത്മ രഹസ്യം ( നോവൽ  - 18 : മിനി ആന്റണി )

ഒരായിരം കഥകൾക്കകത്ത് മറ്റൊരു കഥയായി തുടരുന്നവരാണ് ഒരോ മനുഷ്യരും.

രാമേട്ടൻ ഷഹസറാദിൻ്റെ കഥ പറഞ്ഞുതുടങ്ങി.  

"പണ്ടുപണ്ടൊരറബിനാട്ടില് മിടുമിടുക്കിയായൊരു മന്ത്രികുമാരിണ്ടാര്ന്നു"

"ആ അറബിനാട്ടില് ഒട്ടകങ്ങളുണ്ടാർന്നില്ലേ രാമേട്ടാ … “ കഥക്കായി കാത് കൂർപ്പിച്ചിരുന്നവരിൽ  ചെറിയ ആൺകുട്ടി ചോദിച്ചു.

"നീ മിണ്ടാണ്ടിരുന്നേ ചെർക്കാ. എല്ലാ അറബിനാട്ടിലും ഒട്ടകംണ്ടാവില്ലേ. അവൻ്റൊരു ചോദ്യം"അൽപം മുതിർന്ന പെൺകുട്ടി അനിയനെ കളിയാക്കി.

"ഭാര്യ തന്നെ വഞ്ചിച്ചു എന്ന കാരണത്താല് അറബിരാജാവിന് ലോകത്തൊള്ള എല്ലാ പെണ്ണുങ്ങളോടും ദേഷ്യായി. "

"എന്നട്ട്"

"ദേഷ്യം തീർക്കാൻ രാജാവ് ഓരോ ദിവസം ഓരോ സ്ത്രീകളെ കല്യാണം കഴിച്ചു. ഒരു രാത്രി കഴിഞ്ഞ് നേരം  വെളുക്കുമ്പോ അവരെ കൊന്നുകളഞ്ഞു."

"അയ്യോ … “

"രാജാവിൻ്റെ ഈ ക്രൂരത ഷഹറസാദിന് സഹിച്ചില്ല.  ഷഹറസാദ് നല്ല ധൈര്യൊള്ള പെങ്കുട്ട്യാർന്നു. സ്‌ത്രീകളെ രക്ഷിക്കാനായിട്ട്  ഷഹറസാദ് അടുത്ത ദിവസം സ്വയം രാജാവിനെ കല്യാണം കഴിക്കാൻ തയ്യാറായി.”

" അയ്യോ … അപ്പോ രാജാവ് അവരേം കൊല്ലുലേ…. " കഥ കേട്ടുകേട്ട് കുട്ടികൾ പതുക്കെ നിരങ്ങിനീങ്ങി  രാമേട്ടൻ്റെ ഇരുവശത്തുമായി തൊട്ടുരുമ്മിയിരിക്കാനാരംഭിച്ചു. രാമേട്ടൻ അറബിക്കൊട്ടാരത്തെ പറ്റിയും അറബിനാടിനെ പറ്റിയും അവിടുത്തെ മനുഷ്യരെപറ്റിയും വിവരിച്ച് പറയുന്നതുകേട്ട് കുട്ടികൾ അറബിനാട്ടിലെത്തിയ ഭാവത്തിൽ സ്വയം മറന്നിരിക്കുകയാണ്. 

അടുത്ത വീട്ടിലെ ആരതിയുടെ കുട്ടികളാണ്.  സ്കൂൾ അവധിദിവസങ്ങളിൽ ആരതി തയ്യൽക്കടയിലെ ജോലിക്കായി പോകുമ്പോൾ കുട്ടികളെ രാമേട്ടനടുത്താക്കാറാണ് പതിവ്.  ഉച്ചയ്ക്ക് കഴിക്കാനുള്ള ആഹാരവും കൂടി കൊണ്ടുവച്ച് ആരതി പറയും. " വെറുതെ രാമേട്ടനെ ബുദ്ധിമുട്ടിക്കരുത്. ചോറും കറിയും  ഇതന്നെ കഴിച്ചാമതി. "  പക്ഷേ കുട്ടികളൊരിക്കലും അമ്മ കരുതിയ ഭക്ഷണം കഴിക്കാറില്ല. രാമേട്ടൻ്റെ കഞ്ഞിയും കറിയുമാണ് അവർക്കിഷ്ടം.  എന്നാലും ആരതി ആഹാരം കൊണ്ടുവരുന്ന പതിവ് നിർത്തിയില്ല. കളയണ്ടല്ലോന്ന് കരുതി ഒരു ദിവസം എടുത്ത് കഴിച്ചപ്പോഴാണ് ആരതി നല്ലൊരു തുന്നൽക്കാരി മാത്രല്ല നല്ലൊരു പാചകക്കാരി കൂടിയാണെന്ന് ബഷീറിന് മനസ്സിലായത്.

മുമ്പൊക്കെ ആരതിയുടെ അമ്മ ഓമനയാണ് കുട്ടികളെ നോക്കാറുള്ളത്. ഷഹറസാദിൻ്റെ കഥയുമായി ഓമനയ്ക്ക് സാമ്യമുണ്ടല്ലോയെന്ന് ബഷീർ തമാശയോടെ ചിന്തിച്ചു. മൂശാരിച്ചി ഓമനയെന്ന് പറഞ്ഞാൽ  എല്ലാവരും അവരെ പെട്ടെന്നറിയും. ഓമനയ്ക്ക് പണ്ടൊരു പ്രണയമുണ്ടായിരുന്നു.  ഇരുനിറത്തിൽ തിളങ്ങുന്ന എണ്ണമെഴുക്കുമുഖമുള്ള ഒരു സുന്ദരിയായിരുന്നതിനാൽ പുറകെ നടക്കാൻ പൂവാലൻമാർ ഒരുപാടുണ്ടായിരുന്നു.  ഓമന ഒരുത്തനേം  മൈൻഡ് ചെയ്തില്ല. ഒടുവിലൊരു ക്രിസ്ത്യാനിചെറുക്കൻ, അവനങ്ങനെ പുറകേ നടക്കുന്ന കൂട്ടത്തിലുള്ളവനായിരുന്നില്ല. അല്ലെങ്കിലും  എന്തെങ്കിലും അസ്വാഭാവിതയുള്ളതിലേ സ്ത്രീകളുടെ കണ്ണുടക്കൂ.. ഇപ്പഴും അതങ്ങനെയല്ലേ !  കള്ളും കഞ്ചാവും അടിച്ചു നടക്കുന്ന താന്തോന്നികളായ ചെറുക്കൻമാരുടെ പുറകെ എന്ത് കണ്ടിട്ടാണ് വിവരോം വിദ്യാഭ്യാസോം ഉള്ള പെങ്കുട്യോള് എറങ്ങിപ്പോണേന്ന്  രാമേട്ടൻ കഴിഞ്ഞ ദിവസം കൂടി പറഞ്ഞതേയുള്ളൂ. 

എന്തായാലും ഓമന കണ്ടെത്തിയ ആൾക്ക് ദുശ്ശീലം ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് കയ്യിൽ നടക്കുക, മലക്കം മറിയുക തുടങ്ങിയ അയാളുടെ കസർത്തുകൾക്ക് കാഴ്ച്ചക്കാരുണ്ടായിരുന്നു.  മദ്രാസിലോ മറ്റോ പോയി വന്നതിൻ്റെ പ്രത്രാസുമുണ്ടായിരുന്നു.. ആ പ്രദേശത്തെ തറവാട്ടുകാരെങ്കിലും വലിയ ധനസ്ഥിതിയൊന്നും പത്രാസുകാരൻ്റെ വീട്ടുകാർക്ക്  ഉണ്ടായിരുന്നില്ല. പ്രണയം  പൈനാപ്പിൾപാടത്ത്  പൂത്തുവിടർന്ന് കായ്ച്ചു.  അവസാനം ജാതിക്കാര്യം പറഞ്ഞ്  ആ ചെറുക്കൻ തേച്ച് പോയതിൻ്റെ ബാക്കിയാണ് ആരതി.  സഹിക്കാനും പൊറുക്കാനും കഴിയാതെ ആ വഞ്ചന  ഓമനയുടെ  ഉള്ളിലിരുന്ന് മൂശയിലൊഴിച്ച ലോഹം പോലെ  നീറിയുറച്ചു. ആരതി വെള്ളം തോർന്ന ശേഷമാണ് ഓമനയുടെ പ്രതികാരം ആരംഭിച്ചത്.  

നാട്ടിൽ നടന്നതൊക്കെ പിന്നീട് പരസ്യമായ രഹസ്യമാണ്.  പിന്നാലെ നടന്നവൻമാരിൽ പലരും ഓമനയുടെ മൂശയിലെ ചൂടറിഞ്ഞിട്ടുണ്ട് . നാണക്കേട് കാരണം ആരും പുറത്ത് പറഞ്ഞില്ല. അതുകൊണ്ട് ഓമനയ്ക്ക് മൂശയിലുരിക്കിയൊഴിക്കാൻ ആളെ കിട്ടിക്കൊണ്ടേയിരുന്നു. ഏതോ ഒരു ധൈര്യവാൻ പീഡനം പുറത്തെത്തിക്കും വരെ ഓമനയുടെ പ്രതികാരം തുടർന്നു. ഇങ്ങനെയൊരു കഥയും കൂടി ഉള്ളതിനാലായിരിക്കാം ആരതിയുടെ വിവാഹം കുറച്ച് വൈകിയാണ് നടന്നത്. നെറ്റിയിൽ ചുമന്ന കുറിതൊട്ട് കയ്യിൽ രാഖി കെട്ടിയ സുമുഖനായ ചെറുപ്പക്കാരൻ  ആരതിയെ ചോദിച്ച് ഇങ്ങോട്ട് വരികയായിരുന്നു .  നാലോ അഞ്ചോ  കൊല്ലത്തെ ആയുസ്വേയുണ്ടായിരുന്നുള്ളൂ ആ   ദാമ്പത്യത്തിന്. ആരതിയുടെ ഭർത്താവിൻ്റേത്  രാഷ്ട്രീയ കൊലപാതകമായിരുന്നു  എന്ന് പറയപ്പെടുന്നു.  മരുമകൻ്റെ മരണവും തുടർന്നുള്ള മകളുടെ  കഷ്ടപാടുകളും കണ്ടിട്ടാവാം ശൗര്യമെല്ലാം തീർന്ന പ്രായത്തിൽ ആധിയും കൂടി കയറി ഓമനയുടെ ജീവിതം പെട്ടെന്ന്  തീർന്നത്. 

മരത്തണലിൽ കുട്ടികളുണ്ടാക്കി വച്ചിരിക്കുന്ന ചൂടും ചൂരും മാറാത്ത മണ്ണപ്പങ്ങൾ നോക്കിയിരുന്നപ്പോൾ   ബാല്യം ഉള്ളിലിരുന്ന്  മധുരിക്കുന്നതായി ബഷീറിന് തോന്നി. കുട്ടിവീടുകൾ കെട്ടി കളിക്കുന്ന സമയത്ത് താനംഗമായ വീട്ടിലെ മണ്ണപ്പങ്ങൾ, നടന്ന് പോകുന്നതിനിടയിൽ അറിയാതെ പറ്റിയതെന്ന ഭാവത്തിൽ മായ 

തട്ടിക്കളയാറുള്ളതോർത്തപ്പോൾ  ബഷീറിന് ചിരിവന്നു.  ഷഹറസാദിൻ്റെ കഥയിലാണ്ട് സങ്കടപ്പെട്ടിരുന്ന കുട്ടികൾ  പുറത്തേക്ക് വന്ന ചിരിയൊച്ചകൾ കേട്ട് തിരിഞ്ഞുനോക്കി. 

പണ്ടത്തെ ആ അത്തിക്കാവ് എത്ര മനോഹരമായിരുന്നു. അകത്തും പുറത്തും. ജാതിമതഭേദമന്യേ എല്ലാവരും പങ്കെടുക്കുന്ന പള്ളിപ്പെരുന്നാള്.  അതേപോലെ എല്ലാവരും ഒന്നിച്ചാർമ്മാദിക്കുന്ന  അത്തിക്കാവിലെ ഉച്ചവലത്തും  കിഴക്കേക്കാവിലെ പൂയവും . പള്ളിപ്പെരുന്നാളിൻ്റെ അച്ചപ്പവും കുഴലപ്പവും വട്ടേപ്പവും ഹിന്ദുക്കളുടെ വീട്ടിലും വിഷുക്കട്ടയും പാൽപ്പായസവും ഉണ്ണിയപ്പവും ക്രിസ്ത്യൻസിൻ്റെ വീട്ടിലും  കൃത്യമായി  പകുത്തെത്തിച്ചിരുന്ന  സാഹോദര്യവും സൗഹൃദവുമായിരുന്നു അന്നത്തെ അത്തിക്കാവിൻ്റെ സൗന്ദര്യം.  

പഞ്ചായത്ത് കാലങ്ങളായി കമ്മ്യൂണിസ്റ്റ്കാരായിരുന്നു ഭരിച്ചിരുന്നതെങ്കിലും ആർക്കും പ്രത്യേക പാർട്ടിയൊന്നും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പുകാലത്ത് മാത്രം നാട്ടുകാർക്കിടയിൽ ഉണ്ടാകുന്ന വാശിയേറിയതും രസകരവുമായ  ഒരു മത്സരം എന്നതിലുപരി പാർട്ടിപ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. പിന്നെ എപ്പോഴാണ് എങ്ങനെയാണ് അത്തിക്കാവിൽ ഞങ്ങളുടേതെന്നും നിങ്ങളുടേതെന്നുമുള്ള വിഭജനം ഉണ്ടായത്! ആരുമറിയാതെ  ഏറെ സമയമെടുത്ത് അതെപ്പോഴോ  ഉണ്ടായിവരികയായിരുന്നു.  ബഷീറിനെ  വരത്തനെന്നാക്ഷേപിച്ച് പുറന്തള്ളാനുള്ള മനസ്സ് അത്തിക്കാവിനുണ്ടായതും ആ ഒരു മാറ്റം കാരണമാണ്.

സന്തോഷും രാജേട്ടനുമായിരുന്നു ബഷീറിന് ഏറ്റവുമടുപ്പമുള്ള രണ്ട് സുഹൃത്തുക്കൾ. അത്തിക്കാവിലെ സ്‌കൂൾകാലം മുതൽ  ഒന്നിച്ചുണ്ടായിരുന്നവരാണ്. ഒരിക്കൽ സന്തോഷിനെ വിളിച്ചപ്പോൾ ആരതിയുടെ കാര്യം സംസാരത്തിൽ വന്നു.  കറ തീർന്ന ആർ എസ് എസ്സുകാരനാണ്.  ശാന്തനും സൗമനുമായ സന്തോഷിൻ്റെ തലയ്ക്കു പുറകിൽ ഒരു പ്രഭാവലയമുണ്ടെന്ന് മായ പലപ്പോഴും പറയാറുണ്ട്.  വയസ്സിന് മുതിർന്നവരായതിനാലും സമൂഹത്തോടുള്ള അവരുടെ ആറ്റിറ്റ്യൂഡിനോടുള്ള ബഹുമാനത്താലും  ചില ചിന്താഗതികളോട് പൊരുത്തപെടാനായില്ലെങ്കിലും ബഷീർ ഒരിക്കലും അവരോട് തർക്കിക്കാറില്ല.

താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടുള്ള ആദരവും വിശ്വസ്തയുമാണ് ഇപ്പോഴും സന്തോഷിൻ്റെ സംസാരത്തിലുള്ളതെന്ന് ബഷീർ പ്രത്യേകം ശ്രദ്ധിച്ചു. പണ്ട് ചോദിക്കാതെ വിട്ടിരുന്ന ചില ചോദ്യങ്ങൾക്കുള്ള അവസരം ആരതിയുടെ കാര്യം പറയുന്നതിനിടയിൽ വീണുകിട്ടി.  

" ഗുണ്ടായിസം എന്നൊരു കാര്യം ഇല്ല്യ. സ്വന്തം കാര്യങ്ങൾക്ക്,  അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടി ഉണ്ടാവണ അടിപിടി .  പക്ഷേ സംഘത്തിന് കൂടെ നിക്കണ്ടവരും. സംഘബലം ഇപ്പഴും കൊറവാ.  എണ്ണത്തില് കൊറവായോണ്ട് പ്രശ്നത്തിപെട്ടോര് കൊഴിഞ്ഞ് പോവാണ്ടിരിക്കാൻ കൂടെ നിക്കണ്ട വരും. "

"താൻ പറഞ്ഞ ഒരു കാര്യം ശര്യാ.  ഞങ്ങളെപ്പോലെ മാറ്റി നിർത്തപ്പെട്ടോർക്ക് ശാഖ ഒരു സംഭവം തന്ന്യാർന്നു. ജാത്യാലൊള്ള അവഗണന അത് തൂത്താ പോണതല്ല. അതൊക്കെ അനുഭവിച്ചന്നെ അറിയണം.  അപ്പൊ അന്നതൊരു പിടിവള്ളി ആരുന്നു. "

ദേശീയതയിലേക്കും ഹിന്ദുത്വവാദത്തിലേക്കും സംസാരം കടക്കുന്നതിലേക്ക് താൽപര്യമില്ലാത്തതിനാൽ ബഷീർ  കൂടുതൽ ചോദ്യങ്ങളൊഴിവാക്കി. അല്ലെങ്കിലും ഒരു സംവാദത്തിനുള്ള മാനസികാവസ്ഥ എന്നേ ബഷീറിന് നഷ്‌ടപ്പെട്ടിരുന്നു. സകലരേയും അവരവരുടെ കാഴ്ച്ചപ്പാടിലായിരിക്കാൻ അനുവദിക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ ബഷീറിൻ്റേത്.

കഥകേൾക്കലിന് ശേഷം മുറ്റത്ത് കുട്ടികൾ ടോസ്സിടാനാരംഭിച്ചു. തുളസിയില അവരാഗ്രഹിക്കുന്ന വിധത്തിൽ കമിഴ്‌ന്നോ മലർന്നോ വീഴും വരെ അവർ പലവട്ടം കാറ്റിൽ പറത്തി.  പ്രവചനങ്ങൾ തങ്ങൾക്കനുകൂലമാകണമെന്നാണല്ലോ  എല്ലാവരും ആഗ്രഹിക്കാറ്. എന്തായിരിക്കും ഇപ്പോഴത്തെ അവരുടെ ആഗ്രഹം.

"മലന്ന് വീണാ ജയിക്കും. കമന്ന് വീണാ തോക്കും. "  ഓരോ വർഷത്തേയും റിസൽട്ടറിയാറാവുമ്പോൾ മുതൽ മായ തുളസിയില പറത്തി നോക്കും. കമിഴ്ന്ന് വീണാൽ കാറ്റ് ശരിയല്ലെന്ന് പറഞ്ഞ് വീണ്ടും പറത്തും .  വല്ല്യമ്മ ഒച്ചയെടുക്കുവോളം അത് തുടരും. "ഇത് ലാസ്‌റ്റ് . ഈ വട്ടം  വരണത് ശര്യാവും." അവസാനം അത്തിക്കാവിലെ കാറ്റവളെ തുണയ്ക്കും.  അന്നേക്ക് അവൾക്ക് മനസമാധാനത്തോടെ ഉറങ്ങാനാവും.  അത്തിക്കാവിലെ കാറ്റിന് മനസ്സറിഞ്ഞ് പെറുമാറാനുള്ള ആ സിദ്ധി ഇപ്പോഴും ഉണ്ടാവുമോ? അതോ നാട്ടുകാർക്കൊപ്പം നാടും മാറിയിട്ടുണ്ടാവുമോ? മായയ്ക്ക് ഊഹിക്കാനേ ആവുന്നുണ്ടായിരിക്കില്ല, അത്തിക്കാവിൻ്റെ ഇപ്പോഴത്തെ നിലപാടുകൾ. ബഷീർ പഴയ അത്തിക്കാവിനെ ഓർത്തെടുത്തുകൊണ്ട്  ചുമരിലേക്ക് ചാരി കണ്ണടച്ചിരുന്നു.

സന്തോഷും രാജേട്ടനും തരുന്ന രാഖി പരസ്പരം  കെട്ടികൊടുക്കുമ്പോൾ പണ്ട് മായയോടൊപ്പം താനും കൂറേ സന്തോഷിച്ചിട്ടുണ്ട്. ആൺകൂട്ടുകാർക്കെല്ലാം  അവൾ രാഖികെട്ടും. പെൺകൂട്ടുകാരെ കൊണ്ടെല്ലാം തൻ്റെ കയ്യിൽ കെട്ടിക്കുകയും ചെയ്യും. പ്രത്യേകിച്ചും സുമനയെകൊണ്ട് . സുമനക്ക് തന്നോട് പ്രത്യേകിച്ചൊരടുപ്പം ഉണ്ടെന്ന കുശുമ്പ് അവൾക്കെപ്പോഴുമുണ്ടായിരുന്നു.  പാവം സുമന !  അന്നാരെങ്കിലും കരുതിയിരുന്നോ സുമന മുപ്പത്തിരണ്ടാം വയസ്സിൽ മരിക്കുമെന്ന്?  അല്ലെങ്കിലും നാളെ സംഭവിക്കുന്നതെന്തെന്ന് അറിയാതിരിക്കുന്നതിനാലും നാളെയെന്ന ഒന്ന് നാളെയാകും വരേക്ക് വെറും സങ്കൽപ്പം മാത്രമാണെന്ന് ഓർക്കാതിരിക്കുന്നതിനാലുമാണല്ലോ മനുഷ്യർക്കിത്ര മനോഹരമായി ജീവിക്കാനാവുന്നത്.

സുമന എന്നും അനാരോഗ്യവതിയായ കുട്ടിയായിരുന്നു. എപ്പോഴും ശ്വാസമുട്ടാണ് സുമനയ്ക്ക്.  വാവടുക്കുമ്പോഴും കാലാവസ്ഥ മാറുമ്പോഴും ശ്വാസമുട്ട് കൂടും.  സുമനയുടെ അമ്മ കുട്ട്യാമ്പലത്തിലെ മുത്തപ്പൻ്റെ  മുമ്പിൽ കോഴിക്കുരുതി നടത്തിയും പാമ്പുംകാവിൽ കളമെഴുത്ത് നേർന്നുമാണ് സുമനയെ സംരക്ഷിച്ചുകൊണ്ടിരുന്നത്.  ദേഹാസാസ്ഥ്യം വകവെയ്ക്കാതെ ചിരിച്ച് കളിച്ച് നടക്കുന്ന സുമനയോട് ബഷീറിനും ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു.  പ്രിഡഗ്രി കാലത്താണ് സുമനയുടെ ഹൃദയത്തിലെ ചെറിയ ദ്വാരം കണ്ടുപിടിക്കുന്നത്. 

"മായേടെ കല്ലേറ് കിട്ടി ഓട്ട ആയതാ. ബഷീറേ നിനക്ക് വേണ്ടിയാ ഞാനീ ഏറാക്കെ ചങ്കത്ത് വാങ്ങിക്കൂട്ടുന്നെ. "  ചിരിച്ചോണ്ടാണ് സുമന അത് പറഞ്ഞതെങ്കിലും അതിലിത്തിരി കാര്യവുമുണ്ടായിരുന്നു.  മായ അത്തിക്കാവിൽ നിന്ന് പോയ ശേഷമുള്ള  തൻ്റ അവസ്ഥകണ്ട്  തന്നേക്കാൾ വേദനിച്ചത് സുമനയായിരുന്നു.  

നാടുവിട്ടും വീടുവിട്ടും ഓരോരോ കാര്യങ്ങളുമായി  ഓർമകളിൽ നിന്ന് രക്ഷപ്പെടാനെന്നോണം ഓടി നടക്കുന്നതിനിടയിലൊരിക്കൽ വീട്ടിലെത്തിയ സമയത്ത് സുമന ഓടി  വന്നു.  അമ്മ അവളുടെ കല്യാണമുറപ്പിച്ചത് പറയാൻ.

"അസുഖക്കാരിയായോണ്ട്  മാർക്കറ്റില്  ചെലവാവണേല് ഇത്തിരി കൂടുതലെറക്കണം. അഛനും അമ്മേം  ഉള്ള കാശൊക്കെ കൂട്ടിവച്ച് പൊന്ന് കൊറച്ച് ണ്ടാക്കീട്ടുണ്ടന്നേ. ഒറ്റമോളല്ലേ.  ഞാനിങ്ങനെ കെട്ടാകനിയായി നിൽക്കണത് തവർക്ക് സഹിക്കണില്യാത്രെ. എന്തായാലും നടക്കട്ടേല്ലേ.  എന്നാലും നിന്നോട് ഒന്ന് ചോദിക്കണംന്ന് മനസ്സ് പറഞ്ഞു. വരണത് കാത്ത് നിക്കാരുന്നു.  മായ എവടേലും സുഖായി ജീവിക്ക്ണ്ടാവും.  നീയിപ്പഴും അവളെ കാത്ത് ഇരിക്ക്യാ…?  അവള് വരുന്ന് നിനക്കൊപ്പുണ്ടോ ബഷീറേ…. "

മറുപടിയൊന്നും പറയാഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ തിരിഞ്ഞ് നടന്നു. പിന്നെയും വർഷങ്ങൾ മുമ്പോട്ട് പോയി. ഇടയ്ക്കുളള വരവുകളിൽ മറ്റേമ്മ പറയുന്ന വിശേഷങ്ങളുടെ കൂട്ടത്തിൽ …….

"സുമടെ കല്യാണം കഴിഞ്ഞു. "

"സുമനക്ക് വിശേഷംണ്ട്. വയ്യാത്ത കുട്ട്യല്ലേ. ഒരു കൊഴപ്പോം ഇല്ലാണ്ട് രണ്ടും രണ്ടടത്തായാ മത്യാർന്നു "

"സുമന പെറ്റൂട്ടോ . പെങ്കുട്ട്യാ . "

"ആ ചെക്കൻ സുമനേനെ ഇവ്ടെ നിർത്തി പോയേക്വാ. അവൾക്ക് ഇപ്പോ വയ്യായ്ക കൂടുതലാത്രെ. ഒക്കെ അറിഞ്ഞട്ടല്ലേ കെട്ടീത്? വിധ്യന്നെ . “

അവസാനം സുമനയെ കാണുന്നത് കുസൃതിക്കുടുക്കയായ മോളോടൊപ്പമാണ്. മുഖത്തൊക്കെ നീരുണ്ടായിരുന്നു അപ്പോൾ. 

"ഞാൻ മരിച്ചാലും എൻ്റെ പ മോളെ കാര്യത്തില് ഒരു ശ്രദ്ധ വേണം.  എല്ലാരേം സഹായിക്കണ കൂട്ടത്തില് അതുപോലെ ഒരു ശ്രദ്ധ. "

പതിവുപോലെ മൗനത്തിൽ പൊതിഞ്ഞൊരു ഉത്തരം മാത്രമേ അവൾക്ക് കൊടുക്കാനുണ്ടായിരുന്നള്ളൂ. കുറച്ച് നേരം മിണ്ടാതെ നിന്ന ശേഷം ശാന്തതയോടെ അവൾ കുഞ്ഞിനേയും കൊണ്ട് തിരിഞ്ഞ് നടന്നു

 അടുത്ത വരവിൽ മറ്റേമ്മ പറഞ്ഞു .

"മ്മടെ  സുമന പോയീട്ടാ ബഷീറേ."

സന്തോഷ് വിളിച്ച് പറഞ്ഞ് മുമ്പേയറിഞ്ഞിരുന്നു. വരാൻ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നെങ്കിലും വരുമായിരുന്നില്ല. വന്നിട്ടെന്തിനാണ്? കുറച്ച് ദിവസത്തെ സങ്കടത്തോടെയുള്ള ആലോചന മാത്രമാണ് ഇനി സുമനയ്ക്കായി കൊടുക്കാനുള്ളത്.  തന്നോടൊപ്പമായിരുനെങ്കിൽ അവളിനിയും ജീവിക്കുമായിരുന്നോ?  സുമന കെട്ടിത്തന്ന രാഖി ഹൃദയത്തിലൊരു ബന്ധനമായി എന്നും കിടന്നിരുന്നു. ഇപ്പോഴും അതൊരു കെട്ടുപാടായി സുമനയുടെ മകളിലേക്ക് പടർന്ന് കിടപ്പുണ്ട്.

സുമന ആഗ്രഹിച്ചതുപോലെ  അവളുടെ മകളെ ചേർത്തു പിടിച്ചിട്ടേയുള്ളൂ. അത്തിക്കാവിലേക്കുള്ള  ഓരോ വരവിനും ആ കുഞ്ഞും ഒരു കാരണമായിരുന്നു.  ഒരിക്കൽ കൊച്ചു വർത്തമാനങ്ങൾക്കിടയിൽ അവൾ ചോദിച്ചു.

"ഞങ്ങളമ്പലക്കാരാ .  ദേവികേം കാവ്യേം  ഒക്കെ അമ്പലക്കാരാ. മാമൻ  എമ്മാനേലിൻ്റെ മാതിരി പള്ളിക്കാരനാണോ?" 

സായാഹ്നത്തിന് മുകളിലേക്ക് ഇരുട്ട് പടരാൻ തുടരുകയായിരുന്നു.  കുട്ടിയുടെ നെറ്റിയിലൊരു ഉമ്മ കൊടുത്ത് അത്തിക്കാവിലെ ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോൾ മനസ്സൊരു ഉത്തരം തേടി വെപ്രാളപ്പെട്ടുകൊണ്ടേയിരുന്നു.

ഇത്തിരിയില്ലാത്ത ആ കുഞ്ഞു മനസ്സ്  ഈ വേർത്തിരിവിലേക്കെത്തിയത് ഏത് വഴിയിലൂടെയായിരിക്കും?  അത്തിക്കാവിലെ ഈ പുതിയ വഴി ബഷീറിനനപരിചിതമായിരുന്നു.

( തുടരും .....)


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക