
ന്യൂഡൽഹി: യുഎസ് - ഇറാൻ സമാധാന കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സുപ്രധാന പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണായക വിവരം പങ്കുവെച്ചത്.
ദീർഘനാളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതി നുള്ള ഔദ്യോഗിക ധാരണയിലേക്ക് ഇരുരാജ്യങ്ങളും എത്തിയതായാണ് വിവരം. ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, പാ ക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായി സംസാരിച്ചുവെന്ന് ട്രാപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇറാനും ഇക്കാര്യത്തിൽ അനുകൂലമായ സൂചനകൾ നൽകിയിരുന്നു.
അതേസമയം സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന കാര്യം ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടുന്നത് ഉൾപ്പെടെ കരാറിൽ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം ഹോർമൂസ് കടലിടുക്കിന്റെ പൂർണ അധികാരം തങ്ങൾക്കാണെന്ന് ഇറാൻ വ്യക്തമാക്കി. മേഖലയിലെ മറ്റ് സഖ്യകക്ഷികളുമായും ഇസ്രായേലുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇറാനുമായുള്ള സമാധാനക്കരാർ ഏതാണ്ട് പൂർത്തിയായതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഈ നീക്കം വഴിത്തിരിവായേക്കും.
യു.എസ് ഇസ്രായേൽ സംയുക്ത ആക്രമണത്തിന് മറുപടിയായി ഇറാൻ ഭാഗികമായി ഉപരോധിച്ച ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾക്ക് പുതിയ കരാറോടെ പരിഹാരമാകുമെന്ന് മാർക്കോ റൂബിയോ പറഞ്ഞു. ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കുന്നില്ല എന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള വാണിജ്യ കപ്പലുകളെ ഇറാൻ ഭീഷണിപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റൂബിയോ
ചൂണ്ടിക്കാട്ടി.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ വെറും പ്രചാരണം: മാത്രമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ തന്നെ നിലനിർത്തുമെന്നും, കപ്പലുകളുടെ എണ്ണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ മാത്രമേ സമ്മതിച്ചിട്ടുള്ളൂ എന്നും ഇറാൻ വ്യക്തമാക്കി. ഇത് പൂർണ്ണമായ സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യമല്ലെന്നാണ് ഇറാന്റെ നിലപാട്. കൂടാതെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഈ ഘട്ടത്തിൽ തയ്യാറായിട്ടില്ലെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .