
എറണാകുളത്ത് നടന്ന കൊച്ചി പൗരാവലിയുടെ സ്വീകരണ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അനുമോദിച്ച് നടൻ മമ്മൂട്ടി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ വി.ഡി. സതീശനും, ജില്ലയിലെ മന്ത്രിമാർക്കും എം.എൽ.എമാർക്കും നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിൽ പലതവണ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്ന് മമ്മൂട്ടി പറഞ്ഞു. “തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി ഞാൻ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. അഭിനയം എളുപ്പമുള്ള കാര്യമാണെങ്കിലും, യഥാർത്ഥത്തിൽ മുഖ്യമന്ത്രി പദം അങ്ങനെയല്ല. അത് ഏറെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ്.
വളരെ ശ്രദ്ധാപൂർവം ചെയ്യണ്ട കാര്യമാണതെന്നും എല്ലാ ജനങ്ങളെയും സന്തോഷിപ്പിക്കുകയും എല്ലാ പ്രശ്നങ്ങൾ പരിഹരിക്കുകയും എല്ലാവരെയും കേൾക്കുകയും അവരോട് സംസാരിക്കുകയും ചെയ്യേണ്ട പ്രവർത്തിയാണ് മുഖ്യമന്ത്രിയുടേതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. മന്ത്രിമാരെ നിയന്ത്രിക്കുകയും നേതൃത്വം നൽകേണ്ടതിന്റെയും ചുമതല മുഖ്യമന്ത്രിയ്ക്കാണ്. അത് വളരെ നീതിപൂർവം നിർവഹിക്കേണ്ട നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലാ അനുമോദനങ്ങളും അർപ്പിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും, മന്ത്രിസഭയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണെന്നും മമ്മൂട്ടി ഓർമ്മിപ്പിച്ചു. വി.ഡി. സതീശന് തന്റെ പ്രവർത്തനങ്ങൾ നീതിപൂർവ്വം നിർവഹിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ച മമ്മൂട്ടി, അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.