
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എറണാകുളം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോൾ തന്നെ ശക്തമായ മഴ തുടരുകയാണ്. എറണാകുളം ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
മഴ കനത്തതോടെ ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഇടയ്ക്കിടെ തുറക്കും. ഷട്ടറുകൾ തുറക്കുന്നതോടെ പെരിയാർ, ആലുവ, പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.