Image

യുഎസ് വിദേശികളെ സ്വാഗതം ചെയ്യുന്ന രാജ്യമാണ്, പക്ഷെ അവിടെയും മണ്ടത്തരങ്ങൾ പറയുന്നവരുണ്ട്; ഇന്ത്യക്കാർക്കെതിരായ വംശീയ അധിക്ഷേപങ്ങളിൽ മാർക്കോ റൂബിയോ

Published on 24 May, 2026
യുഎസ് വിദേശികളെ സ്വാഗതം ചെയ്യുന്ന  രാജ്യമാണ്, പക്ഷെ അവിടെയും മണ്ടത്തരങ്ങൾ  പറയുന്നവരുണ്ട്; ഇന്ത്യക്കാർക്കെതിരായ വംശീയ അധിക്ഷേപങ്ങളിൽ  മാർക്കോ റൂബിയോ

ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെ വർധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങളെ  തള്ളിപ്പറഞ്ഞ് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ.  യുഎസ് വിദേശികളെ സ്വാഗതം ചെയ്യുന്ന  ഒരു രാജ്യമാണെന്നും എന്നാൽ ലോകത്തെ എല്ലാ രാജ്യങ്ങളിലുമെന്ന പോലെ അമേരിക്കയിലും മണ്ടന്മാരായ ആളുകളുണ്ടെന്നും  ഇത് അമേരിക്കയുടെ യഥാർത്ഥ മനോഭാവമല്ലെന്നും അദ്ദേഹം  പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റൂബിയോ, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ വംശജർക്കെതിരെയുള്ള വംശീയ പരാമർശങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റൂബിയോ പറഞ്ഞു. ‘ഓൺലൈനിലും മറ്റ് ഇടങ്ങളിലും ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ഉണ്ടാകാം. കാരണം, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിവരമില്ലാത്ത ആളുകൾ ഉണ്ട്. ഇവിടെയും കാണും അങ്ങനെയുള്ളവർ, അതുപോലെ അമേരിക്കയിലുമുണ്ട് എപ്പോഴും മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന ആളുകൾ. എന്നാൽ അമേരിക്ക വിദേശികളെ സ്വാഗതം ചെയ്യുന്ന ഒരു രാജ്യമാണ്.' അദ്ദേഹം   പറഞ്ഞു.

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും ശക്തിപ്പെടുത്തുന്നതിൽ കുടിയേറ്റക്കാർ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യൻ കമ്പനികൾ മാത്രം 20 ബില്യൺ ഡോളറിലധികം അമേരിക്കൻ വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെ ഒരു തന്ത്രപ്രധാന സഖ്യം എന്ന് വിശേഷിപ്പിച്ച റൂബിയോ, ആഗോളതലത്തിൽ തന്ത്രപ്രധാനമായ വിഷയങ്ങളിൽ സ്വാധീനം ചെലുത്താൻ സാമ്പത്തികവും നയതന്ത്രപരവുമായ ശേഷിയുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അടിവരയിട്ടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റൂബിയോ കൂടിക്കാഴ്ച നടത്തി ഒരു ദിവസത്തിന് ശേഷമാണ് റൂബിയോയുമായി ജയശങ്കർ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയിൽ നിന്നുള്ള നിയമപരമായ കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകളെയും അദ്ദേഹം അഭിസംബോധന ചെയ്തു. "കഴിഞ്ഞ കുറച്ചു വർഷങ്ങളായി 20 ദശലക്ഷത്തിലധികം ആളുകൾ അനധികൃതമായി യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് കടന്നിട്ടുണ്ട്. ആ വെല്ലുവിളിയെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വരുന്നത്. ഇത് ഇന്ത്യ കാരണമുണ്ടായ പ്രതിസന്ധിയല്ല. എങ്കിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയിൽ യുഎസ് കുടിയേറ്റ സംവിധാനം ഞങ്ങൾ ആധുനികവൽക്കരിക്കുകയാണ്. ഇത് അമേരിക്കയ്ക്ക് മാത്രമല്ല, നിയമപരമായി വരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നല്ലൊരു സംവിധാനമായിരിക്കും," റൂബിയോ പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചില വെല്ലുവിളികൾ ഉണ്ടായെങ്കിലും, ഉഭയകക്ഷി ബന്ധത്തിന്റെ വേഗതയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് റൂബിയോ ഉറപ്പുനൽകി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും ട്രംപ് ഭരണകൂടം ഇതിനെ ആഗോള വീക്ഷണത്തോടെയാണ് കാണുന്നതെന്നും റൂബിയോ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക