
കാസർകോട്: ചർളടുക്ക സ്വദേശിയായ ഫാത്തിമത്ത് സുഫൈദ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആദിൽ അറസ്റ്റിൽ . ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് 24കാരിയായ സുഫൈദ വീട്ടുകാരുടെ മുമ്പിൽ വെച്ചു തന്നെ ആസിഡ‍് കുടിച്ചതെന്ന് ആരോപണമുണ്ട്. കുടുംബം നൽകിയ സ്വർണാഭരണങ്ങൾക്കും, മഹറായി ലഭിച്ച മാലയ്ക്കു വേണ്ടിപ്പോലും പീഡനം നടന്നുവെന്നാണ് സുഫൈദയുടെ വീട്ടുകാരുടെ ആരോപണം.
സുഫൈദയുടെ വിവാഹം കഴിഞ്ഞിട്ട് മെയ് 25ന് ഒരു വർഷം തികയുകയാണ്. വിവാഹവാർഷികത്തിന്റെ തലേന്നും ഭർതൃവീട്ടിൽ വലിയ തർക്കങ്ങൾ നടന്നതായാണ് ആരോപിക്കപ്പെടുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പാണലത്തെ വീട്ടിൽ വെച്ച് നടന്ന തർക്കങ്ങൾക്കിടയിൽ സുഫൈദ തന്റെ പക്കൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിച്ചുവെന്നാണ് വിവരം.
സുഫൈദയെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയും, പീഡന വിവരം പുറത്തറിയാതിരിക്കാൻ ഫോൺ എറിഞ്ഞു പൊട്ടിച്ചതായും സുഫൈദയുടെ വീട്ടുകാർ ആരോപിക്കുന്നു. ആസിഡ് കുടിച്ച് പിടയുമ്പോഴും സുഫൈദയെ ആശുപത്രിയിലെത്തിക്കാൻ ആദിലും കുടുംബവും തയ്യാറായില്ലെന്ന് സുഫൈദയുടെ കുടുംബം ആരോപിക്കുന്നു.