
ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു. കര്‍ണാടക ഹൗസിങ് ബോര്‍ഡ് ആണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്. സാധാരണ വീടുകള്‍ നിര്‍മിക്കുന്ന ബോര്‍ഡ്, ആദ്യമായിട്ടാണ് സ്‌റ്റേഡിയം നിര്‍മിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയം ആണ് ബെംഗളൂരുവിലെ അനെകല്‍ താലൂക്കിലുള്ള സൂര്യനഗറില്‍ വരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദിലാണ്. ബെംഗളൂരുവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 80000 പേര്‍ക്ക് സൗകര്യമുണ്ടാകും. ഇതോടൊപ്പം രണ്ട് ടൗണ്‍ഷിപ്പുകളുടെ തറക്കല്ലിടല്‍ കര്‍മവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പുതിയ പദ്ധതി ജോലി സാധ്യത വര്‍ധിക്കുകയും മേഖലയുടെ മുഖച്ഛായ മാറ്റുകയും ചെയ്യുമെന്ന് സിദ്ധരാമയ്യ പറയുന്നു.
75 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ട്, 400 മീറ്റര്‍ അത്ലറ്റിക്‌സ് ട്രാക്ക്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇന്‍ഡോര്‍ കായിക വിഭാഗങ്ങള്‍ക്കുള്ള അരീന എന്നിവയുണ്ടാകും. ഒളിമ്പിക് നിലവാരമുള്ള നീന്തല്‍ക്കുളം, ഡൈവിംഗ്-പരിശീലന പൂളുകള്‍, ആധുനിക ചേഞ്ചിംഗ് റൂമുകള്‍, ഷവര്‍ റൂമുകള്‍, ടോയ്ലെറ്റുകള്‍ എന്നിവയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
റീട്ടെയില്‍ കടകള്‍, റെസ്റ്റോറന്റുകള്‍, വിശാലമായ ബേസ്‌മെന്റ് പാര്‍ക്കിംഗ് സൗകര്യം എന്നിവയോടൊപ്പം ഒരു കണ്‍വെന്‍ഷന്‍ സെന്ററും ഇവിടെ ഒരുങ്ങും.