
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചു എന്ന പ്രചാരത്തില്‍ പ്രതികരണവുമായി കെഎസ് ശബരീനാഥന്‍. വാര്‍ത്തകള്‍ മിഥ്യയാണെന്നും ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ നാളായി ഈ പ്രചാരണം നടക്കുന്നു. കഴിഞ്ഞ ദിവസം ദി ഹിന്ദു പത്രത്തിലും വാര്‍ത്ത വന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ പ്രതികരിക്കുന്നത് എന്ന് ശബരിനാഥന്‍ പറഞ്ഞു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ മകനാണ് ശബരിനാഥന്‍. 2015ല്‍ അരുവിക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാണ് നിയമസഭയിലെത്തിയത്. 2016ലും ഈ മണ്ഡലം അദ്ദേഹം നിലനിര്‍ത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ശബരിനാഥന്‍ മല്‍സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം നേമം മണ്ഡലത്തിലാണ് ജനവിധി തേടിയത്.
നിലവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ അംഗമാണ് ശബരിനാഥന്‍. പാര്‍ട്ടിയുടെ നിര്‍ദേശം കണക്കിലെടുത്താണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ജയസാധ്യത തീറെ കുറഞ്ഞ നേമം മണ്ഡലത്തില്‍ മല്‍സരിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെ അര്‍ഹമായ അംഗീകാരം ശബരീനാഥന് ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചു എന്ന വാര്‍ത്ത പ്രചരിച്ചത്.