
വിജയവാഡ: ആന്ധ്രാപ്രദേശില്‍ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കുമെന്ന മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍. സംസ്ഥാനത്തിലെ ജനനനിരക്ക് കുറയുന്നതിനെ മറികടക്കാനുള്ള ശ്രമമായി മുന്നോട്ടുവച്ച ഈ നിര്‍ദേശം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുക ലക്ഷ്യമിട്ട് മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയും നല്‍കുമെന്നാണ് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്.
കുഞ്ഞുങ്ങള്‍ ജനിച്ച ഉടന്‍തന്നെ ഈ പണം കുടുംബങ്ങള്‍ക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മുന്‍പ് ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോള്‍ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്തുവന്നത്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസ്താവന
മൂന്നാമത്തെ കുട്ടിക്ക് 30,000യും നാലാമത്തെ കുട്ടിക്ക് 40,000യും സാമ്പത്തിക പ്രോത്സാഹനമായി നല്‍കുമെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ശക്തമായി അപലപിക്കുന്നു. സംസ്ഥാനത്തിലെ ജനനനിരക്ക് കുറയുന്നതിനെ മറികടക്കാനുള്ള ശ്രമമായി മുന്നോട്ടുവച്ച ഈ നിര്‍ദേശം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണ്. സ്ത്രീകള്‍ ഇപ്പോഴും ഭക്ഷ്യസുരക്ഷയില്ലായ്മ, വിളര്‍ച്ച,ശുദ്ധജലലഭ്യതയുടെ അഭാവം എന്നിവ മൂലം കഷ്ടപ്പെടുകയാണെന്ന യാഥാര്‍ഥ്യത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് നായിഡുവിന്റെ ഈ പ്രസ്താവന. സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക സുരക്ഷ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടത്. അതിനു പകരം സ്ത്രീകളുടെ ശരീരത്തെ ജനസംഖ്യ വര്‍ധനവിന്റെ ഉപകരണമായി കാണുന്ന സമീപനം അംഗീകരിക്കാനാവില്ല.