
1980 കളിലെ ഒറ്റപ്പാലം എൻഎസ് എസ് കോളേജിലെ പ്രീഡിഗ്രി ക്കാലം, അന്നത്തെ ഏറ്റവും വലിയ ആഗ്രഹം , കോളേജിന്റെ പുറകുവശത്തെ വഴിയ്ക്ക് അരികിലുള്ള മുതലിയാരുടെ കടയിൽ പോയി സ്വസ്ഥമായി ഇരുന്ന് ഒരു ഊണ്, അല്ലെങ്കിൽ ചായയും ഉഴുന്നുവടയുമെങ്കിലും കഴിക്കണം എന്നായിരുന്നു ,സമയക്കുറവും സാമ്പത്തിക പ്രതിസന്ധികളും കാരണം അതിന് ഭാഗ്യമുണ്ടായിട്ടില്ല .
രാവിലത്തെ ഷിഫ്റ്റ് അവസാനിക്കുന്ന നട്ടുച്ച നേരത്ത് കത്തിക്കാളുന്ന വെയിലും വിശപ്പും സഹിച്ച് ബസ്സു പിടിക്കാൻ ഓടുമ്പോൾ നല്ല മൊരിഞ്ഞ വടയുടെയും സാമ്പാറിന്റെയും മണം കൂടെ പോരും!
അന്ന് കുറച്ചു കൂടി പോക്കറ്റ് സൗഹൃദ പ്രദേശം
'കുട്ടി മാളുവിലാസം “ആയിരുന്നു ലേഡീസ്റൂമിനകത്ത് , ബാത്ത് റൂമിലേക്കുള്ള വഴിയിൽ കുറച്ചു പാത്രങ്ങളിൽ നിരത്തി വെച്ചിരിക്കുന്ന തണുത്ത വടകൾ! അരികിൽ ഐശ്വര്യമുള്ള ഒരമ്മയും! അത്രേ ഉള്ളൂ വിലാസം !
കാന്റിൻ മാനേജർടെ അമ്മയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് , പാവം എല്ലാവരും കൂടി തിരക്കു കൂട്ടിയാൽ ആളുടെ കണക്കൊക്കെ തെറ്റും.കുറെ പേർ സത്യസന്ധമായി പൈസ കൊടുക്കുമെങ്കിലും പലരും കളളക്കണക്കു പറഞ്ഞ് പറ്റിക്കുമായിരുന്നു.
അന്ന് നടക്കാതെ പോയ മറ്റൊരു മോഹം പെൺകുട്ടികൾ കയറാൻ ധൈര്യപ്പെടാതിരുന്ന കോളേജ് കാന്റീനിൽ വെറുതെയെങ്കിലുമൊന്ന് കയറണം എന്നായിരുന്നു .അതിനു വേണ്ടി എല്ലാവരെയും സംഘടിപ്പിച്ച് ഒരു സമരം നടത്തിയാലോ എന്നു വരെ ആലോചിച്ചിട്ടുണ്ട് , പക്ഷേ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് , വേണ്ടാത്ത പണിക്ക് പോകേണ്ട എന്നു തീരുമാനിച്ചു.
ക്ലാസ്സ് കട്ട് ചെയ്തു സിനിമയ്ക്ക് പോകണമെന്നത് അതിമോഹം ആണെന്ന് അറിയാവുന്നതു കൊണ്ട് പുറത്ത് പറഞ്ഞതേ ഇല്ല ,കാരണം ഭാവി ജീവിതം ഭാസുരമാകണമെങ്കിൽ കോളേജിനകത്തും പുറത്തുമുള്ള അഭ്യുദയകാംക്ഷികളുടെ സ്വഭാവ സർട്ടിഫിക്കറ്റ് നിർബ്ബന്ധം , അതു കിട്ടണമെങ്കിൽ പല മോഹങ്ങളും മാറ്റിവെയ്ക്കുക തന്നെ വേണം .ചുരുക്കത്തിൽ അത്ഭുതങ്ങളൊന്നും സംഭവിയ്ക്കാതെ എഴുതിയും വരച്ചും തീരാത്ത റെക്കോർഡുകൾക്കിടയിൽ ഞെങ്ങി ഞെരുങ്ങി പ്രീ ഡിഗ്രിക്കാലം പെട്ടെന്നു കഴിഞ്ഞു പോയി.