
മനുഷ്യന് മരണത്തിനോട് ഇല്ലാത്ത ഒരാര്‍ത്തി ജീവിതത്തിനോടുണ്ട്. എങ്കിലും മരണം ജീവിച്ചു കൊതി തീരും മുന്‍പേ കള്ളനേപ്പോലെ കടന്നു വരുമെന്നുറപ്പാണ്.
ആര്‍ത്തി മൂത്ത് ലോകമാകെ വെട്ടിപ്പിടിക്കാന്‍ ഓടുമ്പോള്‍ മരണത്തെയെങ്കിലും ഭയമുള്ളത് നല്ലതാണ്. ഇനിയും കണ്ടെത്താനായില്ലെങ്കിലും മരണത്തെ ജയിക്കുവാനുള്ള വഴികള്‍ ലോകം അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാത്തിനും കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ മരണത്തിനു മുന്‍പില്‍ മാത്രം നിശ്ശബ്‌ദരായി നില്‍ക്കുന്നു.
കവികള്‍ക്കും കലാകാരന്മാര്‍ക്കും മരണമില്ലെന്ന് കാവ്യാത്‌മകമായി പറയുമെങ്കിലും ഒരുനാൾ എല്ലാവരും മരിച്ച് മണ്ണടിയും. അനശ്വരനാകാനുള്ള വഴികളിലൊന്നാണല്ലോ എഴുത്തും കലാപ്രവര്‍ത്തനവും. കലാകാരന്മാര്‍ മരിച്ചാലും ജനമനസ്സുകളില്‍ ജീവിക്കും.
അകാലത്തില്‍ നമ്മെ വിട്ടുപോയൊരു കവിയുടെ ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാനാണ് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ നാട്ടിലെത്തിയത്.
ഞങ്ങളുടെ ചെറുപ്പകാലത്തു തന്നെ അദ്ദേഹം അറിയപ്പെടുന്നൊരു കവിയായിരുന്നു. ആ കവിശ്രേഷ്‌ഠന്‍ സ്വയം അച്ചടിച്ചു വിതരണം ചെയ്ത കവിതാ സമാഹാരം വായിച്ചാണ് ഞങ്ങള്‍ നാട്ടുകാരൊക്കെ കവിത എന്തെന്നുതന്നെ അറിഞ്ഞത്. സ്വന്തം കൈയാല്‍ ഓരോ പുസ്‌തകം വില്‍ക്കുമ്പോളും അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം ഇന്നും തെളിമയോടെ ഓര്‍ക്കുന്നു.
ആസ്ഥാനകവിയുടെ പേരില്ലാതെ ഒരു നോട്ടീസും ആ നാട്ടില്‍ അച്ചടിക്കപ്പെട്ടിരുന്നില്ല. അദ്ദേഹം മംഗളപത്രം വായിക്കാതെ ഒരു സമ്മേളനങ്ങളും നടന്നിരുന്നില്ല. അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ട്, അനേകര്‍ കോരിത്തരിച്ച ഗരിമയുള്ള നല്ല വാക്കുകളൊക്കെ കവി സ്വന്തം കൈപ്പടയാല്‍ എഴുതി തയ്യാറാക്കിയവയായിരുന്നു.
അദ്ദേഹത്തിന് നല്ല സ്വരവും ദൈവം അറിഞ്ഞു നല്‍കി. ഞങ്ങളെല്ലാവരും വളരെ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ലോക കാര്യങ്ങളേക്കുറിച്ച് അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അദ്ദേഹം ഒരു നല്ല വായനക്കാരനുമായിരുന്നു. എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് വ്യക്തവും ശക്തവുമായ നിലപാടുകളുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ നാട്ടിലെ കവലയില്‍ ബസ്സിറങ്ങി ചുറ്റും നോക്കി.
അവിടെയെങ്ങും കാലത്തിന്റെ ചൂണ്ടുപലകയായിരുന്ന കവിയുടെ പേരില്‍ റോഡോ, വെയ്‌റ്റിംങ്ങ് ഷെഡോ, സ്‌മൃതി മണ്ഡപമോ, പൂര്‍ണ്ണകായ പ്രതിമയോ ഒന്നും കണ്ടെത്താനായില്ല. കവിയുടെ പേരിലൊരു ബോര്‍ഡെങ്കിലും സ്ഥാപിച്ചിരുന്നെങ്കില്‍ ആശ്വാസമാകുമായിരുന്നു.
കവിയേക്കുറിച്ച് അവിടെ ബസ്സു കാത്തു നിന്നവരോട് ചോദിച്ചെങ്കിലും ആര്‍ക്കും അദ്ദേഹത്തെ ഓര്‍മ്മയുണ്ടായിരുന്നില്ല. ചരിത്രം മറന്നെങ്ങനെ ജീവിക്കാനാവും എന്നോര്‍ത്ത് അത്ഭുതം കൂറി.
കവിയുടെ പേരും നാടും മാറിപ്പോയിട്ടില്ലെന്ന് ഉറപ്പാണ്, അദ്ദേഹം ഈ നാട്ടുകാരന്‍ തന്നെയാണ് അദ്ദേഹം ഇവിടെ ജീവിച്ചിരുന്നു എന്ന് എനിക്കെങ്കിലും ഉറപ്പുണ്ട്.
ഇക്കാലത്തും കവികളെത്തിരയുന്നവരുണ്ടോയെന്ന് ചോദിച്ച് കോഫി ഷോപ്പിലിരുന്നവര്‍ കളിയാക്കി ചിരിച്ചു. ചിരിയെ ശരിവെച്ച് ഓരോ ചിക്കന്‍ പഫ്‌സുകൂടി പാത്രത്തില്‍ നിരന്നു.
ഈ നാട്ടില്‍ അതേ പേരിലൊരു ബാങ്കു മാനേജരും ഒരു പഞ്ചായത്തു മെമ്പറും മറ്റൊരു ബിസ്സിനസ്സുകാരനും ജീവിച്ചിരുന്നതായി അവര്‍ക്ക് നല്ല ഓര്‍മ്മയുണ്ട്. എങ്കിലും അവര്‍ക്കൊന്നും കവിതയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. അവരൊന്നും കവികളായിരുന്നില്ല.
കവിയുടെ വീട്ടുപേര് ഓര്‍ത്തുവെയ്‌ക്കാതിരുന്നതില്‍ ദുഃഖം തോന്നി. അദ്ദേഹത്തിന്റെ നല്ല നാളില്‍ ആ വീടൊന്നു കണ്ടുവെച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാവുകയില്ലായിരുന്നു. കാലം കടമെടുത്ത ബുദ്ധിയേക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടിട്ട് എന്തു കിട്ടാനാണ്.
അടുത്തു കണ്ട സ്‌ക്കൂളില്‍ കയറി ഹെഡ്‌മാസ്റ്ററോട് ആ കവിശ്രേഷ്‌ഠനേക്കുറിച്ച് ചോദിച്ചു. കുട്ടികളുടെ എണ്ണം തികച്ച്, അദ്ധ്യാപകര്‍ക്ക് ജോലി ഉറപ്പാക്കുക, സ്‌ക്കൂള്‍ നിലനിര്‍ത്തുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന പ്രധാന അദ്ധ്യാപകന് അതൊന്നും കേള്‍ക്കാന്‍ പോലും ക്ഷമയില്ലായിരുന്നു.
അവിടെ നിന്നും മറ്റ് അദ്ധ്യാപകരുടെ അടുത്തേക്കും അവസാനം മലയാളം മാഷിൻ്റെ അടുത്തേക്കും എത്തപ്പെട്ടു. സ്‌ക്കൂളിലെ ഭാഷാ അദ്ധ്യാപകനെങ്കിലും ആ അക്ഷര സ്‌നേഹിയെ ഓര്‍ക്കേണ്ടതായിരുന്നു. അങ്ങനെയൊരു കവിയേക്കുറിച്ച് പാഠപുസ്‌തകങ്ങളിലെങ്ങും വായിച്ചിട്ടില്ലെന്ന് കുട്ടികളൊക്കെ ആണയിട്ടു.
കംമ്പ്യൂട്ടര്‍ ലാബിലെ സാര്‍ ഗൂഗിളില്‍ സേര്‍ച്ചു ചെയ്‌ത് അങ്ങനെയൊരു കവി ജനിച്ചിട്ടും മരിച്ചിട്ടുമില്ലെന്ന് വിധിച്ചു. ഇന്റെര്‍നെറ്റിന്റെ വലകളില്‍ കുരുങ്ങാത്തവരെയൊന്നും ജീവിച്ചിരുന്നതായി കരുതാനാവില്ല എന്നു പറയുന്ന ദിനം വന്നു കഴിഞ്ഞു.
അവിടെ നിന്നും ഇറങ്ങി കണ്ണില്‍ കണ്ടവരോടൊക്കെ തിരക്കി. കവിശ്രേഷ്‌ഠനെ കാണാന്‍ വന്നതാണ് കണ്ടിട്ടേ പോകൂ എന്ന് മനസ്സില്‍ പറഞ്ഞ് ശക്തി സംഭരിച്ചു കൊണ്ടിരുന്നു.
കവിതയോട് ബന്ധമൊന്നുമില്ലായിരുന്ന കാളവണ്ടിക്കാരന്റെയും സഹായം തേടി. അയാള്‍ മനസ്സുറപ്പോടെ ചൂണ്ടിക്കാണിച്ചു തന്ന വീട്ടില്‍ ചെന്ന് അന്വേഷിക്കാനുറച്ചു.
ആ വീടിനുണ്ടായിരുന്ന വലിയ മതിലും വാച്ചുമാനെയും കണ്ട് പേടി തോന്നിയെങ്കിലും മടിച്ചു മടിച്ച് ചോദിച്ചു. അങ്ങനെയൊരു കവിയെ ആ വീട്ടുകാര്‍ക്കും അറിയുകയില്ല.
“ജീവിതം പാതി വഴിയില്‍ നിര്‍ത്തി വീട്ടുകാര്‍ക്ക് അപമാനം വരുത്തിയവരെ വീട്ടുകാര്‍ ഓര്‍ക്കേണ്ടതുണ്ടോ?“ എന്ന വീട്ടുകാരന്റെ മറുചോദ്യത്തില്‍ എല്ലാ ഉത്തരങ്ങളും ഉണ്ടായിരുന്നു. കവിതയെഴുതിയ സമയത്ത് വാഴ വെച്ചിരുന്നെങ്കില്‍ പഴം തിന്നുമ്പോഴെങ്കിലും നാട്ടുകാര്‍ വിത്തിനെ ഓര്‍ക്കുമായിരുന്നു.
നിരാശയോടെ മടങ്ങാനുറച്ചപ്പോഴാണ് ഒരു ഉറുമ്പ് കാലില്‍ കടിച്ചത്. വേദനയോടെ കാല്‍കുടഞ്ഞ് കുനിഞ്ഞ് ഉറുമ്പിനെ തൂത്തെറിയുകയും കടിയേറ്റഭാഗം അമര്‍ത്തി തിരുമ്മുകയും ചെയ്‌തു. നന്നായി തിരുമ്മിയിട്ടും കടിയുടെ നീറ്റല്‍ മാറിയില്ല.
“ എന്താ നാടിന്റെ കവിയെക്കാണാന്‍ വന്നതാണോ ?”
അടുത്തെവിടെയോ നിന്ന് ഒരു സ്വരം കേട്ട് ചുറ്റും നോക്കിയെങ്കിലും ആരെയും കാണാനായില്ല. വൈകിയാണ് മനസ്സിലായത് എന്നെ കടിച്ച ഉറുമ്പു തന്നെയാണ് സംസാരിക്കുന്നതെന്ന്. വിശ്വസിക്കാനായില്ല. കുഞ്ഞുന്നാളില്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്‌ത കഥകളിലൊക്കെ പക്ഷികളും മൃഗങ്ങളുമൊക്കെ സംസാരിക്കുന്നതായുണ്ടെങ്കിലും ജീവിതത്തില്‍ ഇത് ആദ്യമായിരുന്നു.
ആരു പറഞ്ഞാലും നല്ല കാര്യമാണെങ്കില്‍ ചെവികൊടുക്കണമല്ലോ. നല്ല കാര്യമെന്നല്ല ഉറുമ്പിന്റെ വാക്കുകള്‍ എനിക്ക് ഉപകാരപ്രദവുമായിരുന്നു.
ഉറുമ്പ് കവിയുടെ ശവകുടീരത്തിലേക്കുള്ള വഴി പറഞ്ഞു തന്നു. കവിയുടെ ശവകുടീരമെങ്കിലും കണ്ട് അക്ഷരങ്ങള്‍ക്കായ് ജീവിച്ച ആ നല്ല മനുഷ്യനെ ഒരു നിമിഷം മനസ്സാല്‍ നമിക്കണമെന്നുറച്ചു. ഉറുമ്പുകള്‍ക്കെങ്കിലും നിശ്‌ചലശരീരങ്ങള്‍ വിലപ്പെട്ടതാണ്.
വഴി പറഞ്ഞു തന്നതു കൂടാതെ ആ ഉറുമ്പ് എന്നെ നയിച്ച് മുന്‍പേ നടന്നു. അനുസരണയോടെ ഉറുമ്പിന്‍ കാലടികളെ അനുഗമിച്ചു.
ആ യാത്ര അവസാനിച്ചത് പൂട്ടിക്കിടക്കുന്ന വായനശാലയിലാണ്. പൂട്ടിക്കിടക്കുന്നതെന്നു പറയാനാവില്ല. വാതില്‍ മെല്ലെയൊന്നു തള്ളിയപ്പോള്‍ മലര്‍ക്കെത്തുറന്നു. ഇരുട്ടിന്റെ മറവില്‍ അനാശാസ്യത്തിനെത്തുന്നവര്‍ തകര്‍ത്തതാകാം ആ വാതിലെന്ന് സാഹചര്യത്തെളിവുകള്‍ സംശയം പ്രകടിപ്പിച്ചു.
ചിലന്തിവലകള്‍ വകഞ്ഞു മാറ്റി. അതിനുള്ളില്‍ കടന്ന് ഓരോ പുസ്‌തകങ്ങളും ആവേശത്തോടെ തിരഞ്ഞു. ഇത്രവലിയ നിധി ഇവിടെ ഒളിച്ചുവെച്ചിരിക്കുന്നത് നാട്ടിലെ യുവജനങ്ങള്‍ പോലും ഓര്‍ക്കുന്നില്ലല്ലോ എന്ന് വ്യസനിച്ചു.
തിരച്ചില്‍ വെറുതെയായില്ല അദ്ദേഹത്തിന്റെ കവിതാസമാഹാരം കണ്ടെത്താനായി. ആവേശത്തോടെ അതിലുപരി ബഹുമാനത്തോടെ ആ കവിയുടെ ജീവിതമുറങ്ങുന്ന പുസ്‌തകം തുറന്നു. പുസ്‌തകത്തിനുള്ളില്‍ നിന്നും കുറേ ചിതലുകള്‍ കുലു കുലെ ചിരിച്ചു കൊണ്ട് നാലുപാടും ചിതറിയോടി. ആ പുസ്‌തകത്തില്‍ അവശേഷിച്ചിരുന്നത് ചിതലുകള്‍ മാത്രമായിരുന്നു. അവ സാധാരണ ചിതലുകളായിരുന്നില്ല, അവ തങ്ങളാലാകും വിധം കവിശ്രേഷ്‌ഠന് ശില്പം തീര്‍ത്തിരിക്കുകയായിരുന്നു.
ചിതല്‍ശില്പം തകര്‍ത്ത സാമൂഹ്യദ്രോഹിയെ വഴികാട്ടിയുറുമ്പ് ആഴത്തില്‍ കടിച്ചു. ഒരു കടിയിലൂടെയെങ്കിലും തന്റെ പ്രതിഷേധം അറിയിക്കുവാന്‍ ഉറുമ്പിനാകുന്നല്ലോ എന്നോര്‍ത്ത് എന്റെ തലകുനിഞ്ഞു.
ബാജി ഓടംവേലി,ഡാലസ്