Image

അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ല; ആരോപണങ്ങൾക്ക് പിന്നിൽ തന്നെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ടിനി ടോം

Published on 23 May, 2026
അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ല; ആരോപണങ്ങൾക്ക് പിന്നിൽ തന്നെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ടിനി ടോം

കൊച്ചി: നടി അൻസിബ ഹസ്സനെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്ന് നടനും 'അമ്മ' സംഘടനയുടെ ഭാരവാഹിയുമായ ടിനി ടോം. അൻസിബയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്റ്റേജ് ഷോ നടക്കുമ്പോൾ പലവിധ പ്രശ്നങ്ങളുണ്ടാകാം. സംഘടനയിലെ അംഗങ്ങളോട് ഔദ്യോഗിക വിവരങ്ങൾ പങ്കുവെക്കാറുണ്ടെന്നതല്ലാതെ ആർക്കും മോശമായ സന്ദേശങ്ങൾ അയക്കാറില്ലെന്നും ടിനി ടോം വ്യക്തമാക്കി. അൻസിബ ഫെബ്രുവരി 21-നാണ് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ തിരക്കുകൾ കാരണമാണ് രാജിവെക്കുന്നതെന്നാണ് ജനറൽ സെക്രട്ടറിക്ക് അയച്ച മെയിലിൽ അവർ പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സംഘടനയിൽ നന്നായി പ്രവർത്തിക്കുന്ന തനിക്കെതിരെ മനഃപൂർവം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. താൻ ഇനിയും ഉയർന്നു വരുമോ എന്ന ചിന്തയാകാം ഇതിന് പിന്നിൽ. സംഘടനയുടെ മെഡിക്കൽ ക്യാമ്പ് നടക്കുന്നതിനിടെയാണ് പെട്ടെന്ന് ഇങ്ങനെയൊരു പൊട്ടിത്തെറിയുണ്ടായത്. ഇത് കൂട്ടിക്കിഴിച്ചാൽ കാര്യങ്ങൾ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ജിഹാദി എന്ന് വിളിച്ചതും അവിഹിത കഥകൾ പ്രചരിപ്പിച്ചതുമെല്ലാം മറ്റാരോ പറഞ്ഞറിഞ്ഞ വിവരങ്ങളാണെന്നാണ് അൻസിബ പറയുന്നത്. അങ്ങനെ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നും രാജ്യത്ത് ഒരു നിയമസംവിധാനമുണ്ടെന്നും ടിനി ടോം ഓർമ്മിപ്പിച്ചു.

​തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും മുസ്ലിം നാമധാരികളാണെന്നും അങ്ങനെയിരിക്കെ താൻ എങ്ങനെയാണ് ഒരാളെ ‘ജിഹാദി’ എന്ന് വിളിക്കുകയെന്നും ടിനി ടോം ചോദിച്ചു. 'അമ്മ' സംഘടനയുടെ പ്രവർത്തനങ്ങളിൽ താൻ ഇപ്പോഴും സജീവമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താര സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമാകുന്ന രീതിയിലാണ് നിലവിലെ വെളിപ്പെടുത്തലുകളും പ്രതികരണങ്ങളും പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക