
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ അനധികൃത കുടിയേറ്റം തടയാൻ കർശനമായ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറെടുക്കുന്നു.
വർഷങ്ങളായി തുടരുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിനായി അനധികൃത കുടിയേറ്റക്കാർ സംസ്ഥാനം വിട്ടുപോകാൻ തയ്യാറെടുക്കണമെന്ന് ബിജെപിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സമാനമായ നിലപാടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കുവെച്ചത്. 1970-കളുടെ അവസാനം മുതൽ ഐഎസ്ഐ, ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയ സംഘടനകൾ ഇന്ത്യയിലെ ജനസംഖ്യാപരമായ മാറ്റം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത നീക്കമാണ് അനധികൃത കുടിയേറ്റമെന്ന് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. സംസ്ഥാനത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും തിരിച്ചറിയുക എന്നതാണ് ആദ്യ ഘട്ടം. അതിനുശേഷം അവരെ നിയമപരമായി നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. മാൾഡ, മുർഷിദാബാദ് തുടങ്ങിയ അതിർത്തി ജില്ലകളിലാകും പ്രധാനമായും പരിശോധനകൾ നടക്കുക. ഈ മേഖലകളിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യാപരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളത്. ഇന്ത്യയിലും ബംഗ്ലാദേശിലും പ്രവർത്തിക്കുന്ന കുടിയേറ്റ ഏജന്റുമാരുടെ ശക്തമായ ശൃംഖല തകർക്കുന്നത് ഈ ദൗത്യത്തിന്റെ പ്രധാന ഭാഗമായിരിക്കും. ബംഗാളിൽ പ്രവേശിക്കുന്ന ഇവർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരായി മാറുന്നുണ്ട്. അതിനാൽ ബംഗാളിലെ നടപടികൾ രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും ഇത്തരം സംഘങ്ങളെ പിന്തുടരാൻ സഹായിക്കും. ബംഗ്ലാദേശുമായുള്ള അതിർത്തി സീൽ ചെയ്യുമെന്ന വാഗ്ദാനം പാലിക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായി ചേർന്ന് അതിർത്തി സുരക്ഷ ശക്തമാക്കും. നദികളും നിബിഡ വനങ്ങളും കാരണം വേലി കെട്ടാൻ സാധിക്കാത്ത ഇടങ്ങളിൽ ബംഗ്ലാദേശിന്റെ സഹകരണത്തോടെ നിരീക്ഷണം ഉറപ്പാക്കും. സംസ്ഥാന ഭരണകൂടം ഇതിനായി കേന്ദ്ര ഏജൻസികളുമായി ചേർന്ന് സീറോ ടോളറൻസ് പോളിസി നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.