
മാധ്യമ രംഗത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ 2026ലെ പുലിറ്റ്സർ പ്രൈസിനു രണ്ടു ഇന്ത്യൻ വംശജരും അർഹരായി: അന്വേഷണാത്മക റിപ്പോർട്ടിംഗിനു സുപർണ ശർമയും രേഖാചിത്രങ്ങൾക്കു ആനന്ദ് ആർ കെയും.
സൈബർ തട്ടിപ്പു ശൃംഖലകളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ നയിച്ചതിനാണ് ശർമ അവാർഡ് നേടിയത്. ആനന്ദ് ആ റിപ്പോർട്ടുകൾക്കു ദൃശ്യാവിഷ്‌കാരം നൽകി.
ബ്ലൂംബർഗിന്റെ 'ട്രാപ്പ്ഡ്' എന്ന ഈ പ്രോജെക്ടിൽ മാധ്യമ ലേഖിക നതാലി ഒബികോ പിയേഴ്സണും പ്രധാന പങ്കു വഹിച്ചിരുന്നു. സൗത്ത് ഏഷ്യയിൽ വ്യാപിച്ചു കിടക്കുന്ന സൈബർ തട്ടിപ്പുകളെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിനു രേഖാചിത്രങ്ങൾ ജീവൻ നൽകി.
ഉദ്യോഗസ്ഥരെന്നു ഭാവിച്ചു തട്ടിപ്പുകാർ ആറു ദിവസം മാനസികമായി പീഡിപ്പിച്ച ലക്‌നോവിലെ ന്യുറോളജിസ്റ്റ് രുചിര ടൻഡൻ അന്വേഷണത്തിൽ ശ്രദ്ധാ കേന്ദ്രം ആയിരുന്നു. ആറു ദിവസം അവരെ വീട്ടു തടങ്കലിൽ വച്ച് 2.8 കോടി രൂപയാണ് തട്ടിയെടുത്തത്.
മൂന്നു പതിറ്റാണ്ടു പരിചയമുള്ള ഫ്രീലാൻസ് റിപ്പോർട്ടറാണ് ശർമ. മുംബൈയിൽ ജീവിക്കുന്ന ആനന്ദ് 2021ൽ ഐസ്‌നർ അവാർഡ് നേടിയിട്ടുണ്ട്.
സൗത്ത് ഈസ്റ്റ് ഏഷ്യയിൽ മനുഷ്യക്കടത്തും സൈബർ ക്രൈമും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ദേവ്‌ജ്യോത് ഘോഷാലിനെ ഫൈനലിസ്റ് ആയി അംഗീകരിച്ചു.
Two Indians among Pulitzer winners