Image

എന്ത്‌ ത്യാഗം സഹിച്ചും കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കും: ആര്യാടന്‍

ഷക്കീബ്‌ കൊളക്കാടന്‍ Published on 29 October, 2012
എന്ത്‌ ത്യാഗം സഹിച്ചും കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കും: ആര്യാടന്‍
റിയാദ്‌: കൊച്ചി മെട്രോ പദ്ധതിക്ക്‌ തുരങ്കം വെക്കുന്നതിനായി സ്‌ഥാപിത താല്‍പ്പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ എന്ത്‌ വില കൊടുത്തും നേരിടുമെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കാതെ വിശ്രമമില്ലെന്നും കേരള വൈദ്യുതി, ഗതാഗത വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. റിയാദ്‌ ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മററിക്കു കീഴിലുള്ള മലപ്പുറം ജില്ലാ കമ്മററിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി റിയാദിലെത്തിയ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ശ്രീധരന്‍െറ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ കൊണ്ടു തന്നെയായിരിക്കും കൊച്ചി മെട്രോ നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. മെട്രോ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ ശ്രീധരനാണ്‌ ഇന്ന്‌ കഴിവുള്ള വ്യക്‌തി എന്ന്‌ ബോധ്യപ്പെട്ടു കഴിഞ്ഞതാണ്‌. എന്നാല്‍ ശ്രീധരന്‍ പറയുന്ന സമയ പരിധിയില്‍ അത്‌ തീര്‍ക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. പദ്ധതിക്കെതിരെ നടക്കുന്ന ഗൂഢാലോചനകള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കേന്ദ്ര നഗരവികസന സെക്രട്ടറിയും ഡി.എം.ആര്‍.സി യുടെ ചെയര്‍മാനുമായ സുധീര്‍ കൃഷ്‌ണ ഉയര്‍ത്തുന്ന തടസ്സവാദങ്ങളില്‍ കഴമ്പില്ല. അദ്ദേഹത്തേക്കാള്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള മാനേജിംഗ്‌ ഡയറക്‌ടറുടെ വാക്കുകളാണ്‌ സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടുള്ളത്‌.

കൊച്ചി മെട്രോ പദ്ധതി മാത്രമല്ല, യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഏറെറടുത്തിട്ടുള്ള സകല പദ്ധതികളും സമയബന്‌ധിതമായി തീര്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. കോഴിക്കോട്ടേയും തിരുവനന്തപുരത്തേയും മോണോ റെയില്‍ പദ്ധതിയും ഇതില്‍പ്പെടും. കേരളത്തില്‍ നടപ്പാക്കുന്ന ഏത്‌ വികസന പദ്ധതികള്‍ക്കും തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ വരുന്നത്‌ ഒരു പ്രത്യേക ഭാഗത്തു നിന്നാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. അതിന്‌ പിന്തുണയുമായി മലയാളത്തിലെ ചില മാധ്യമങ്ങളും സജീവമാണ്‌. ഫലവത്തായ ബദല്‍ നിര്‍ദ്ദേശങ്ങളില്ലാത്ത ഇത്തരം ഉടക്കുകളെ നാം തിരിച്ചറിയണം. ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ക്കായി ഭൂമി അക്വയര്‍ ചെയ്യാന്‍ ആലോചിക്കുന്നതിനു മുന്‍പ്‌ തന്നെ ജനങ്ങള്‍ എതിര്‍പ്പുമായി വരുന്നു. ഇതില്‍ സ്‌ഥാപിത താല്‍പ്പര്യക്കാരുടെ കൈകടത്തലുണ്ട്‌. കാര്യങ്ങള്‍ പഠിക്കാനുള്ള സാവകാശം പോലും ജനങ്ങള്‍ കാണിക്കുന്നില്ല. ശബരി റെയില്‍പ്പാത പോലുള്ള പദ്ധതികള്‍ ഇതിന്‌ ഉദാഹരണമാണ്‌. ഭൂമിയുടെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നത്‌ നമുക്ക്‌ കേരളത്തിന്‍െറ എല്ലാ പ്രദേശങ്ങളിലും കാണാനാകുമെന്നും അതിന്‌ സര്‍ക്കാരിനെ കുററപ്പെടുത്തിയിട്ടു കാര്യമില്ലെന്നും ആര്യാടന്‍ പറഞ്ഞു.

പവര്‍കട്ടിനെതിരെ വാളെടുക്കുന്നവര്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നില്ല. കഴിഞ്ഞ വര്‍ഷം 3800 ദശലക്ഷം യൂണിററ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനുള്ള വെള്ളം കേരളത്തിലെ റിസര്‍വോയറുകളിലുണ്ടായിരുന്നിടത്ത്‌ ഈ വര്‍ഷം മൂന്ന്‌ ദിവസം മുന്‍പു ലഭിച്ച കണക്കു പ്രകാരം 1700 ദശലക്ഷം വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമാണുള്ളത്‌. നമ്മുടെ റിസര്‍വോയറുകള്‍ ഭീമമായ വെള്ളക്കമ്മി നേരിടുകയാണ്‌. കേരളത്തിന്‍െറ അയല്‍ സംസ്‌ഥാനങ്ങളില്‍ ദിവസേന ഏഴു എട്ടും അതില്‍ കൂടുതലും മണിക്കൂര്‍ പവ്വര്‍ കട്ടുള്ളപ്പോള്‍ നമ്മുടെ പവ്വര്‍ കട്ട്‌ അര മണിക്കൂറിലൊതുക്കാന്‍ പുറത്തു നിന്നും വലിയ വില കൊടുത്താണ്‌ വൈദ്യുതി വാങ്ങുന്നത്‌. അനുദിനം രൂക്ഷമാകുന്ന ഊര്‍ജജ പ്രതിസന്‌ധി പരിഹരിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട കൂടങ്കുളത്തു നിന്നും മററും വൈദ്യുതി കൊണ്ടു വരാനുള്ള പവര്‍ഗ്രിഡ്‌ പദ്ധതി പോലും സ്‌ഥലമെടുപ്പിന്‍െറ നൂലാമാലയില്‍ പെട്ടു കിടക്കുകയാണ്‌. കിടപ്പാടം നഷ്‌ടപ്പെടുന്നതും പരിസ്‌ഥിതി പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി ദേശീയ പാത വികസനവും മാലിന്യ സംസ്‌കരണവും എല്ലാം കേരളത്തില്‍ മുടങ്ങിക്കിടക്കുന്നു. കണ്ണടച്ചെതിര്‍ക്കുന്നവര്‍ക്ക്‌ ബദല്‍ നിര്‍ദ്ദേശങ്ങളില്ല എന്നത്‌ വിചിത്രമാണ്‌. മുടന്തു ന്യായങ്ങള്‍ നിരത്തി വികസനം മുടക്കുന്നവരുടെ നാടായി കേരളം മാറുന്നതാണ്‌ നമ്മുടെ വലിയ വെല്ലുവിളി എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ക്ക ഡയറക്‌ടറും പ്രമുഖ വ്യവസായിയുമായ സി.കെ മോനോന്‍, ഒ.ഐ.സി.സി ഭാരവാഹികളായ സി.എം കുഞ്ഞി കുമ്പള, സിദ്ദീഖ്‌ കല്ലൂപറമ്പന്‍, റസാഖ്‌ പൂക്കോട്ടുംപാടം, അബ്‌ദുള്ള വല്ലാഞ്ചിറ തുടങ്ങിയവരും പങ്കെടുത്തു.
എന്ത്‌ ത്യാഗം സഹിച്ചും കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കും: ആര്യാടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക