Image

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെടിവച്ചുകൊല്ലുമെന്ന ഭീഷണിയുമായി കര്‍ണിസേന പ്രവര്‍ത്തകൻ: കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കെ സി വേണുഗോപാൽ

Published on 20 February, 2026
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെടിവച്ചുകൊല്ലുമെന്ന ഭീഷണിയുമായി കര്‍ണിസേന പ്രവര്‍ത്തകൻ: കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കെ സി വേണുഗോപാൽ

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെടിവച്ചുകൊല്ലുമെന്ന ഭീഷണിയുമായി കര്‍ണിസേന പ്രവര്‍ത്തകൻ. കോൺഗ്രസ് വക്താവ് പവൻ ഖേര സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്. കർണി സേനയുടെ കോട്ട യൂണിറ്റിന്‍റെ വക്താവ് എന്നാണ് രാജ് സിങ് വീഡിയോയിൽ സ്വയം പരിചയപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആർ‌എസ്‌എസ്-ബിജെപി സംവിധാനങ്ങളെല്ലാം ഒരു ‘ഗോഡ്‌സെ ഫാക്ടറി’യാണെന്ന് പവൻ ഖേര കുറിച്ചു. രാഹുൽ ഗാന്ധിക്കും 25 എംപിമാര്‍ക്കുമെതിരെയുള്ള കര്‍ണിസേനയുടെ ഭീഷണി ഒറ്റപ്പെട്ട സംഭവമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള വഞ്ചനാപരവുമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ 25 കോൺഗ്രസ് എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ അധിക്ഷേപിച്ചതിൽ ബിജെപി, കർണി സേന പ്രവർത്തകർ രോഷാകുലരാണെന്ന് രാജ് സിങ് വീഡിയോയിൽ പറയുന്നു. ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാൽ എംപിമാരുടെ വീടുകളിൽ കയറി വീടുകൾ നശിപ്പിക്കുമെന്ന് സിങ് വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു. ”ഇത്തരം ഒരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ ആ എംപിമാരുടെ വീടുകളിൽ കയറി നശിപ്പിക്കും.

രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഈ സംഭവം നടന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. രാഹുൽ ഗാന്ധി, ശ്രദ്ധിച്ചു കേൾക്കൂ, ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി നിങ്ങളെ വെടിവയ്ക്കും” എന്നായിരുന്നു സിങ്ങിന്‍റെ ഭീഷണി. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ കോട്ട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതേസമയം രാഹുൽ ഗാന്ധിയെ വീട്ടിൽക്കയറി വെടിവെച്ച് കൊല്ലുമെന്ന് ബിജെപി സഹയാത്രികൻ ഭീഷണിപ്പെടുത്തിയിട്ടും ഇതുവരെ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ.

രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീട്ടിൽ കയറി വെടിവെച്ചു കൊല്ലുമെന്ന് ബിജെപി സഹയാത്രികൻ പരസ്യമായി ഭീഷണിപ്പെടുത്തി 24 മണിക്കൂർ പിന്നിട്ടിട്ടും, യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ സമീപനം അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ഭരണകൂടം തന്നെ സംരക്ഷണം നൽകുന്നതിന്റെ തെളിവാണിത്. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താൻ ഇത്തരം ഭീഷണികൾക്ക് കഴിയില്ല.കെ സി വേണുഗോപാൽപറഞ്ഞു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക