
ഹൂസ്റ്റണ്‍: ലോകത്ത് എത്ര വ്യത്യസ്ത പുതുവത്സരങ്ങളുണ്ട്..? നിരവധി ഉണ്ടാവും. പുതുവര്‍ഷം സംബന്ധിച്ച് വ്യത്യസ്ത സമൂഹങ്ങള്‍ക്കും വ്യത്യസ്ത സംസ്കാരങ്ങള്‍ക്കും അവരുടേതായ സങ്കല്പ്പങ്ങളുണ്ട്. തീര്‍ച്ചയായും ഇവയ്ക്ക് ഒരു പ്രാദേശിക കാരണം ഉണ്ടായിരിക്കാം. പുരാണപരമോ, മതപരമോ, സാംസ്കാരികമോ, അല്ലെങ്കില്‍ പരമ്പരാഗതമോ ആയ അടിസ്ഥാനത്തിലായിരിക്കും വ്യതിരിക്തമായ ഈ പുതുവര്‍ഷ ആചാരം രൂപപ്പെട്ടിട്ടുള്ളത്.
ദേശീയ ആഘോഷമായ 'സണ്‍ഡേ നൈറ്റ് സൂപ്പര്‍ ബൗള്‍' എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടത്താറുണ്ട്. അമേരിക്കന്‍ നാഷണല്‍ ഫുട്ബോള്‍ ലീഗിന്റെ വാര്‍ഷിക ചാമ്പ്യന്‍ഷിപ്പ് മത്സരമാണിത്. ഒരു സീസണിന്റെ അന്ത്യം കുറിക്കുന്ന ഈ ആഘോഷം ഫെബ്രുവരിയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് നടക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ കായിക ആഘോഷങ്ങളില്‍ ഒന്നായി 'സണ്‍ഡേ നൈറ്റ് സൂപ്പര്‍ ബൗള്‍' കണക്കാക്കപ്പെടുന്നു. അതിനാല്‍ത്തന്നെ ഭൂരിഭാഗം അമേരിക്കക്കാരും ഗെയിമിലും ഷോകളിലും അഭിരമിക്കുന്നതോടൊപ്പം പിസ, ചിപ്പ് ആന്‍ഡ് ഡിപ്പ്, ഒരു പായ്ക്ക് ബിയര്‍ എന്നിവയുമായി ആഘോഷം പൊലിപ്പിക്കുകയും ചെയ്യുന്നു.

അടുത്ത ദിവസം രാവിലെ 'മറ്റൊരു വര്‍ഷം', 'ഒരു പുതുവര്‍ഷം' തുടങ്ങുന്നു എന്ന് പറഞ്ഞാല്‍ അത് ശരിയാണോ..? അതെ, ഇത് വാലന്റൈന്‍ ദിനം, മാര്‍ഡി ഗ്രാ അല്ലെങ്കില്‍ പ്രസിഡന്റിന്റെ ദിനം എന്നിവയോടെ ഒരു പുതിയ സീസണ് തന്നെ ആരംഭിക്കുന്നു. ഒരു പുതിയ തുടക്കം. ഒരു പുതിയ സീസണിനായി, വസന്തത്തിന്റെ വരവിനായി കാത്തിരിക്കുന്ന നേരം.
ഈ പശ്ചാത്തലത്തില്‍, വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറം അംഗങ്ങള്‍ പതിവുപോലെ സ്റ്റാഫോര്‍ഡിലെ മസാല ഹട്ട് റസ്റ്റോറന്റില്‍ ഫെബ്രുവരിയിലെ യോഗത്തിനായി വീണ്ടും ഒത്തുകൂടി. കഥയുടെ ലോകമായിരുന്നു, പ്രത്യേകിച്ച് 'ഷോര്‍ട്ട്-ഷോര്‍ട്ട് ഫിക്ഷന്‍, അല്ലെങ്കില്‍ സഡന്‍ ഫിക്ഷന്‍ അല്ലെങ്കില്‍ ഫ്ഷാഷ് ഫിക്ഷന്‍ ആയിരുന്നു ചര്‍ച്ചാ വിഷയം.

കഥാ ലോകത്തിന്റെ വിശാലതയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജീവിച്ചിരുന്ന ആന്റണ്‍ ചെക്കോവ്, ഗൈ ഡി മൗപാസന്റ്, ഒ. ഹെന്റി തുടങ്ങിയ കഥയെഴുത്തിന്റെ തലതൊട്ടപ്പന്മാരുടെ ക്ലാസിക് കഥകള്‍ റൈറ്റേഴ്സ് ഫോറം അംഗങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് സംസാരിച്ചു. തുടര്‍ന്ന് പഞ്ചതന്ത്രം കഥകളും ഈസോപ്പിന്റെ കഥകളും പരാമര്‍ശിക്കപ്പെട്ടു. സാരോപദേശ കഥകളുടെ ഉപജ്ഞാതാവും പുരാതന ഗ്രീക്ക് സാഹിത്യകാരനുമായിരുന്നു ഈസോപ്പ് എങ്കില്‍ ജീവിത വിജയത്തിന്ന് അത്യന്താപേക്ഷിതമായ ധര്‍മതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തില്‍ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശര്‍മ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം.

മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമിസ്റ്റുമായിരുന്ന ഒ.വി വിജയന്റെ 'കുറുക്കനും മുന്തിരിങ്ങയും' വായിക്കാത്തവരോ അറിയാത്തവരോ ആയി ആരുമുണ്ടാവില്ല. വിശന്നുവലഞ്ഞ ഒരു കുറുക്കന് ഉയരത്തില്‍ തൂങ്ങിക്കിടക്കുന്ന മുന്തിരിപ്പഴം പറിച്ചെടുക്കാന്‍ ശ്രമിക്കുകയും, പരാജയപ്പെടുമ്പോള്‍ ''ഈ മുന്തിരിങ്ങ പുളിക്കുന്നതാ...'' എന്ന് പറഞ്ഞ് സ്വയം സമാധാനിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. നമ്മുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ നല്ലതല്ല എന്ന് ചിന്തിക്കരുത് എന്നാണ് ഈ കഥയുടെ ഗുണപാഠം.
അടുത്ത കഥ ഒ.വി വിജയന്റെ തന്നെ ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നിടത്തു നിന്നും തുടങ്ങുന്നു. ഒരു പ്രതികാരത്തിനായി കഥാപാത്രമായ രവി കഥാകൃത്ത് വിജയന്റെ അടുത്തേക്ക് ഒരു കൂട നിറയെ പാമ്പുകളുമായി വരുന്നു. 'മാഷേ ഒന്നു കാലു നീട്ട്' ഒരു ചെറിയ നര്‍മ്മം! ചിന്തിപ്പിക്കുന്ന മറ്റൊരു ചെറിയ കഥയാണ് 'ദൈവവിവാദം'. രണ്ട് വിഡ്ഢികള്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന് നിരന്തരം തര്ക്കിച്ചുകൊണ്ടേയിരുന്നതിന്റെ കഥ. ഒരാള്‍ ദൈവത്തെ കണ്ടാല്‍ ഒന്നു കൊടുക്കും. മറ്റേയാള്‍ ഞാന്‍ സുവര്ണ്ണത്തേരിലേറ്റും. ഇടിമുഴക്കത്തെ ഒരാള്‍ തന്റെ പൊട്ടീരിന്റെ ശക്തിയായി കാണുമ്പോള്‍ ഈശ്വരവാദിക്ക് മിന്നല്‍ ഈശ്വരചൈതന്യം പോലും! വിഡ്ഢികളുടെ വിവാദം തുടര്‍ന്നുകൊണ്ടേയിരുന്നു.

തുടര്‍ന്നുള്ള മലയാള കഥാചര്‍ച്ചയില്‍ പോഞ്ഞിക്കര റാഫി, കാരൂര്‍ നീലകണ്ഠപ്പിള്ള തുടങ്ങി മറ്റ് നിരവധി കഥാകൃത്തുക്കളുടെയും കൃതികള്‍ കടന്നുവരുന്നു. പ്രണയദിനത്തിനു മാറ്റു കൂട്ടുന്നതായിരുന്നു എ.സി ജോര്‍ജിന്റെ 'പ്രണയമണിക്കോവിലില് ഇണക്കുരുവികള്‍' എന്ന കവിത.
'പ്രണയമണി കോവിലില്‍ മധുരപ്രതീക്ഷയായ്
കാത്തിരിക്കും അനുരാഗ പ്രേമഭിക്ഷകന് ഞാന്‍...'
ഇതിന്റെ തുടര്‍ച്ചയെന്നോണം അവതരിപ്പിച്ച കവിതയാണ് ബാബു കുരൂരിന്റെ 'ഇരുളുകള്‍ തേടി'.
'ഹരിത ജലധിയെന്ന പോല്‍
ഇളം കാറ്റിലുലയുന്നു നെല്‍ച്ചെടികള്‍...'
ഡോ.ജോസഫ് പൊന്നോലി, എ.സി.ജോര്‍ജ്, മാത്യു നെല്ലിക്കുന്ന്, ബാബു കുരൂര്‍, മോട്ടി മാത്യു, ജോസഫ് തച്ചാറ, സജി കൊല്ലന്തറ, ജോണ്‍ മാത്യു, സുരേന്ദ്രന് നായര്‍, ഡോളി കാച്ചപ്പിള്ളി, ചെറിയാന് മഠത്തിലേത്ത്, ഗ്രേസി നെല്ലിക്കുന്ന്, ബോബി മാത്യു തുടങ്ങിയവര്‍ സജീവമായ ചര്‍ച്ചയില്‍ പങ്കെടുത്തു. റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ചെറിയാന് മഠത്തിലേത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവര്‍ത്തകനും റൈറ്റേഴ്സ് ഫോറത്തിന്റെ അഭ്യുദയകാംക്ഷിയുമായ തോളൂര്‍ മാത്തുക്കുട്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സാഹിത്യ സമ്മേളനത്തിന്റെ മോഡറേറ്റര്‍ സുരേന്ദ്രന് നായര്‍ ആയിരുന്നു. റൈറ്റേഴ്സ് ഫോറത്തിന്റെ 22-ാം സമാഹാരം തയ്യാറായിട്ടുണ്ടെന്നും നാട്ടില്‍ നിന്നുള്ള ഷിപ്പ്മെന്റ് എത്തുന്നതിനായി കാത്തിരിക്കുകയാണെന്നും പബ്ലിഷിംഗ് കോര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു. സെക്രട്ടറി മോട്ടി മാത്യു നന്ദി പറഞ്ഞു.
***
ഫോട്ടോ: മോട്ടി മാത്യു