Image

താരിഫ് ചുമത്താൻ പ്രസിഡന്റിനു മറ്റ് വഴികൾ

Published on 20 February, 2026
താരിഫ് ചുമത്താൻ പ്രസിഡന്റിനു മറ്റ് വഴികൾ

വെള്ളിയാഴ്ചത്തെ സുപ്രീം കോടതി വിധി പ്രസിഡന്റ് ട്രംപിന്റെ ഇഷ്ട ഉപകരണം താരിഫ് ചുമത്തുന്നത് ഇല്ലാതാക്കിയേക്കാം, എന്നാൽ അതിനർത്ഥം വിദേശ ഇറക്കുമതികൾക്ക് അദ്ദേഹത്തിന് ഇനി ഉയർന്ന തീരുവ ചുമത്താൻ കഴിയില്ല എന്നല്ല-ന്യു യോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.  താരിഫ് ചുമത്താൻ   നിരവധി അധികാരങ്ങൾ ഇപ്പോഴും അദ്ദേഹത്തിനുണ്ട്.

വിധിക്ക് മുമ്പുള്ള ഒരു അഭിമുഖത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ, ഇറക്കുമതിക്ക് നികുതി ചുമത്താൻ മിസ്റ്റർ ട്രംപിന് മറ്റ് വഴികൾ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്ന് പറഞ്ഞു.

ജസ്റ്റിസ് ബ്രെറ്റ് എം. കാവനോ തന്റെ വിയോജിപ്പിൽ, പ്രസിഡന്റിന് ഉപയോഗിക്കാൻ കഴിയുന്ന മറ്റ് വ്യാപാര അധികാരങ്ങളുടെ  ഒരു പട്ടിക ഉൾപ്പെടുത്തുകയും കോടതിയുടെ തീരുമാനം  പ്രസിഡൻഷ്യൽ താരിഫ് അധികാരത്തെ വളരെയധികം നിയന്ത്രിക്കാൻ സാധ്യതയില്ല എന്ന് അഭിപ്രായപ്പെടും ചെയ്തു.

സെക്ഷൻ 232, സെക്ഷൻ 122, സെക്ഷൻ 301, സെക്ഷൻ 338 എന്നിവയൊക്കെ പ്രസിഡന്ടിനു വിവിധ തരം അധികാരങ്ങൾ നൽകുന്നതാണ്.  

എങ്കിലും ചില താരിഫുകൾ ഉപേക്ഷിക്കേണ്ടി വരും. അത് അമേരിക്കൻ ഉപഭോക്താക്കൾക്ക് ഗുണമാകും. എന്തായാലും താരിഫ് ചെക്ക് 2000 ഡോളർ തൽക്കാലം   ജനങ്ങൾക്ക് കിട്ടാൻ സാധ്യതയില്ല.

വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയിൽ ഇന്റർനാഷണൽ എമർജൻസി എക്കണോമിക് പവേർസ് ആക്ട് (ഐഇഇപിഎ) പ്രകാരമുള്ള ചില ടാരിഫുകൾ റദ്ദാക്കി. എന്നാൽ, സ്റ്റീൽ, അലുമിനിയം, സോളാർ പാനലുകൾ, വാഹനങ്ങൾ, കോപ്പർ, ചൈനയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് മുൻപ് ഏർപ്പെടുത്തിയ മറ്റ് ടാരിഫുകൾ നിലനിൽക്കും.

ഈ നികുതികളിൽ ചിലത് 2018-ൽ ട്രംപിന്റെ ആദ്യ കാലയളവിൽ തന്നെ ഏർപ്പെടുത്തിയവയാണ്. അന്ന് അദ്ദേഹം 1962ലെ ട്രേഡ് എക്സ്പാൻഷൻ ആക്ടിന്റെ സെക്ഷൻ 232 വകുപ്പിനെ ആശ്രയിച്ചിരുന്നു. ദേശീയ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രസിഡന്റ് ടാരിഫുകൾ ഏർപ്പെടുത്താൻ ഈ വകുപ്പ് അധികാരം നൽകുന്നു.

റോബോട്ടിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, വിൻഡ് ടർബൈനുകൾ തുടങ്ങിയ മേഖലകളിൽ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അന്വേഷണം പൂർത്തിയാക്കുന്നതിനാൽ, അടുത്ത മാസങ്ങളിൽ കൂടുതൽ ‘ദേശീയ സുരക്ഷ’ ടാരിഫുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ജസ്റ്റിസ് നീൽ എം.ഗോർസച്ച്, ടാരിഫുകളിൽ പ്രസിഡന്റിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന ഭരണകൂടത്തിന്റെ വാദം തള്ളി. ചരിത്രം പ്രസിഡന്റുമാർക്ക് ഇത്തരമൊരു വിപുല അധികാരം പരമ്പരാഗതമായി ഉണ്ടായിരുന്നുവെന്ന ആശയത്തെ പിന്തുണക്കുന്നില്ല എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. അമേരിക്കൻ വിപ്ലവം നടന്നത് പോലും നികുതി ചുമത്താനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് ഉള്ളത് എന്ന വിശ്വാസത്തിലാണെന്നും താരിഫ് ഏർപ്പെടുത്താനുള്ള അധികാരം കോൺഗ്രസിന് മാത്രമാണ് നൽകിയിരിക്കുന്നത് എന്നും ഗോർസച്ച് അഭിപ്രായപ്പെട്ടു.

ഐഇഇപിഎ ടാരിഫുകൾ റദ്ദാക്കുന്ന വിധി പുറത്തുവന്നത് ട്രംപ് അടുത്ത ചൊവ്വാഴ്ച കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിന് മുമ്പാകെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം നടത്താനിരിക്കെയാണ്. ടാരിഫ് എന്ന വാക്കാണ് നിഘണ്ടുവിലെ ഏറ്റവും മനോഹരമായ വാക്ക് എന്ന് പലവട്ടം പറഞ്ഞിട്ടുള്ള ട്രംപ്, സാമ്പത്തിക-വിദേശനയ ലക്ഷ്യങ്ങൾ കൈവരിക്കാൻ നികുതികളെ പ്രധാന ആയുധമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക