
മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിൽ നിയന്ത്രണം വിട്ട മിനിലോറി 30 അടി താഴ്ചയിലുള്ള ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തി നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് ഡ്രൈവർക്ക് പുറമെ ക്ലീനർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയ ലോറിക്കുള്ളിൽ കുടുങ്ങിയ ഇദ്ദേഹത്തെ മണിക്കൂറുകൾക്ക് ശേഷവും പുറത്തെടുക്കാനായിട്ടില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. സാധനങ്ങളുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ഏകദേശം 12.30നും 2 മണിക്കും ഇടയിലാണ് സംഭവം നടന്നത്. ഡ്രൈവർ ജാഫർ നീന്തി രക്ഷപ്പെട്ടിരുന്നു. ക്ലീനർ മുസ്തഫയാണ് ഇപ്പോൾ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം മലയിൽ ഗ്രൂപ്പിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന ജോലിയാണ് ജാഫറും മുസ്തഫയും ചെയ്തിരുന്നത്. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങി.
വലിയ ആഴമുള്ളതാണ് ക്വാറി. ഇതിൽ മാലിന്യവും പ്‌ളാസ്റ്റിക്കും നിറഞ്ഞു കിടക്കുകയാണ്. ഏറെക്കാലം പഴക്കമുള്ള ഈ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം 65 അടി താഴ്ചയുണ്ട് ക്വാറിക്ക്. വണ്ടി മുഴുവനായും മുങ്ങിപ്പോകുകയും ചെയ്തു. ഫയർഫോഴ്‌സ്, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.