Image

സാംസി കൊടുമണ്ണിന്റെ 'അടിമക്കണ്ണിന്റെ നാള്‍വഴികള്‍' (ചില അനുബന്ധ ചിന്തകള്‍)-രാജു മൈലപ്രാ

രാജു മൈലപ്രാ Published on 20 February, 2026
സാംസി കൊടുമണ്ണിന്റെ 'അടിമക്കണ്ണിന്റെ നാള്‍വഴികള്‍' (ചില അനുബന്ധ ചിന്തകള്‍)-രാജു മൈലപ്രാ

അമേരിക്കയില്‍, ഫെബ്രുവരി 'Black History Month' ആയി ആഘോഷിക്കാറുണ്ട്. സത്യത്തില്‍, ഇതു കറുത്ത വര്‍ഗ്ഗക്കാരെ ആദരിക്കുവാനാണോ, അതോ അവഹേളിക്കാനാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 'നിങ്ങള്‍ അന്നും ഇന്നും എന്നും അടിമകളായിരിക്കും'  എന്ന സത്യം അവരുടെ മനസ്സില്‍ ആണിയടിച്ച് ഉറപ്പിക്കുവാനുള്ള തന്ത്രപൂര്‍വ്വമായ ഒരു ആചാരമാണോ ഇത്?

എന്റെ സുഹൃത്ത്, ശ്രീ. സാംസി കൊടുമണ്ണിന്റെ 'ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍' എന്ന ചരിത്ര നോവല്‍ വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ഒരു സംശയമാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്.

അഞ്ഞൂറോളം പേജുകളിലായി നിറഞ്ഞു നില്‍ക്കുന്ന ഈ നോവല്‍, അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍, ശ്രീ. സാംസി എത്രയധികം ഗവേഷണങ്ങളാണ് നടത്തിയിട്ടുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിന്റെ അളവു കൂടുന്നു.

തികഞ്ഞ അന്വേഷണധ്വരയും, അര്‍പ്പണബോധവും, ലക്ഷ്യത്തിലെത്തണമെന്ന ദൃഢനിശ്ചയവുമുള്ള ഒരു വ്യക്തിക്കു മാത്രമേ, ഇത്ര ബൃഹത്തായ ഒരു ഗ്രന്ഥം വായനക്കാരുടെ കൈകളിലെത്തിക്കുവാന്‍ കഴിയുകയുള്ളൂ.
'അടിമക്കണ്ണിന്റെ നാള്‍വഴികള്‍' എന്ന ഈ നോവല്‍ ചരിത്രവും ഭാവനയും സംയോജിപ്പിച്ച് എഴുതിയിട്ടുള്ള ഒരു കൃതിയാണ്.

ഇതൊരു ആധികാരികമായ ചരിത്ര പഠനഗ്രന്ഥമല്ല. മറിച്ച്, ചരിത്രപരമായ സംഭവങ്ങളോടെ ആവുന്നടത്തോളം നീതി പുലര്‍ത്തിക്കൊണ്ട് എഴുതപ്പെട്ടിട്ടുള്ള ഒരു നോവലാണ്. ചരിത്രം മരവിച്ച രേഖകളല്ല, മറിച്ച് മനുഷ്യാനുഭവങ്ങളുടെ സജീവമായ ഒരു ഒഴുക്കാണ്, ഭാവനയുടെ അകമ്പടിയോടെ നമ്മുടെ മുന്നില്‍, നീര്‍ച്ചാലുകളായി ഒഴുകുന്നത്.
ഓരോ പേജുകള്‍ വായിക്കുന്തോറും, അടുത്ത അദ്ധ്യായത്തില്‍ എന്താണെന്നറിയാനുള്ള ആകാംക്ഷ വായനക്കാരില്‍ നിലനിര്‍ത്തുവാന്‍ ശ്രീ. സാംസിക്കു സാധിച്ചിട്ടുണ്ട്.

വര്‍ണ്ണ വിവേചനവും, വര്‍ഗ്ഗവിവേചനവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അനേക വര്‍ഷങ്ങളിലെ ത്യാഗങ്ങളിലൂടെ, യാതനകളിലൂടെ നമ്മുടെ പൂര്‍വ്വികന്മാര്‍ നേടിയെടുത്തെന്നു കരുതപ്പെടുന്ന ഈ സമത്വത്തിനും, സ്വാതന്ത്രത്യത്തിനും ഇന്നും അതിര്‍ വരമ്പുകള്‍ ഉണ്ടെന്ന് വേണം സമകാലിക സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്.

ഇരുണ്ട ഭൂതകാലത്തിലേക്കുള്ള ഒരു മടക്കയാത്രയുടെ പാതയിലാണ് സാധരണ ജനങ്ങള്‍.
'I  can't breathe-' മുട്ടുകാലിനടിയില്‍ ഞെരിയുന്ന കഴുത്തില്‍, പിടയുന്ന ജീവന്റെ രോദനം ആയിരുന്നത്.-'
നോവലിന്റെ തുടക്കത്തിലെ ഈ ഒരു വാചകം മതി വായനക്കാരനെ മുന്നോട്ടു നയിക്കുവാന്‍.

'പിറകിലേക്കു വിലങ്ങുവെച്ച കൈയ്യുടെ മീതെയായി വീണുപോയ ആറടിക്കാരന്റെ ഇരുനൂറ്റിയമ്പതു പൗണ്ട് ഭാരത്തില്‍ അധികാരത്തിന്റെ കാല്‍മുട്ട് ഒരു ഇരപിടിയന്‍ കഴുതപ്പുലിയെപ്പോലെ ചിരിക്കുന്നു.

ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍, തെരുവുകളില്‍ സിഗരറ്റ് ചില്ലറ വില്പന നടത്തിയെന്ന 'ക്രൂരകൃത്യതതിന്' പോലീസിന്റെ പിടിയിലായ എറിക് ഗാര്‍നര്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ പതിനൊന്നു തവണയാണ് ഈ വാചകം ആവര്‍ത്തിച്ചത്.

വിശപ്പു സഹിക്കവയ്യാതെ ഒരു കഷ്ണം അപ്പക്കഷ്ണം മോഷ്ടിച്ചുവെന്ന കുറ്റം ചാര്‍ത്തി, അട്ടപ്പാടിയില്‍ മധുവെന്ന ഒരു ആദിവാസി യുവാവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ഒരു പേപ്പട്ടിയെപ്പോലെ തല്ലിക്കൊന്ന സംഭവം ഇതോടെ ചേര്‍ത്തു വായിക്കാം.

അധികാരികളുടെ അനീതി ചോദ്യം ചെയ്താല്‍, അതു ചെയ്യുന്നവന്റെ കുടുംബത്തെയുള്‍പ്പെടെ, വേരോടെ പിഴുതെറിയുന്ന ഒരു സംവിധാനമാണ് ഇന്ന് ലോകത്തെവിടേയും 'ജനാധിപത്യം' എന്ന ഓമനപ്പേരില്‍ നിലനില്‍ക്കുന്നത്.
സാംസിയുടെ ഈ ചരിത്രനോവലില്‍ നിന്നും മുറിച്ചു മാറ്റപ്പെടേണ്ടതായോ, കൂട്ടിച്ചേര്‍ക്കണ്ടപ്പെടേണ്ടതായോ ഉള്ള വാക്കുകളോ വാചകങ്ങളോ ഒന്നുമില്ല. എല്ലാം ചേരെണ്ടടുത്ത് ചേരുംവിധം ഭംഗിയായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. അറിവുകളുടെ ഒരു പുതിയ തലത്തിലേക്കു അവ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ധാരാളം ഉദാഹരണങ്ങള്‍:
പ്രകൃതിയുടെ എല്ലാ ഭാവങ്ങളും നമ്മുടെ ആരാധനയുടെ മൂര്‍ത്തികളാണ്. തീയും, വെള്ളവും, വായുവും, ഇടിയും, മിന്നലും സൂര്യനുമൊക്കെ. അതില്‍ പ്രധാനം അഗ്നിയാണ്. അഗ്നിയാണു നമ്മുടെ ദൈവം. നമ്മുടെ എല്ലാ ചടങ്ങുകള്‍ക്കും തീ ഉണ്ടായിരുന്നു. പ്രതിഷേധത്തിന്റെ ആ തീപ്പൊരി കെടാതെ തലമുറകളിലേക്കവര്‍ പകര്‍ന്നു.
അടിമയുടെ ജീവിതം എല്ലായിടത്തും ഒരു പോലെയാണ്. ഇവിടെ നിറത്തിന്റെ പേരിലെ വിഭാഗീയത, ഇന്ത്യയില്‍ മതത്തിന്റെ പേരിലാണെന്നു മാത്രം.

ആയിരത്തി നാനൂറ്റി തെണ്ണൂറ്റി രണ്ടില്‍(1492), അന്റലാന്റിക് മഹാസമുദ്രത്തില്‍ വഴിതെറ്റിവന്ന ഒരു കപ്പല്‍, ലോകത്തിന്റെ മുഴുവന്‍ ജാതകം മാറ്റി എഴുതി.

കൊളംബസ് തുറന്ന കടല്‍പ്പാതകളിലൂടെ തീര്‍ത്ഥാടകരായി വന്നവര്‍ രാജ്യത്തിന്റെ അവകാശികളായി. തദ്ദേശീയരായ റെഡ് ഇന്‍ഡ്യന്‍സിനെ പാടേ നിരാകരിച്ച് ചരിത്രത്തില്‍ നിന്നും പുറത്താക്കി. കൊളംബസ് ഈ നാട്ടില്‍ ഇറക്കിയ വംശീജയതയുടെ വിത്തുകള്‍ ഇപ്പോഴും ഇവിടെ വിളയുന്നു.

എബ്രഹാം ലിങ്കണ്‍ ഓര്‍ക്കപ്പെടുന്നത് എന്തിന്റെ പേരിലായിരിക്കും? ഒരു അടിമയുടെ നാവില്‍, ലിങ്കണ്‍ അടിമകളുടെ വിമോചകനാണെങ്കില്‍, ഒരു സങ്കുചിത വെളളക്കാരന്റെ ചരിത്രബോദ്ധ്യത്തിലെ ലിങ്കണ്‍ അവരുടെ വംശാധിപത്യത്തിന് തുരങ്കം പണിത കരിങ്കാലിയായി അടയാളപ്പെടുത്തും.

ഇന്‍ഡ്യയിലെ അടിമ വ്യവസ്ഥ നിറത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കിലും, അതില്‍ നിറവും, ജാതിയും, ജാതിയിലൂടെ തൊഴിലും എല്ലാം കൂടി കലര്‍ന്ന ഒരു സങ്കീര്‍ണ്ണ വ്യവസ്ഥിതിയാണ്.

ഭയാനകവും, ക്രൂരവുമായ സത്യങ്ങള്‍, സാംസി തന്റെ കഥാപാത്രങ്ങളിലൂടെ വെളിച്ചത്തു കൊണ്ടു വരുന്നു.
ഒരു പ്രവാചകന്റെ ദര്‍ശനത്തോടു കൂടിയാണ് ശ്രീ സാംസി കൊടുമണ്‍ തന്റെ ബൃഹത്തായ നോവല്‍ അവസാനിപ്പിക്കുന്നത്.

'അമേരിക്കയുടെ മനസ്സിനെന്തു പറ്റി? അതു വര്‍ഗ്ഗീയതയുടെ പാതയിലേക്കു ചുവടു മാറ്റുകയാണോ?... ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ അമര്‍ന്ന മുട്ടുകാലിന്റെ ഏഴു മിനിറ്റില്‍ ഒത്തിരിയേറേ ആത്മാക്കളുടെ നിലവിളി കേള്‍ക്കുന്നില്ലേ? ഇനി നീണ്ടു വരുന്ന അവരുടെ തോക്കുകളോ കാല്‍മുട്ടുകളോ നമ്മുടെ തലമുറകളുടെ നേരെ എന്നാണാവോ ഇറങ്ങി വരിക?

സമരങ്ങള്‍ തീരുന്നില്ല!'
മനുഷ്യ വര്‍ഗ്ഗത്തിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിച്ച അനേകം വിശിഷ്ട വ്യക്തികളുടേയും, അതിനു തുരങ്കം വെക്കുവാന്‍ ശ്രമിച്ച മനസു കരിങ്കല്ലാക്കി മാറ്റിയ കിരാതന്മാരുടേയും രേഖാചിത്രങ്ങള്‍ നോവലില്‍ ഉടനീളം വരച്ചു കാണിച്ചിരിക്കുന്നു.

എബ്രഹാം ലിങ്കണും, ജോണ്‍ എഫ്. കെന്നഡിയും, മാര്‍ട്ടിന്‍ ലൂതര്‍കിംഗും, മഹാത്മാഗാന്ധിയും തുടങ്ങി ജോര്‍ജ് വാലസ് വരെയുള്ളവരെക്കുറിച്ചുള്ള ഗവേഷണ പരാമര്‍ശങ്ങള്‍ ഈ ഗ്രന്ഥത്തെ തികച്ചും ഒരു 'ചരിത്ര നോവല്‍' എന്ന പദവിയിലേക്കുയര്‍ത്തുന്നു.

'ക്ലാസിക്' വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന 'അടിമക്കണ്ണിന്റെ നാള്‍വഴികള്‍' എന്ന ചരിത്രനോവല്‍, ഏതെങ്കിലും ഒരു സാഹിത്യ സമ്മേളനവേദിയിലെ, മൂന്നു മിനിറ്റു നീളുന്ന ഒരു 'പ്രകാശന കര്‍മ്മ' ത്തില്‍ ഒതുക്കാവുന്നതല്ല.
കൂടുതല്‍ വായനക്കാരിലേക്കു ഈ ഗ്രന്ഥം എത്തിക്കുക എന്നൊരു കര്‍ത്തവ്യം, ഇവിടെയുള്ള മലയാള സാഹിത്യസംഘടനകള്‍ ഏറ്റെടുക്കുന്നത് അഭികാമ്യമായിരിക്കും.
ശ്രീ സാംസി കൊടുമണ്ണിലിന് നന്മകള്‍ നേരുന്നു!

Read the novel at. https://www.emalayalee.com/writer/119

Join WhatsApp News
Samcykodumon 2026-02-20 15:03:49
പ്രിയമുള്ള രാജു മൈലപ്ര സര്‍, താങ്കള്‍ എന്റെ പുസ്തകം നന്നായി വായിച്ച് പറഞ്ഞ പുസ്തക അഭിപ്രായത്തിന് നന്ദി. ഒരു സാമ്പ്രദായിക പുസ്തക നിരൂപകന്റെ മുഖാവരണം അഴിച്ചു മാറ്റിയതിനാൽ പറയുന്ന ഓരോ വാക്കിലും ആത്മാര്‍ത്ഥത അനുഭവപ്പെട്ടു. നന്ദി. സസ്നേഹം സാംസി കൊടുമൺ.
ചെല്ലപ്പനാശാരി 2026-02-20 15:45:56
"ഒരു പ്രവാചകന്റെ ദര്‍ശനത്തോടു കൂടിയാണ് ശ്രീ സാംസി കൊടുമണ്‍ തന്റെ ബൃഹത്തായ നോവല്‍ അവസാനിപ്പിക്കുന്നത്." ഇങ്ങിനെയും പുറംചൊറിയാമെന്നു മനസ്സിലായി. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍, തെരുവുകളില്‍ സിഗരറ്റ് , നികുതി ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ നിന്നും മൊത്തത്തിൽ വാങ്ങി ന്യൂയോർക്കിലെ മുഴുവൻ നികുതിദായരെയും പറ്റിച്ചു പുട്ടടിച്ചോണ്ടിരുന്ന കറുമ്പനെ പല പ്രാവശ്യം ചോദ്യം ചെയ്യാൻ വിളിച്ചിട്ടും സഹരിക്കാഞ്ഞ എറിക് ഗാർനർ എന്ന ഭീമനെ കീഷടക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. അതിൽ ജീവൻ നഷ്ട്ടപെട്ടു . ഇതല്ലേ വസ്തുത? നോവലായാലും സത്യം സത്യമല്ലാതാകുമോ ? ചെല്ലപ്പനാശാരി .
Gopinathan, Staten Island 2026-02-20 17:52:07
പ്രിയ ചെല്ലപ്പനാശാരി: താങ്കൾ ഏതു ലോകത്താണ് ജീവിക്കുന്നത്? കഥയറിയാതെ ആട്ടം കാണുന്ന ആരുടെയോ ഒരു 'അടിമ'യാണ് താങ്കെളെന്ന് കരുതുന്നു. " ന്യൂയോർക്കിലെ തെരുവുകളിൽ, നികുതി ഇല്ലാതെ മറ്റു സംസ്ഥാങ്ങളിൽ നിന്നും മൊത്തത്തിൽ വാങ്ങി , ന്യൂയോർക്കിലെ മുഴുവൻ നികുതിദായകരെയും പറ്റിച്ചു പുട്ടടിച്ചികൊണ്ടിരുന്ന 'കറുമ്പനെ' കീഴടക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. കറുമ്പൻ ചത്തു. ഇതല്ലേ വസ്തുത?''. സത്യം പറഞ്ഞാൽ താങ്കളുടെ ഈ കമന്റ് വായിച്ചിട്ടു താങ്കൾക്ക് തന്നെ ചിരി വരുന്നില്ലേ. മരിച്ചയാൾ, എറിക് ഗാർനർ ഒരു കോർണർ സ്റ്റോറിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിച്ചു അതിൽ നിന്നും ഒന്നും രണ്ടുമായി വിൽക്കുകയായിരുന്നു. അതിൽ നിന്ന് തന്നെ അത് വിൽക്കുന്ന വന്റെയും വാങ്ങുന്നവന്റ്റെയും സാമ്പത്തിക സ്ഥിതി മനസിലാകുമല്ലോ. താങ്കളുടെ പ്രതികരണം കണ്ടാൽ അയാൾ ട്രക്ക് കണക്കിന് സിഗരറ്റ് മറ്റു സംസ്ഥാങ്ങളിൽ നിന്നും നികുതിയില്ല വാങ്ങി കൊണ്ടുവന്നു ന്യൂയോർക്കിന്റെ സമ്പത് വ്യവസ്ഥയെ തകിടം മറിക്കുക ആയിരുന്നു എന്ന് തോന്നും. നികുതിദായകനായ താങ്കൾക്കും ആ ഇനത്തിൽ ഭീമമായ ഒരു നഷ്ട്ടം വന്നു കാണണം. അല്ലെങ്കിൽ തനിക്കു ഇത്ര പൊള്ളുകയില്ലല്ലോ. ? സാംസി കൊടുമൺ എഴുതിയ നോവൽ താങ്കൾ വായിച്ചിട്ടില്ല എന്ന് വ്യക്തം. ആരെങ്കിലും ഒരാളെക്കുറിച്ചു നല്ലതു എഴുതിയാൽ ഉടനെ 'പുറം ചൊറിയൽ' ആയി. രാജു മൈലപ്രാക്ക് സാംസി കൊടുമണ്ണിന്റെ പുറം ചൊറിഞ്ഞിട്ട് എന്ത് കാര്യം. 'ദാർശനികൻ' എന്ന വാക്ക് താങ്കൾക്ക് ദഹിച്ചില്ല എന്ന് തോന്നുന്നു. അമേരിക്കൻ മലയാളികൾക്ക് നല്ലതൊന്നും എഴുതാൻ കഴിയില്ല എന്ന മുൻവിധി പലർക്കുമുണ്ട്. താങ്കളുടെ 'ചൊറിച്ചിൽ' മാറ്റാൻ മുള്ളുമുരിക്ക് പ്രയോഗമാണ് നാടൻ ചികിത്സ.
Paul D Panakal 2026-02-20 19:04:59
വളരെ നല്ലൊരു അവലോകനം. കൃത്രിമത്വം കാണാനാവാത്ത അവലോകനം. 'അടിമക്കണ്ണിന്റെ നാൾവഴികൾ' വായിക്കാനുള്ള അവസരം കാത്തിരിക്കുന്നു. രാജു മൈലപ്രയ്ക്ക് നന്ദി. സാംസൺ കൊടുമണ്ണിന് ഭാവുകങ്ങളും.
Jayan Varghese 2026-02-20 21:17:13
‘ കൂടുതല്‍ വായനക്കാരിലേക്കു ഈ ഗ്രന്ഥം എത്തിക്കുക എന്നൊരു കര്‍ത്തവ്യം, ഇവിടെയുള്ള മലയാള സാഹിത്യസംഘടനകള് ഏറ്റെടുക്കുന്നത് അഭികാമ്യമായിരിക്കും ‘ എന്ന നിരൂപകന്റെ വാക്കുകൾ വെറും മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ആഗോള മലയാളികളുടെ അടിസ്ഥാന ഞണ്ട് ശീലം എന്നത് തന്നെ തങ്ങളിലൊന്ന് കുടയ്ക്ക് പുറത്ത് കടന്ന് രക്ഷപ്പെടുന്നതിലുള്ള അസ്സൂയയുടെ ആധിയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കഞ്ഞി കുടിച്ചിരുന്ന സുഹൃത്ത് ചോറാക്കി ഉണ്ട് തുടങ്ങിയസൽ വയറ്റു വേദന അനുഭവിക്കുന്നത് അത് കാണുന്ന മറ്റേ സുഹൃത്താണ് എന്നതാണ് നില. സാഹിത്യത്തിന്റെ കാര്യത്തിലാവുമ്പോൾ നിലവിലെ കഞ്ഞി നിലവാരത്തിലോ അതിലും താഴെയോ നിൽക്കണം എഴുത്ത്. ആ നിലവാരത്തിന്റെ മുകളിൽ ആരെങ്കിലും എത്തിപ്പോയാൽ ആസന സാഹിത്യ കാരന്മാർ അതി രഹസ്യമായി ചിറകരിഞ്ഞ്‌ അവനെ താഴെയിട്ട് തമസ്ക്കരിക്കും. നാട്ടിലുള്ള ബഹു ഭൂരിപക്ഷം അവന്മാരും പിന്തുടരുന്ന ഈ രീതി തന്നെയാണ് അമേരിക്കയിലെ മലയാള സാഹിത്യ രംഗത്തും അതി വിദഗ്ദമായി വിളവിറക്കിക്കൊണ്ടിരിക്കുന്നത് ! ഇടയ്ക്കെങ്ങാൻ അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കാലത്തിന്റെ കാവ്യ നീതി ! ജയൻ വർഗീസ്.
Sunil 2026-02-20 21:19:24
Raju mylapra, the ship which came in 1492 was such a very bad incident ? Was it unfortunate ? You cannot see any positive ? Billions of humans benefited from a country named the United States Of America. There is no comparison. The whole world became a better place because of the USA. You just highlight one or two bad racial incidents and cannot see any anything good. Raju Mylapra and Samsy Kodumannu should be thankful to God because you both got an opportunity to be in this great country called the United States of America.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക