
പത്തുപതിനെട്ടു പടികൾ കാണും. പതിനെട്ടാംപടി എന്നാണ് പണ്ട് ഞങ്ങൾ വിളിച്ചിരുന്നത്. പടികൾ കയറി അയാൾ ആ കൊച്ചു വീടിന്റെ മുറ്റത്തെത്തി. പഴയതിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല. വെട്ടുകല്ലുകൊണ്ട് പണിത് കുമ്മായം തേച്ച ആ പഴയ കൊച്ചുവീട്. ഓല മാറ്റി ഓട് മേഞ്ഞിരിക്കുന്നു. ചുറ്റും നോക്കിയിട്ട് ആരെയും കാണുന്നില്ല.
"ഇവിടാരുമില്ലേ?"
അയാൾ വിളിച്ചു ചോദിച്ചു. ഉമ്മറത്തേക്ക് ആരെയും കാണുന്നില്ല.
"ശിവരാമൻ പണിക്കാ"
അയാൾ ഉച്ചത്തിൽ വിളിച്ചു.
ഉമ്മറ വാതിൽ തുറന്ന് തലയും ശരീരത്തിന്റെ പകുതിഭാഗവും പുറത്തേക്കു നീട്ടി ജാനുപ്പണിക്കത്തി ചോദിച്ചു.
“ആരാ?”
“ഞാനാ, വടക്കേ മാളികയിലെ സുര"
“ആരാന്ന്?”
സുരേന്ദ്രനാ പണിക്കത്തി. എന്നെ മനസിലായില്ലേ?“ അയാൾ ചോദിച്ചു.
“പണിക്കൻ ആലേലൊണ്ടു് .”
ഇത്രയും പറഞ്ഞിട്ട് തലയും ശരീരവും അകത്തേക്ക് വലിച്ചു സ്ത്രീ രൂപം പെട്ടെന്ന് കതകടച്ചു.
പണിക്കത്തിക്ക് തന്നെ മനസിലായില്ലേ ആവോ? ഈ മുറ്റത്തൂടെ താൻ എത്രമാത്രം ഓടിക്കളിച്ചു നടന്നിട്ടുള്ളതാ. ഒരു ആൺതരിയില്ലാതിരുന്ന അവർക്ക് താൻ മകനെപ്പോലെ ആയിരുന്നല്ലോ.
പുരയ്ക്കു പുറകിൽ അല്പം ദൂരെയുള്ള ആലയെ ലക്ഷ്യമാക്കി അയാൾ നടന്നു. നട്ടുച്ചയിലെ ചുട്ടുപൊള്ളുന്ന വെയിൽ. ഒരു ‘കാക്കക്കിരിക്കുവാനുള്ള’ തണലുപോലുമില്ല എങ്ങും. എന്തുമാത്രം മരങ്ങളുണ്ടായിരുന്ന കൊച്ചു പറമ്പായിരുന്നു ഇത്!
അവധിക്കാലത്തു ഊഞ്ഞാല് കെട്ടുവാനുപയോഗിച്ചിരുന്ന ഒരുപാടു ശിഖരങ്ങളുള്ള വലിയ മൂവാണ്ടൻ മാവ് ഇവിടുണ്ടായിരുന്നല്ലോ.
അയാൾ ആലയുടെ മുറ്റത്തെത്തി. ആ പഴയ ആല തന്നെ. കല്ലുകൊണ്ട് പണിത നാല് തൂണിൽ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് മേഞ്ഞിരിക്കുന്നു.
ഉലയിൽ തീ ഊതുന്ന ശബ്ദം കേൾക്കാം. പത്തു പന്ത്രണ്ടു വയസു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയാണ് തീ ഊതുന്നത്. ഉലയിൽ എന്തോ ഉരുപ്പടി ചുട്ടു പഴുപ്പിക്കുവാൻ വച്ചിരിക്കുന്നു. തീപ്പൊരി മേലോട്ട് പൊങ്ങി മേൽക്കൂരയിൽ തട്ടി ചാരമായി താഴേക്ക് വീണുകൊണ്ടിരിക്കുന്നു. സുന്ദരിയായ പെൺകുട്ടിയുടെ മുഖവും മുടിയുമെല്ലാം ചാരം തൂകി വികൃതമാണ്.
“ശിവരാമൻ പണിക്കൻ എവിടാ മോളേ?” അയാൾ ചോദിച്ചു.
കുട്ടിയുടെ മുഖത്തു അപരിചിതത്വത്തിന്റെ വിറയലും വെപ്രാളവും പ്രകടമായി. നാണം മൂലം മുഖം മറയ്ക്കുവാനും ശ്രമിക്കുന്നു.
“നാണിക്യോം പേടിക്ക്യോന്നും വേണ്ട. ഞാനിവിടെ അടുത്ത് തന്നെയുള്ളൊരാളാ”.
അയാൾ പെൺകുട്ടിയുടെ പരിഭ്രമം മാറ്റുവാൻ ശ്രമിച്ചു.
“മോളുടെ പേരെന്താ?”
അയാൾ വാത്സല്യത്തോടെ ചോദിച്ചു.
“അമ്മു"
നാണത്തോടെ കുട്ടി മറുപടി പറഞ്ഞു.
“കൊച്ചമ്മിണീടെ മോള് അല്ല്യേ?”
അയാൾക്ക് നന്നായിട്ട് അറിയാവുന്നതു പോലെ ഭാവിച്ചു.
“മുത്തച്ഛനെന്ത്യേ?”
“ മുത്തച്ഛൻ കരി വരുവാ.“
ശിവരാമൻ പണിക്കൻ ഒരു കുട്ട കരിയുമായി ആലയിലേക്കു വന്നു. ദേഹമാകെ കരിപുരണ്ട് വിയർപ്പിൽ കുളിച്ചിരിക്കുന്നു. പത്തെഴുപതു വയസായ ഈ മനുഷ്യൻ ഇങ്ങനെ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അയാൾക്ക് വിഷമം തോന്നി. കരിയുടെ കുട്ട ഉലക്കരികെ വച്ചിട്ട് വയ്യായെന്ന ഭാവത്തിൽ പണിക്കൻ അവിടെ കുത്തിയിരുന്നു. അമ്മു അപ്പോഴും ഉലയിലെ തീ ഊതിക്കൊണ്ടിരുന്നു. ഉലയിൽ വച്ചിരുന്ന ‘ഉരുപ്പടി’ ചുട്ടു പഴുത്തു. പണിക്കൻ ‘കൊടിൽ’ എടുത്തു് തീക്കനൽ വകഞ്ഞുമാറ്റി ഇരുമ്പിന്റെ ‘പതം’ നോക്കി. ഇരുമ്പ് പാകത്തിന് പഴുത്തിരിക്കുന്നു. വലിയ കൊടിൽ കൊണ്ട് അതെടുത്തു ചാണക്കല്ലിൽ വച്ചിട്ട് വലിയ ചുറ്റികകൊണ്ട് ആഞ്ഞാഞ്ഞു അടിച്ചു പരത്തി. ചുറ്റിക കൊണ്ടുള്ള ഓരോ അടിയും കണ്ടാൽ ആരോടോ അരിശം തീർക്കുന്നതുപോലെ തോന്നും. അവസാനം ഉരുപ്പടി ഏതോ ഒരു രൂപത്തിലാക്കിയിട്ട് മരികയിലെ വെള്ളത്തിൽ മുക്കി തണുക്കുവാൻ വെച്ചു. എന്നിട്ട് മനസിലായില്ലല്ലോ എന്ന മട്ടിൽ തന്നെയൊന്നു നോക്കി.
മൗനം മുറിച്ചു അയാൾ ചോദിച്ചു.
“മൂത്ത പണിക്കനെന്നെ മനസിലായില്ലേ?”
മനസിലായില്ലെങ്കിലും മനസിലായത് പോലെ തല കുലുക്കി.
“ഞാൻ വടക്കേ മാളികയിലെ ….” അത്രയും പറഞ്ഞപ്പോഴേക്കും
“സുരക്കുഞ്ഞു അല്ലേ?”
പണിക്കനത് പൂർത്തിയാക്കി.
“അപ്പോൾ പണിക്കനെന്നെ മറന്നിട്ടില്ല"
“അങ്ങനെ മറക്കാൻ പറ്റുമോ? എന്തുമാത്രം ഉപ്പും ചോറും അവിടന്ന് തിന്നിട്ടുള്ളതാ. കുഞ്ഞു ദൂരെയെങ്ങാണ്ടല്ലേ? എന്നാ വന്നേ?“
“ഞാൻ വന്നിട്ട് ഒന്ന് രണ്ടാഴ്ചയായി"
“തനിച്ചേയുള്ളോ?”
അതയാൾ കേട്ടില്ലെന്നു നടിച്ചു.
“മാളിക പൊളിച്ചൂന്ന് കേട്ടല്ലോ! ഞാനിപ്പോ പൊറത്തേക്കെങ്ങും പാറില്ല. കഴിഞ്ഞാണ്ടിൽ കുഞ്ഞിന്റെ അമ്മ മരിച്ചപ്പോ അവിടെ പോയതാ. ഇനിയിപ്പോ അവിടാരുണ്ട്.”
പണിക്കൻ ദീർഘമായി നിശ്വസിച്ചു.
“ഏയ് മാളിക പൊളിച്ചൊന്നുല്യാ. മേപ്പൂര മുഴോനും ചെതല് പിടിച്ച്പോയി. കാർന്നോമ്മാരായിട്ടുള്ളതല്ലേ. കളയണ്ടാന്നു കരുതി. പോയ തടികളൊക്കെ മാറ്റി വീണ്ടും മേഞ്ഞെടുക്കാനാ. അപ്പൊ അതിനു ‘ഓടുതാങ്ങി' വേണം. പുതിയ പരിഷ്കാരങ്ങളൊക്കെ വന്നപ്പോ ഓടുതാങ്ങിയൊന്നും കടേല് വാങ്ങാൻ കിട്ടൂല്യാ. ഇവിടെ വന്നാ ചെലപ്പോ പണിക്കനുണ്ടാക്കി തരൂന്നു ആശാരിമാര് പറഞ്ഞു. അതുകൊണ്ടാ ഇങ്ങോട്ടു വന്നത്.”
“അതിനെന്താ കുഞ്ഞിനുണ്ടാക്കിത്തരാല്ലോ. ഞാനിപ്പോ ആലയിൽപ്പണിയൊക്കെ ചുരുക്കി. വയ്യാണ്ടായി. പിന്നെ പഠിച്ച പണിയല്ലേ.!ഒരു കുടുംബവും കഴിയണോല്ലോ.”
“ഇത് കൊച്ചമ്മണീടെ മോള് അല്ലേ?” അയാൾ ചോദിച്ചു.
“അതെ ഏഴിലാ. നന്നായി പഠിക്കും. പട്ടണത്തിലെ സ്കൂളില് വിടണോന്നൊക്കെ സാറമ്മാര് പറഞ്ഞു. പട്ടണത്തിലൊക്കെ വിടാൻ പറ്റുമോ! ഇടക്കൊക്കെ ഇവിടെ വന്ന് എന്നെ സഹായിക്കും.”
അയാൾ കൊച്ചമ്മണിയെ ഓർത്തു. തങ്ങൾ ഒരേ ക്ലാസിൽ ആയിരുന്നു. പഠിക്കുവാൻ അവളും മിടുക്കിയായിരുന്നു. അദ്ധ്യാപകരുടെ ചോദ്യങ്ങൾക്കെല്ലാം കൊച്ചമ്മണിയായിരുന്നു ആദ്യം ഉത്തരം പറയ്യുന്നത്. ടീച്ചർമാർക്കെല്ലാം അവളെ വലിയ ഇഷ്ടമായിരുന്നു. നല്ല ചുണക്കുട്ടി. ഏഴുവരെ തന്നോടൊപ്പം പഠിച്ചു. പിന്നെ പട്ടണത്തിലേക്ക് പോകാൻ വയ്യാഞ്ഞിട്ട് പഠിത്തം നിറുത്തി.
“ജാനു പണിക്കത്തി എന്നെ കണ്ടിട്ട് അറിഞ്ഞില്ലെന്ന് തോന്നുന്നു?”
അയാൾ ചിന്ത മാറ്റുവാനായി ചോദിച്ചു.
“കൊച്ചമ്മണീം കൂടെ പോയതിൽ പിന്നെ അവൾ ആരോടും അധികം ഉരിയാടാറില്ല. എപ്പോഴും ഒരു തരം മൗനം.“
എല്ലാം കേൾക്കാൻ ഒരാളെ കിട്ടിയത് പോലെ പണിക്കൻ വീണ്ടും തുടർന്നു.
“കോവാലൻ എന്റെ ഉടപ്പിറന്നോളുടെ മോനായിരുന്നു. അവന്റെ അച്ഛനും അമ്മേം ചെറുപ്പത്തിൽ മരിച്ചപ്പോ ഞാനവനെ ഇങ്ങു കൊണ്ടോന്നു. ആലേല് എനിക്കൊരു കൂട്ടാവൂല്ലൊന്നു കരുതി. അവന് പണിയും പഠിക്കാം. അവന്റെ മൊറപെണ്ണാർന്നല്ലൊ കൊച്ചമ്മണി. അവസാനം അവരു തമ്മില് ഇഷ്ടവും ആയി. ഞങ്ങൾ അവരുടെ കല്യാണോം നടത്തിക്കൊടുത്തു. കൊഴപ്പോല്ലാതെ അങ്ങനെ പോയിക്കൊണ്ടിരിന്നപ്പം അവന് ആനക്കമ്പം തോന്നി ആല വിട്ട് ആനേടെ പൊറകെ പോയി അവസാനം ആനക്കാരനായി. പിന്നെ കള്ളും കുടിച്ചു കാണുന്നോടൊത്തൊക്കെയായി കെടപ്പ്. എങ്കിലും കൊച്ചമ്മണിയെ ജീവനായിരുന്നു. ചെലവിന് പണവും കൊടക്കുവാർന്നു. ഒരിക്കെ പൂരേ കള്ളും കുടിച്ചിട്ട് ആനയെ പൊതിരെ തല്ലി . ആന കലി തുള്ളി കുത്തിക്കൊന്നു. കൊച്ചമ്മണി അപ്പോ ഇവളെ പത്തും തികഞ്ഞിരിക്കാർന്നു. വിവരമറിഞ്ഞ അവൾ ആർത്തലച്ചു കരഞ്ഞു. അതോടെ പ്രസവവും നടന്നു. ഇവളെ ഞങ്ങൾക്ക് തന്നിട്ട് പ്രസവത്തോടെ മരിച്ചു. അതോടെ ജാനു ഒരു ഭ്രാന്തിയെപ്പോലെയായി.”
ഓടുതാങ്ങിക്കുള്ള ഉരുണ്ട കമ്പി ഉലയിൽ ചുട്ടുപഴുത്തുകൊണ്ടിരുന്നു.
ചുട്ടുപഴുത്ത ഇരുമ്പുകമ്പി ചാണക്കല്ലിൽ വച്ച് ഊക്കോടെ അടിച്ചു പരത്തുമ്പോൾ, ഓരോ അടിയും ശിവരാമന്റെ നെഞ്ചിലേക്ക് അടിക്കുന്നത് പോലെ തോന്നി. കമ്പിയിൽ നിന്ന് തീപ്പൊരി പാറിക്കൊണ്ടിരുന്നു.
“പഞ്ചായത്തും പാർട്ടിക്കാരുമൊന്നും തുണയ്‌ക്കെത്തിയില്ലേ?” അയാൾ ചോദിച്ചു.
“പഞ്ചായത്തിൽ നിന്നും പെര ഓട് വച്ച് തന്നു. പാർട്ടിക്കാര് കൊറച്ചു കാശ് പിരിച്ചു തന്നത് അന്ന് ജാനുവിന്റെ ചികിത്സക്കായി ചെലവാക്കി. പിന്നീടാരും തുണയില്ലാതായി. ഇനിയിപ്പോ ഈ കുട്ടീടെ കാര്യാ എന്നെ അലട്ടുന്നത്.”
തണുപ്പിച്ചെടുത്ത ഓടുതാങ്ങി കടലാസിൽ പൊതിഞ്ഞു അയാളെ ഏൽപ്പിച്ചു.
“കൂലി ഞാൻ വീട്ടില് വന്ന് വാങ്ങിച്ചോളാം.”
തിരിച്ചു നടയിറങ്ങുമ്പോൾ അമ്മുവിൻറെ കുട്ടിത്തം മാറാത്ത വാടിക്കരിഞ്ഞ മുഖം അയാളുടെ ചിന്തയിൽ വന്നു. ആരോരുമില്ലാത്ത പെൺകുട്ടി. തന്റെ മകൾ മണിക്കുട്ടിയുടെ അതേ പ്രായം. മണിക്കുട്ടിയുടെ കൊഞ്ചലും ചിരിയും, താൻ അവളോടു കാണിച്ചുകൊണ്ടിരുന്ന വാത്സല്യവുമെല്ലാം ഓർത്തപ്പോൾ അയാളുടെ മനസിനു ഭാരമേറി.
നാട്ടിൽ തനിക്കൊരു അവിഹിത ബന്ധമുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നും ആരോ തന്റെ ഭാര്യ നിർമ്മലയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അതിന്റെ പേരിൽ എന്നും വാക്കു തർക്കവും വഴക്കുമായി. അവസാനം വഴി പിരിഞ്ഞപ്പോൾ കോടതിവിധി, പ്രായപൂർത്തിയാവാത്ത കുട്ടിയെ അവളുടെ മാതാവിന്റെ സംരക്ഷണയിൽ നിർത്തുവാനായിരുന്നു.
രാത്രി വളരെ വൈകിയിട്ടും അയാൾക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒച്ചിന്റെ വേഗത്തിൽ സമയം ഇഴഞ്ഞു നീങ്ങുന്ന രാത്രി. അയാൾ എഴുന്നേറ്റ് ചെന്ന് അടഞ്ഞു കിടന്ന ജനൽ അല്പം തുറന്നു. തണുത്ത കാറ്റ് മുറിക്കകത്തേക്ക് അനുവാദം കൂടാതെ തള്ളിക്കയറി. അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി. നിലാവുള്ള സുന്ദരമായ രാത്രി. കോടാനുകോടി നക്ഷത്രങ്ങൾ ആകാശത്തു പ്രസരിപ്പോടെ ജ്വലിച്ചു നിൽക്കുന്നു.
അയാൾ തിരികെ കട്ടിലിൽ വന്നു കിടന്നു. മനസ് വീണ്ടും ആലേലേക്കും അവിടെ കത്തിയെരിയുന്ന ഉലയിലേക്കും, ഉലക്കരുകിൽ മനസ്സെരിയുന്ന ശിവരാമനിലേക്കും, ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു കടുംബത്തിന്റെ ഭാരം ഏറ്റെടുക്കുവാൻ ഒരുങ്ങുന്ന അമ്മുവിലേക്കും മാറി മാറി സഞ്ചരിച്ചുകൊണ്ടിരുന്നു.
ചെയ്യാത്ത കുറ്റം ചുമത്തി തന്നെ തെറ്റുകാരനാക്കി. അതിനു പകരം വീട്ടണം. അതോടെ ഒരു കുടുംബവും രക്ഷപെടട്ടെ. അമ്മുവിനെ സ്വന്തം മകളുടെ സ്ഥാനത്തേക്ക് കൊണ്ടുവരണം. അതിനുള്ള പേപ്പറുകൾ നാളെത്തന്നെ ശരിയാക്കണം.
താഴെ ഫോൺ നിറുത്താതെ ശബ്‌ദിച്ചുകൊണ്ടിരുന്നു. സഹായി ദിനേശൻ
ഫോൺ എടുക്കുമെന്ന് കരുതി. അയാൾ നല്ല ഉറക്കമാണെന്നു തോന്നുന്നു.
താഴെ ചെന്ന് ഫോൺ എടുത്തു.
“ഹലോ ഇത് ഡാഡിയല്ലേ?”
മറുതലയ്ക്കൽ മണിക്കുട്ടി.
“എന്താ കുട്ടാ ഈ അസമയത്ത്?” അയാൾ തിരക്കി.
“ഡാഡി ഞങ്ങൾ നാളെ അങ്ങോട്ട് പുറപ്പെടുകയാ. മമ്മീടെ വഴക്കെല്ലാം മാറി. ഇനിയുള്ള കാലം നാട്ടിൽ താമസിക്കാന്നാ പറയുന്നത്.”
“പക്ഷേ മോളേ നിങ്ങൾ ഇവിടെ വരുമ്പോൾ കൂട്ടിനായി ഒരു അമ്മുക്കുട്ടി കൂടി ഉണ്ടാവും മോളുടെ ചേച്ചിയായിട്ട്. മമ്മിക്ക് അത് സമ്മതമാണോന്നറിയണം.”
“നൂറുവട്ടം സമ്മതം.”
എല്ലാം കേട്ടുകൊണ്ടിരുന്ന നിമ്മിയുടെ ഉത്തരം. എന്നിട്ട് മറ്റൊന്നും പറയാതെ അവൾ ഫോൺ താഴെ വച്ചു.
നേരം പുലരുവാൻ ഒരായിരം മണിക്കൂറുകൾ കൂടിയുള്ളതുപോലെ അയാൾക്ക് തോന്നി. ഒടുവിൽ എപ്പോഴോ നിദ്ര കീഴടക്കി. ഉണർന്നപ്പോൾ കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ അയാൾക്ക് തോന്നി.